#കേരളചരിത്രം
പാറെമ്മാക്കൽ ഗോവർണഡോർ
1893 ലെ മലങ്കര പത്രികയിൽ വന്ന ഒരു വാർത്ത കാണുക:
അങ്കമാലി മുതലുള്ള പള്ളികളുടെ ഭരണാധികാരിയായി പല്ലക്കിലേറാൻ പാറെമ്മാക്കൽ ഗോവർണദോർക്ക് അധികാരം നൽകിക്കൊണ്ടുള്ള തിരുവിതാംകൂർ സർക്കാരിൻ്റെ നീട്ട്.
റോമാ മാർപാപ്പ നിയമിച്ച കരിയാറ്റി മെത്രാൻ അദ്ദേഹം മരിക്കുന്നതിന് മുൻപ് പാറെമ്മാക്കൽ തോമാ കത്തനാരെ (1736-1799) ഗോവർണദോരായി നിയമിച്ച കാര്യം നീട്ടിൽ പറയുന്നുണ്ട്. 1787 മുതൽ 1799ൽ മരണം വരെ ഗോവർണദോരായി അദ്ദേഹം ഭരണം നടത്തി.
കേരളസഭയെ നെടുകെ പിളർത്തിയ കൂനൻ കുരിശു സത്യത്തിനു ശേഷവും സഹോദരങ്ങൾ തമ്മിലുള്ള ഭിന്നിപ്പ് അവസാനിപ്പിക്കാൻ ഇരുവശത്തുനിന്നും നിരന്തരമായ ശ്രമങ്ങൾ നടന്നിരുന്നു.
തദ്ദേശീയനായ ഒരു മെത്രാന് വേണ്ടി 1784ലെ അങ്കമാലി പള്ളിപ്രതിപുരുഷ യോഗത്തിൻ്റെ തീരുമാനപ്രകാരം
തോമാ പാറെമ്മാക്കലും ജോസഫ് കരിയാറ്റിയും നടത്തിയ ഐതിഹാസികമായ ലിസ്ബൺ, റോമാ യാത്രയുടെ മറ്റൊരു പ്രധാന ഉദ്ദേശം വിഘടിച്ച് നിൽക്കുന്ന തോമാ അർക്കാദിയോക്കനുമായി ( മാർ തോമാ ഒന്നാമൻ ) യോജിപ്പിലെത്തുന്നതിന് വേണ്ടി ഉണ്ടാക്കിയ കരാറിന് മാർപാപ്പയുടെ അംഗീകാരം നേടുക എന്നതായിരുന്നു. പക്ഷേ റോമിലുള്ള സ്വാധീനം ഉപയോഗിച്ച് വരാപ്പുഴ ലത്തീൻ മെത്രാനും കൂട്ടരും ആ ശ്രമം അട്ടിമറിച്ചു. സംഭവങ്ങളുടെ വിശദവിവരങ്ങൾ 1785ൽ പാറെമ്മാക്കൽ എഴുതിയ വർത്തമാനപുസ്ത്കം എന്ന യാത്രാവിവരണത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യങ്ങൾ നാട്ടിലെ വിശ്വാസികൾ അറിയാതെയിരിക്കാൻ പുസ്തകം അച്ചടിച്ചു വിതരണം ചെയ്യുന്നത് വരാപ്പുഴ മെത്രാൻ നിരോധിച്ചു. 1936ൽ മാത്രമാണ് അതിരമ്പുഴയിൽ നിന്ന് വർത്തമാനപുസ്തകം അച്ചടിക്കാൻ സാധിച്ചത്.
കൂനൻ കുരിശു സത്യത്തിനു ശേഷവും റോമിനോട് വിധേയത്വം പുലർത്തിയ സുറിയാനി വിഭാഗം, വിദേശമെത്രാന്മാരുടെ നുകത്തിൻ്റെ കീഴിൽ കഴിയാൻ വിധിക്കപ്പെട്ടപ്പോൾ, മറുഭാഗം സിറിയയിൽ നിന്ന് മെത്രാന്മാരെ വരുത്തി യാക്കോബായ ( ഇന്നത്തെ ഓർത്തോഡോക്സ്, യാക്കോബായ, മാർതോമാ, സീറോ മലങ്കര സഭകൾ ) സഭയായി മാറി.
തങ്ങളെ അപേക്ഷിച്ച് സുറിയാനി കത്തോലിക്കരുടെ വിഷമസ്ഥിതി വെളിപ്പെടുത്തുക എന്ന ഉദ്ദേശം കൂടി മലങ്കരപത്രിക ഒരു നൂറ്റാണ്ടു കഴിഞ്ഞ് ഈ വിഷയം ചർച്ചചെയ്യുന്നതിൽ ഉണ്ട് എന്ന് വ്യക്തം.
– ജോയ് കള്ളിവയലിൽ.
ഫോട്ടോ: gpura.org
Posted inUncategorized