#ഓർമ്മ
എം ജി രാധാകൃഷ്ണൻ.
പ്രസിദ്ധ സംഗീതജ്ഞനും ചലച്ചിത്ര സംഗീത സംവിധായകനുമായ എം ജി രാധാകൃഷ്ണൻ്റെ (1940-2010) ഓർമ്മദിവസമാണ്
ജൂലൈ 2.
കർണ്ണാടക സംഗീതജ്ഞനും നാടക പിന്നണി ഗായകനുമായിരുന്ന മലബാർ ഗോപാലൻ നായരുടെ മകനായി ഹരിപ്പാടാണ് ജനനം. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത അക്കാദമിയിൽ നിന്ന്
ഗാനഭൂഷണം പാസായി, 1962ൽ ആൾ ഇന്ത്യാ റേഡിയോയിൽ ജോലിക്ക് ചേർന്നു. ആകാശവാണിയിൽ 2000 വരെ ജോലി ചെയ്തു. രാവിലെ 7.40ന് ചെയ്തിരുന്ന ലളിതസംഗീത പാഠം എന്ന പരിപാടിയിലൂടെ രാധാകൃഷ്ണൻ ലോകമെങ്ങുമുള്ള മലയാളികളുടെ ഹൃദയം കവർന്നു. ടിവി, ഇൻ്റർനെറ്റ്, തുടങ്ങിയവ ഒന്നുമില്ലാത്ത അക്കാലത്ത് പതിനായിരക്കണക്കിന് കുട്ടികൾ പാടാൻ പഠിച്ചത് രാധാകൃഷ്ണൻ്റെ പാഠങ്ങൾ കേട്ടു പഠിച്ചാണ്. അക്കൂട്ടത്തിൽ കെ എസ് ചിത്ര, ജി വേണുഗോപാൽ, കെ എസ് ബീന, അരുന്ധതി തുടങ്ങിയ പ്രശസ്ത ഗായകരും പെടും.
ഗായകൻ ആയിട്ടാണ് ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്. ശാരികേ ശാരികേ…. തുടങ്ങി എത്രയോ മനോഹര ഗാനങ്ങൾ അദ്ദേഹം സംഭാവന ചെയ്തു. 1978ൽ അരവിന്ദൻ്റെ തമ്പ് എന്ന ചിത്രത്തിന് സംഗീതം നൽകിക്കൊണ്ട് അദ്ദേഹം ഒരു ചുവടുമാറ്റം നടത്തി. സംഗീത സംവിധായകൻ എന്ന നിലയിൽ സ്വന്തമായി ഒരിടം കണ്ടെത്തിയ എം ജി രാധാകൃഷ്ണൻ
2001ലും 2005ലും സംസ്ഥാന അവാർഡുകൾ നേടി. പക്ഷേ മണിച്ചിത്രത്താഴ് എന്ന സിനിമയിലെ ഗാനങ്ങൾക്ക് അവാർഡ് നിഷേധിച്ചതിലൂടെ അവാർഡ് നൽകുന്നതിലെ കളികൾ വെളിച്ചത്ത് വന്നത്, എം ജി രാധാകൃഷ്ണൻ എന്ന വ്യക്തിയുടെ മാഹാത്മ്യം മനസ്സിലാക്കാൻ നമ്മെ സഹായിച്ചു.
2004ൽ കേരള സംഗീതനാടക അക്കാദമിയുടെ ഫെലോഷിപ്പിന് അർഹനായി.
പ്രശസ്ത ഗായകൻ എം ജി ശ്രീകുമാർ സംഗീതജ്ഞ ഡോക്ടർ ഓമനക്കുട്ടി എന്നിവർ സഹോദരങ്ങൾ ആണ്.
– ജോയ് കള്ളിവയലിൽ.
അടിക്കുറിപ്പ്:
ഭാര്യ പത്മജ കോഴിക്കോട് റീജനൽ എൻജിനീയറിംഗ് കോളേജിൽ ഞങ്ങളുടെ പ്രിയ അധ്യാപകനും പിന്നീട് എൻ ഐ ടി ആയപ്പോൾ ഡയറക്ടറും ആയിരുന്ന എം പി സി യുടെ ( ഡോക്ടർ എം പി ചന്ദ്രശേഖരൻ) ഇരട്ട സഹോദരിമാരിൽ ഒരാളാണ്.
Posted inUncategorized