#books
#ഓർമ്മ
പറയൂ ഫാദർ ഗോൺസാലെസ്.
– ഓ വി വിജയൻ.
“………..മദിരാശിയിൽ ലിറ്ററേച്ചർ എം എയ്ക്ക് പഠിക്കുന്ന കാലം……..
ഫാദർ കുര്യാക്കോസ് ഏണേക്കാട് എൻ്റെ സഹപാഠിയായിരുന്നു. എൻ്റെ ബദ്ധശത്രുവും ആത്മമിത്രവും. കമ്മ്യൂണിസത്തെയും കത്തോലിക്കാസഭയെയും കുറിച്ച് ഞങ്ങൾ തല്ലുകൂടാത്ത ദിവസങ്ങൾ കുറയും. ( അന്നത്തെ ശത്രുനിരയിൽപ്പെട്ട മറ്റൊരാൾ ജോസഫ് പുലിക്കുന്നേൽ ആണ്. സ്റ്റാലിനെയും സോവിയറ്റ് സംവിധാനത്തേയും ചൂണ്ടിക്കാട്ടി എന്നെ തരം കിട്ടുമ്പോഴൊക്കെ ഗുണദോഷിക്കാറുള്ള കമ്മ്യൂണിസ്റ്റ് വിരുദ്ധൻ. വർഷങ്ങൾക്ക് ശേഷം അദ്ദേഹം വീണ്ടും ഗുണദോഷിക്കാൻ ഇടയായി. എൻ്റെ കമ്മ്യൂണിസ്റ്റ് വിരോധത്തെച്ചൊല്ലി! അപ്പോഴേക്ക് കത്തോലിക്കയായ ഭാര്യയും ഉണ്ടായി. ( ക്രിസ്ത്യാനികൾക്ക് ഇതിൻ്റെ പൊരുൾ മനസ്സിലാവില്ല. എന്നാൽ ഞങ്ങൾ ഹിന്ദുക്കൾക്ക് ഇത് ബാലപാഠമാണ്. മഹാമായ! )
1954- ൽ ഞാനും കുര്യാക്കോസും ബിരുദമെടുത്ത് പരസ്പരം യാത്രപറഞ്ഞു.
കാലം അതിൻ്റെ മായാദീപം കൊളുത്തി നമ്മെ മയക്കുകയും ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. ഞാൻ പല സുഹൃത്തുക്കളോടും കുര്യാക്കോസച്ചൻ്റെ വിവരമന്വേഷിച്ചു. കിട്ടിയില്ല. കാരണം പ്രസിഡെൻസി കോളെജ് റെജിസ്റ്ററിൽ അദ്ദേഹത്തിൻ്റെ പേര് ഫാദർ അഗസ്തി കുര്യാക്കോസ് എന്നായിരുന്നു. ഉയരം കുറഞ്ഞ് ചെറിയ കുടവയറോടെ ഓടിനടന്ന അദ്ദേഹം അഗസ്ത്യരൂപിയായിരുന്നുവെന്ന് ഓർക്കുമ്പോൾ ആ പേരിടലിൻ്റെ പിന്നിൽ വർത്തിച്ച ഹൈന്ദവചേതന ഏതോ കർമ്മബന്ധത്തെപ്പോലെ എന്നിൽ സ്നേഹസ്മൃതികൾ നിറയ്ക്കുന്നു. ഏണേക്കാട് എന്ന പേര് ഞാൻ കേട്ടിരുന്നില്ല. പലരോടും ഞാൻ അന്വേഷിച്ചു. ഫാദർ കുര്യാക്കോസിനെ അവരാകട്ടെ ഏണേക്കാട് അച്ചൻ എന്നേ അറിഞ്ഞിരുന്നുമുള്ളു. അങ്ങനെ അടുത്തടുത്തു കൂടി പരസ്പരം കണ്ടെത്താതെ , ഒരു പേരിൻ്റെ ഇന്ദ്രജാലത്തിൽ വഴിതെറ്റി ഞങ്ങൾ എങ്ങെല്ലാമോ നടന്നു. ഞങ്ങൾ ഇരുവരിൽ ഒരാൾ മരിച്ചു. ആരെന്ന് ഇപ്പോൾ ഓർമ്മയില്ല. സാരമില്ല. കാരണം, കമ്മ്യൂണിസ്റ്റിൻ്റെ നൈതികദാഹവും കത്തോലിക്കൻ അപ്പത്തിലും വീഞ്ഞിലും കണ്ടെത്തുന്ന സായൂജ്യവും ഒരേ പിതാവിൻ്റെ സന്നിധിയിലേയ്ക്കുള്ള സ്നേഹത്തിൻ്റെ പടവുകൾ മാത്രമല്ലോ? മൃത്യോമ അമൃതം ഗമയ. എനിയ്ക്കും ഏണേക്കാട് എന്ന അഗസ്തി എന്ന അഗസ്ത്യനും , മരണത്തിനപ്പുറത്ത് അമർത്യതയാണ്.
ഇനി, കഥ വായിക്കുക.
ഒ. വി. വിജയൻ”.
അടിക്കുറിപ്പ്:
വിജയൻ എഴുതിയ ആദ്യത്തെ കഥയാണ്
” പറയൂ ഫാദർ ഗോൺസാലസ്”.
ഇംഗ്ലീഷിൽ എഴുതാനായിരുന്നു പരിപാടി. കഥയുടെ നടുക്കുവെച്ച് , ഇംഗ്ലീഷുകാരൻ്റെ സാഹിത്യത്തിൽ ഇടപെടുന്നതിൻ്റെ അസംബന്ധമോർത്ത് അമ്പരന്നു. പിന്നെ അതേ കഥ മലയാളത്തിൽ എഴുതി ജയകേരളം വാരികയിൽ പ്രസിദ്ധപ്പെടുത്തി.
– ജോയ് കള്ളിവയലിൽ.
