#ഓർമ്മ
കെ ദാമോദരൻ.
മലയാളിയായ ആദ്യത്തെ കമ്മ്യൂണിസ്റ്റ്,
കെ ദാമോദരൻ്റെ (1912-1976) ഓർമ്മദിവസമാണ്
ജൂലൈ 3.
ബ്രിട്ടീഷ് മലബാറിൽ പൊന്നാനിയിൽ ജനിച്ച ദാമോദരൻ, 1931ൽ വിദ്യാർഥി ആയിരിക്കുമ്പോൾതന്നെ നിസ്സഹകരണപ്രസ്ഥാനത്തിൽ പങ്കുചേർന്ന് 23 മാസം ജെയിൽശിക്ഷ അനുഭവിച്ചു. കോയമ്പത്തൂർ ജയിലിൽ കഴിയുന്ന സമയത്ത് തമിഴും ഹിന്ദിയും പഠിക്കാൻ അവസരം ലഭിച്ചു.
1935ൽ സംസ്കൃതം പഠിക്കാൻ കാശി വിശ്വവിദ്യാലയത്തിൽ ചേർന്നു. അവിടെ ലാൽ ബഹാദൂർ ശാസ്ത്രി സഹപാഠിയായിരുന്നു. ഓംകാരനാഥ് ശാസ്ത്രി എന്ന സീനിയർ വിദ്യാർത്ഥിയുടെ സ്വാധീനത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി. 1934ൽ നിരോധിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അന്ന് 150 അംഗങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്.
കാശിയിലെ ജീവിതകാലത്ത് സംസ്കൃതത്തിനുപുറമെ ഉർദുവും ബംഗാളിയും പഠിച്ചു.
നാട്ടിൽ തിരിച്ചെത്തിയ ദാമോദരൻ , 1937ൽ ഇ എം എസ്, പി കൃഷ്ണ പിള്ള, എൻ സി ശേഖർ എന്നിവരോട് ചേർന്ന് കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പ് സ്ഥാപിച്ചു.
ആ വര്ഷം എഴുതി അവതരിപ്പിച്ച പാട്ടബാക്കി എന്ന നാടകം മലബാറിലെ കർഷകപ്രസ്ഥാനത്തിൻ്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും വളർച്ചയിൽ നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്.
1939ൽ ഔദ്യോഗികമായി കമ്മ്യൂണിസ്റ്റ് പാർട്ടി ഘടകം ഉണ്ടാക്കിയ അംഗങ്ങളിൽ ഒരാളാണ് ദാമോദരൻ. രാജ്യത്ത് ആകെ അന്ന് 3000 പേരാണ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾ ഉണ്ടായിരുന്നത്.
1951ൽ നിയമസഭയിലേക്കും 1957ൽ ലോക്സഭയിലേക്കും മത്സരിച്ചെങ്കിലും വിജയിച്ചില്ല. 1964 മുതൽ 1970 വരെ രാജ്യസഭാ എം പിയായി പ്രവർത്തിച്ചു.
ഉജ്വല പ്രാസംഗികനും എഴുത്തുകാരനുമായിരുന്ന ദാമോദരൻ, മനസാക്ഷി പണയംവെക്കാൻ തയാറില്ലാത്ത കമ്മ്യൂണിസ്റ്റ് ബുദ്ധിജീവി ആയിരുന്നു. അതുകൊണ്ട് തന്നെ കമ്മ്യൂണിസ്റ്റ് ചരിത്രത്തിൽ ദാമോദരന് അർഹിക്കുന്ന ഇടംകിട്ടിയിട്ടില്ല.
ഭാരതീയ തത്വചിന്ത മാർക്സിസ്റ്റ് വീക്ഷണത്തിൽ പഠിക്കാനും, നിരവധി വിലപ്പെട്ട ഗ്രന്ഥങ്ങൾ രചിക്കാൻ കഴിഞ്ഞതുമാണ്, ദാമോദരന് ചരിത്രത്തിൽ ഇടം നൽകുന്നത്.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം സംബന്ധിച്ച് ദില്ലിയിൽ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന സമയത്ത് അന്തരിച്ചു.
എം റഷീദ് എഴുതിയ ജീവചരിത്രം പുനപ്രസിദ്ധീകരിക്കപ്പെട്ടത് ദാമോദരൻ്റെ ജീവിതം വീണ്ടും ശ്രദ്ധയിൽ കൊണ്ടുവരാൻ സഹായകമായിട്ടുണ്ട്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized