#ഓർമ്മ
എം എൻ സത്യാർത്ഥി
എഴുത്തുകാരനും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന എം എൻ സത്യാർത്ഥിയുടെ (1913-1998) ചരമവാർഷികദിനമാണ്
ജൂലൈ 4.
ബംഗാളി, പഞ്ചാബി, ഉർദു, ഹിന്ദി ഭാഷകളിലെ മികച്ച നോവലുകൾ ആ ഭാഷകളുടെ ചാരുത ചോർന്നുപോകാതെ മലയാളത്തിലേക്ക് വിവർത്തനംചെയ്ത സത്യാർത്ഥി മലയാളിയാണ് എന്നുപോലും പല വായനക്കാർക്കും അറിഞ്ഞുകൂടാ.
സ്വാതന്ത്ര്യസമരത്തിൽ
പങ്കാളിയായ ഏത് മലയാളിയെക്കാളും സാഹസികമായ ജീവിതകഥയാണ് സത്യാർഥിയുടേത്.
ബ്രിട്ടീഷ് പഞ്ചാബിൽ സര്ക്കാര് ഉദ്യോഗസ്ഥനായ എം കൃഷ്ണൻ്റെ മകനായി അവിഭക്ത പഞ്ചാബിലെ ലാഹോറിലാണ് ജനിച്ചത് . പതിനാലാം വയസ്സിൽ ലാഹോറിലെ നാഷണൽ കോളേജിൽ ചേർന്നെങ്കിലും സ്വാതന്ത്ര്യ സമരത്തിലേക്ക് എടുത്തുചാടുകയായിരുന്നു.
1928ൽ ലാലാ ലജപത് റായിയുടെ രക്തസാക്ഷിത്തത്തെ തുടർന്നുണ്ടായ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത സത്യാർത്ഥി ഭീകരമർദ്ദനത്തിന് വിധേയനായി. കൽക്കത്തയിലെത്തിയ ആ യുവാവ് രണ്ടുവർഷം വിപ്ലവപ്രസ്ഥാനമായ അനുശീലൻ സമിതിയുടെ സംരക്ഷണയിൽ കഴിഞ്ഞു.
പഞ്ചാബിൽ തിരിച്ചെത്തിയ സത്യാർത്ഥി
പഞ്ചാബ് ഗവർണർ ജാഫ്രഡി മോണ്ട് മോഴ്‌സി വധക്കേസിൽ അറസ്റ്റിലായി. കൂട്ടുപ്രതിയെ തൂക്കിലേറ്റി. സത്യാർത്ഥിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
ജയിലിൽ വച്ച് ഉറുദു ഭാഷയും സാഹിത്യവും പഠിച്ച് ഓണേഴ്സ് ബിരുദം നേടി. ആന്റമാൻസിലെ കുപ്രസിദ്ധമായ സെല്ലുലാർ ജെയിലേക്കു കൊണ്ടുപോകുന്ന വഴി കൽക്കട്ടയിൽ വെച്ച് രക്ഷപ്പെട്ടു.
ഒളിവിൽ കഴിഞ്ഞിരുന്ന കാലത്ത് കമ്മ്യൂണിസ്റ്റ് സഹയാത്രികനായി മാറി. 1936ൽ ഗവർണ്ണർ വധക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടു.
ഒളിവിൽ കഴിഞ്ഞിരുന്ന നേതാജി സുഭാഷ് ചന്ദ്രബോസിനെ 1941ൽ പെഷവാറിൽ നിന്നും കാബൂളിലെത്തിച്ച സംഘത്തിൽ സത്യാർത്ഥിയും ഉണ്ടായിരുന്നു.
1957ൽ കേരളത്തിൽ കമ്മ്യൂണിസറ്റ് ഗവൺമെന്റ് അധികാരത്തിൽ വന്നപ്പോൾ അദ്ദേഹം നാട്ടിലെത്തി. കോഴിക്കോട് ഒരു സ്കൂളിൽ ഉറുദു അദ്ധ്യാപകനായി. ‘ജനയുഗം’, ‘നവയുഗം’, ‘ദേശാഭിമാനി’, ‘ചിന്ത’ തുടങ്ങിയവയിൽ നിരവധി ലേഖനങ്ങളെഴുതിയിരുന്ന സത്യാർത്ഥി കാമ്പിശ്ശേരി കരുണാകരൻ്റെ പ്രേരണയിൽ ബിമൽ മിത്രയുടെ നോവൽ വിലയ്ക്ക് വാങ്ങാം എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു.
നോവൽ മലയാളികൾ കയ്യും നീട്ടി സ്വീകരിച്ചതോടെ തുടർന്ന് വിവർത്തനങ്ങൾ, ജീവചരിത്രം, ഉൾപ്പെടെ 40 പുസ്തകങ്ങൾ രചിച്ചു. ഔർ ഇൻസാൻ മർ ഗയാ എന്ന ഉർദുവിൽ എഴുതിയ നോവലും അക്കൂട്ടത്തിൽ പെടും.
ഭഗത്ത് സിംഗ് , നേതാജി തുടങ്ങിയവരുടെ ജീവചരിത്രവും എഴുതിയിട്ടുണ്ട്.
വിലയ്ക്കു വാങ്ങാം (ബിമൽ മിത്ര), നെല്ലിന്റെ ഗീതം (സാവിത്രി റോയ്), ചൗരംഗി (ശങ്കർ) തുടങ്ങിയ വിവർത്തനകൃതികൾ പ്രശസ്തമാണ്.
ഉറുദുവിൽ നിന്ന് മലയാളത്തിലേക്കുള്ള കിഷൻ ചന്ദറിന്റെ (Khwabon Ki Barat – സ്വപ്നങ്ങളുടെ ഘോഷയാത്ര) നോവലിൻ്റെ പരിഭാഷക്ക് 1992ൽ കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു. 1989ൽ സ്വാതന്ത്ര്യസമരം’ എന്ന കൃതിക്ക് വൈജ്ഞാനികസാഹിത്യത്തിനുള്ള അവാർഡും, 1996ൽ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു
കോഴിക്കോട് എം എൻ സത്യാർത്ഥി ട്രസ്റ്റ് ഏല്ലാവർഷവും നൽകിവരുന്ന എം എൻ സത്യാർത്ഥി പുരസ്‌കാരം ഈ മഹാനായ എഴുത്തുകാരൻ്റെ ഓർമ്മ നിലനിർത്തുന്നു.
കോഴിക്കോട്ട് ഒരു എം എൻ സത്യാർത്ഥി റോഡുമുണ്ട്.
പ്രധാന കൃതികൾ:
വിവർത്തനങ്ങൾ:
വിലയ്ക്കു വാങ്ങാം (ബിമൽ മിത്ര). ഇരുപതാം നൂറ്റാണ്ട്, ചൗരംഗി (ശങ്കർ). അഗ്നീശ്വരൻ
(വനഫൂൽ).
മുയലിന്റെ ലോകം (കിഷൻ ചന്ദർ). മുഷിഞ്ഞ പുടവ (രാജീന്ദ്ര സിംഗ് ബേദി). ജഹനാര.
ബീഗം ബിസ്വാസ്. പത്മാ മേഘന. നെല്ലിന്റെ ഗീതം.
ചലോ കല്‍ക്കത്ത. സ്വപ്നങ്ങളുടെ ഘോഷയാത്ര.
ജീവചരിത്രം:
പണ്ഡിറ്റ് നെഹ്റു .
മോത്തിലാൽ നെഹ്റു.
ഭഗത് സിംഗ്.
സദ്ഗുരുചരണങ്ങളിൽ നേതാജിയുടെ കഥ.
ചരിത്രം:
ഭഗത് സിംഗിന്റെ രാഷ്ട്രീയ ലക്ഷ്യം. രക്തസാക്ഷികൾ. സ്വാതന്ത്ര്യസമര ചരിത്രത്തിലെ ത്യാഗോജ്ജ്വല അദ്ധ്യായങ്ങൾ. സ്വാതന്ത്ര്യസമരം. നാവിക കലാപത്തിലെ ഇടിമുഴക്കം.
– ജോയ് കള്ളിവയലിൽ.
Posted inUncategorized