#കേരളചരിത്രം
#ഓർമ്മ
നസ്രാണി സ്ത്രീകളുടെ വസ്ത്രധാരണം.
മലയാളക്കരയിലെ സുറിയാനി ക്രിസ്ത്യാനികളുടെ യഹൂദ പാരമ്പര്യം വിളിച്ചറിയിക്കുന്ന ഒന്നായിരുന്നു, ഇപ്പോൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ചട്ടയും, പുറകിൽ വിശറിപോലെ ഞൊറിഞ്ഞുടുത്ത മുറിയും, നേര്യതും.
ഒരു നൂറ്റാണ്ടു മുൻപ് സ്ത്രീകൾ വീട്ടിനു വെളിയിൽ ഇറങ്ങുമ്പോളല്ലാതെ മാറു മറക്കുന്ന പതിവില്ലായിരുന്നു.
വസ്ത്രങ്ങൾ വിലപിടിപ്പുള്ള അപൂർവവസ്തുവായിരുന്ന അക്കാലത്ത് എന്നും വസ്ത്രം മാറിയുടുക്കുന്ന പതിവ് ഇല്ലായിരുന്നു എന്നുവേണം 1893ലെ മലങ്കര ഇടവക പത്രികയിൽ വന്ന ഒരു
പ്രസ്താവനയിൽനിന്നു മനസിലാക്കാൻ.
60 വർഷം മുൻപ് എന്റെ കുട്ടിക്കാലത്തുപോലും വീട്ടിൽ ധരിച്ചിരുന്ന മുഷിഞ്ഞ വസ്ത്രങ്ങൾക്കു മുകളിൽ വേറെ വസ്ത്രം വാരിച്ചുറ്റി പള്ളിയിൽ വരുന്ന സ്ത്രീകൾ ധാരാളം ഉണ്ടായിരുന്നു.
എന്റെ വലിയമ്മ പക്ഷേ, പള്ളിയിൽ പോകാനുള്ള ഒരുക്കങ്ങൾ തലേദിവസം തന്നെ തുടങ്ങും. കുഴമ്പ് തേച്ചു മണിക്കൂറുകൾ ഇരിക്കും. സ്വർണ്ണക്കുണുക്കുകൾ അതിനുമുൻപ് അഴിച്ചു മാറ്റിവെക്കും. വിസ്തരിച്ചുള്ള കുളിക്ക് സഹായിക്കാൻ മാത്രമായി ഒരു ജോലിക്കാരി കൂടെയുണ്ട്. തൂവെള്ള മുറി (മുണ്ട് ), വിശറിപോലെ തലേദിവസം തന്നെ ഞൊറിഞ്ഞു വെപ്പിക്കും. കൈനീളമുള്ള ചട്ടയും കസവു കരയുള്ള നേര്യതും തേച്ചുവെപ്പിക്കും. പള്ളിയിൽ പോയിവരുന്നതു വരെ ജലപാനം പോലുമില്ല.
അര നൂറ്റാണ്ടു മുൻപ് കാഞ്ഞിരപ്പള്ളിയിലെ പുൽപ്പേൽ കടയിൽനിന്നും വിലക്കൂടിയ തുണി മുറിച്ചു മേടിച്ചു കൊണ്ടുവരുന്ന ഓർമ്മയുണ്ട് എനിക്ക്. എത്ര മുഴം വേണമെന്ന് കടക്കാർക്കറിയാം. നേര്യത് കോട്ടയത്തെ നെയ്ത്തുശാലയിൽ പ്രത്യേകം പറഞ്ഞു നെയ്യിക്കുന്നതാണ്.
സാരിയും ബ്ലൗസും ബ്രായും എന്റെ ഗ്രാമത്തിൽ ആദ്യമായി ധരിച്ചുതുടങ്ങിയത് ബാങ്കളൂരിൽ പഠിച്ചുവന്ന എന്റെ അമ്മയാണ്. ബ്ലൗസ് തയ്പ്പിക്കാൻ ടൈലർ കോട്ടയത്ത് മാത്രമേ അന്നുള്ളു. കോട്ടയം രാജ്മഹൽ തീയേറ്ററിന് ( ഇപ്പോൾ ആ സ്ഥാനത്ത് അനശ്വര) മുൻപിലുള്ള ചെല്ലപ്പൻചേട്ടന്റെ അടുത്തു പോകാൻ നല്ല ഉത്സാഹമായിരുന്നു. കൂട്ടത്തിൽ സിനിമയും കാണാമല്ലോ.
ഇന്നിപ്പോൾ എന്റെ പെണ്മക്കൾ സാരി ഉടുക്കുന്നത് ആണ്ടിൽ രണ്ടോ മൂന്നോ തവണ മാത്രം.
കാലമിനിയുമൊഴുകും………
ചട്ടയും മുണ്ടും കവണിയും ഇന്ന് സ്കൂൾ യുവജനോത്സവത്തിൽ മാർഗ്ഗം കളി നൃത്തമത്സരത്തിന് ഉപയോഗിക്കാനുള്ള യൂണിഫോമായി മാറി.
– ജോയ് കള്ളളിവയലിൽ.
(Photos courtesy gpura.org)
Posted inUncategorized