#ഓർമ്മ
പി കേശവദേവ്.
കേശവദേവിൻ്റെ ( 1904- 1983) ഓർമ്മദിവസമാണ്
ജൂലൈ 1.
പോയ നൂറ്റാണ്ടിലെ ഏറ്റവും മികച്ച എഴുത്തുകാരിൽ ഒരാളായ കേശവദേവ് ജനിച്ചത് വടക്കൻ പറവൂരിലെ കെടാമംഗലം ഗ്രാമത്തിലാണ്. കടുത്ത ദാരിദ്ര്യത്തിൽ വളർന്ന കേശവപിള്ള, ചെറുപ്പത്തിൽതന്നെ സമൂഹത്തിലെ അനീതികൾക്കെതിരെ പ്രതികരിച്ചുതുടങ്ങി. ജീവിതകാലം മുഴുവൻ പ്രതിഷേധശബ്ദം ഉയർത്തിയ ദേവിൻ്റെ ആത്മകഥയുടെ പേര് തന്നെ എതിർപ്പ് എന്നാണ്.
കേശവപിള്ള എന്ന പേര് ആര്യസമാജത്തിൻ്റെ സ്വാധീനത്തിൽ കേശവദേവ് എന്നാക്കി മാറ്റി.
കോൺഗ്രസുകാരനാ യി തുടങ്ങി കമ്മ്യൂണിസ്റ്റ് ആയ ദേവ്, ആലപ്പുഴയിൽ കയർ തൊഴിലാളികളെ സംഘടിപ്പിച്ച് തിരുവിതാംകൂറിലെ ആദ്യത്തെ തൊഴിലാളി യൂണിയൻ്റെ സെക്രട്ടറിയായി. പിന്നീട് അദ്ദേഹം കമ്മ്യൂണിസ്റ്റ് വിരുദ്ധനായി മാറി.
വിവിധ പത്രസ്ഥാപനങ്ങളിൽ പ്രവർത്തിച്ചശേഷം 1956ൽ ആകാശവാണിയുടെ നാടകവിഭാഗത്തിൽ ചേർന്നു. ആദ്യഭാര്യ ഗോമതിഅമ്മയുമായി പിരിഞ്ഞു. പിന്നീട് തന്നേക്കാൾ അനേകവർഷങ്ങൾ ഇളപ്പമായ സീതാലക്ഷ്മിയെ വിവാഹം ചെയ്തത് സമൂഹത്തിൽ കോളിളക്കം സൃഷ്ടിച്ച സംഭവമാണ്. ദേവ് അറസ്റ്റ് ചെയ്യപ്പെട്ടു. ജോലിയും നഷ്ടപ്പെട്ടു.
ഒരു നൂറ്റാണ്ട് മുൻപത്തെ സാമൂഹ്യജീവിതത്തിൻ്റെ പരിഛേദമാണ് അയൽക്കാർ എന്ന നോവൽ.
കേരളസമൂഹത്തെ ഇളക്കിമറിച്ച നോവലാണ് ഓടയിൽ നിന്ന്. ചലച്ചിത്രമായപ്പോൾ സത്യൻ തൻ്റെ അതുല്യമായ അഭിനയത്തിലൂടെ റിക്ഷാക്കാരൻ പപ്പുവിനെ അനശ്വരനാക്കി.
– ജോയ് കള്ളിവയലിൽ.
Posted inUncategorized