സ്മൃതി പർവ്വം

#books

സ്മൃതി പർവം.

കാലങ്ങളായി നിലനിന്നിരുന്ന ആയുർവേദ വൈദ്യശാസ്ത്രമാണ് ഒരു നൂറ്റാണ്ടു മുൻപു വരെ മലയാളികളുടെ ആരോഗ്യസംരക്ഷണത്തിൽ മുഖ്യപങ്ക് വഹിച്ചിരുന്നത്.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ വരവോടെ ആയുർവേദം പിൻനിരയിലായി.
വരേണ്യവർഗത്തിന്റെ മാത്രം ചികിത്സകരായി അഷ്ടവൈദ്യന്മാർ മാറി . സാധാരണക്കാർക്ക് ആശ്രയം പാരമ്പര്യ നാട്ടുവൈദ്യന്മാരാ യിരുന്നു.
വൈദ്യപഠനം ആധുനികരീതിയിൽ ചിട്ടപ്പെടുത്തി, ആയുർവേദം ഒരു ചികിത്സാരീതി എന്നനിലയിൽ കേരളത്തിനകത്തും പുറത്തും പ്രശസ്തമാക്കിയത് ആര്യവൈദ്യൻ പി എസ് വാര്യരും അദ്ദേഹം സ്ഥാപിച്ച കോട്ടക്കൽ ആര്യവൈദ്യശാലയുമാണ്.
ഐക്യകേരളം കാണാൻ അദ്ദേഹം ജീവിച്ചിരുന്നില്ല.
1956 മുതൽ, പി എസ് വാര്യർ സ്ഥാപിച്ച സ്ഥാപനങ്ങൾ നയിക്കാനും, ചികിത്സ ലോകമാസകലമുള്ള രോഗികൾക്ക് എത്തിക്കാനുമുള്ള നിയോഗം മരുമകനായ പി കെ വാര്യർക്കാണ് ലഭിച്ചത്. ആ നിയോഗം അദ്ദേഹം സ്തുത്യർഹമായി നിർവഹിച്ചു .
ഇന്ന് രാജ്യത്തെ ഉന്നതന്മാരുടെ ഒരു നീണ്ടനിര എല്ലാവർഷവും കോട്ടക്കലിലെത്തുന്നു. മരുന്നുകൾ ലോകം മുഴുവൻ കയറ്റിയയക്കപ്പെടുന്നു.
പതിറ്റാണ്ടുകൾ നീണ്ട ആ സപര്യയുടെ വിവരണമാണ് “സ്മൃതി പർവ്വം”.
കോട്ടക്കൽ പ്രദേശം സാമൂതിരി കോവിലകത്തിന്റെ താവഴിയുടെ മൂലസ്ഥാനമാണ്. ഡോക്ടർ വാര്യരുടെ സ്മരണകൾ കോട്ടക്കലിൻ്റെ ചരിത്രം കൂടിയാണ്.
പി കെ വാര്യർ ചെറുപ്പത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവപ്രവർത്തകനാ യിരുന്നു എന്നത് കൗതുകകരമായ അറിവാണ്.
എനിക്ക് സന്തോഷം തന്ന ഒരറിവ് കോഴിക്കോട് എൻജിനീയറിങ് കോളേജിൽ എന്റെ അധ്യാപകനായിരുന്ന പ്രമുഖ പരിസ്ഥിതിപ്രവർത്തകൻ കൂടിയായ ഡോക്ടർ എ അച്യുതൻ, ബന്ധുവും കുറേക്കാലം വൈദ്യശാല ട്രസ്റ്റ് അംഗവുമായിരുന്നു എന്നതാണ്.
അവിശ്വാസിയെയും ആയുർവേദത്തിലും, ചികിത്സയിലും, വിശ്വാസിയാക്കാൻ പ്രാപ്തമായ രചനയാണ്, വേറിട്ട ഈ ഗ്രന്ഥം.
ഈ ലോകത്ത് നൂറു വർഷങ്ങൾ പൂർത്തിയാക്കി വിടപറഞ്ഞ ഡോക്ടർ പി കെ വാര്യർ ( 1921-2021), തീർച്ചയായും നവകേരളശില്പികളിൽ ഒരാളായി വാഴ്ത്തപെടേണ്ട വിശിഷ്ട വ്യക്തിത്വമാണ്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *