#books
ഓ വി വിജയൻ്റെ ലേഖനങ്ങൾ.
“അദ്ദേഹം ( എം കെ മേനോൻ എന്ന വിലാസിനി ) ‘ഖസാക്കിന്റെ ഇതിഹാസ’ത്തെക്കുറിച്ച് രണ്ടു വിലമതിച്ച അറിവുകൾ എനിക്ക് നേടിത്തന്നു. ഒന്ന്, ഇതിഹാസം ഒരു ദാർശനിക നോവലല്ല എന്ന്.
രണ്ട്, അതൊരു കാർട്ടൂൺ കഥയാണെന്ന്.
…….. ഇതിഹാസം ദാര്ശനികമല്ലെന്നു പറയുന്നതിൽ എനിക്കൊട്ടും ആക്ഷേപമില്ല. ഞാൻ ഒരു ദാർശനിക നോവൽ എഴുതാൻ ശ്രമിച്ചിട്ടുമില്ല. ഒരു പ്രാഥമിക അധ്യാപകന്റെയും പാലക്കാട്ടിലെ പരുക്കന്മാരായ ഈഴവരുടെയും റാവുത്തന്മാരുടെയും പണിക്കന്മാരുടെയും പണ്ടാരന്മാരുടെയും അപ്പുക്കിളി എന്ന ഒരു പൊട്ടന്റെയും അസ്തിത്വ പ്രതികരണങ്ങളിൽക്കവിഞ്ഞ ദാര്ശനികത ഖസാക്കിന് ഞാൻ അവകാശപ്പെട്ടിട്ടില്ല.
ദർശനശാസ്ത്രഗ്രന്ഥങ്ങൾ ഞാൻ പഠിച്ചിട്ടില്ലെന്നതാണ് സത്യം. വായിക്കാൻ വയ്യാഞ്ഞിട്ടല്ല, വൈമനസ്യം കൊണ്ട്. ദർശനശാസ്ത്രഗ്രന്ഥങ്ങൾ ഒരുപാട് എന്റെ വീട്ടിലുണ്ട്. ദർശനശാസ്ത്രം സർവകലാശാലയിൽ പഠിപ്പിക്കുന്ന ഒരു വ്യക്തിയും. എന്നാൽ, അക്കാദമിക്ക് ദർശനശാസ്ത്രത്തിൽ താല്പര്യമോ അതു വായിച്ച് വശമാക്കാനുള്ള ക്ഷമയോ എനിക്കില്ല. എന്റെ അറിവുകൾ സംഭാഷണത്തിലൂടെ നേടിയവയായിരുന്നു. ( ചിന്തയിലൂടെ സ്ഫുടം വെച്ചവ എന്ന് പറയുന്നത് ഓദ്ധത്യമാകുമല്ലോ ). എന്റെ ഗുരുക്കന്മാരാകട്ടെ യാദൃശ്ചികമായി കണ്ടുമുട്ടിയവരും.
വര്ഷങ്ങള്ക്കുശേഷം ഞാൻ ‘ഗുരുസാഗര’ത്തിൽ എഴുതിയതുപോലെ, ഓരോ മനുഷ്യസമ്പർക്കത്തിലും ഗുരു അന്തർലീനനാണ്. ഓരോ മൂകനും അവന്റെ കർണ്ണമന്ത്രം നമ്മിലേക്ക് സംക്രമിപ്പിച്ചുകൊണ്ട് തീരോഭവിക്കുന്നു.
ദർശനശാസ്ത്രത്തിലെ എന്റെ ആദിഗുരു വേണു എന്ന ഒരു റെയിൽവേ ജീവനക്കാരനായിരുന്നു. ഞാൻ അന്ന് പുസ്തകം വായിക്കാത്ത കോളേജ് വിദ്യാർത്ഥിയും, വേണു സതേൺ റെയിൽവേയിൽ പച്ചയും ചുവപ്പും കൊടികൾ കാട്ടുന്ന ഒരു ഗാർഡുമായിരുന്നു. ഒരു ദിവസം യാദൃച്ഛികമായി ഷോപ്പൻഹവറിനെക്കുറിച്ച് വേണു എന്നോടു സംസാരിച്ചു. ആ പേര് ഞാൻ അന്ന് ആദ്യമായി കേൾക്കുകയായിരുന്നു. റാൻഡം ഹൌസ് പ്രസിദ്ധപ്പെടുത്തിയ ഷോപ്പൻഹവറുടെ ഗ്രന്ഥം വേണുവിന്റെ കൈവശമുണ്ടായിരുന്നു. ‘രണ്ടു നിശബ്ദതകളുടെ നടുക്കു സംഭവിക്കുന്ന അനാവശ്യമായ ഒരു അസ്വാസ്ഥ്യമാണ് ജീവിത’മെന്ന ഷോപ്പൻഹവറുടെ വചനം വേണു എനിക്കായി അന്നുദ്ധരിച്ചത് ഞാനോർക്കുന്നു. പച്ചനിറത്തിലുള്ള കാലിക്കോവിൽ പൊതിഞ്ഞ ആ പുസ്തകത്തെ സ്പര്ശിച്ചതോർക്കുന്നു . തന്റെ ദർശനം ജീവിതത്തിലൂടെ, ആല്മഹത്യയിലൂടെ സാർത്ഥകമാക്കിയ ഷോപ്പൻഹവരുടെ ആത്‌മാവിനെ ഞാൻ സ്പർശിച്ചിരിക്കണം. ഷോപ്പൻഹവറുടെ ഗ്രന്ഥങ്ങളൊന്നുംതന്നെ ഞാൻ പിന്നീട് വായിച്ചില്ല. എന്നാൽ, അന്ന് വേണുവിലൂടെ എന്നിലേക്ക് സംക്രമിച്ച ഷോപ്പൻഹവറുടെ കർണ്ണമന്ത്രം ഈ വർഷങ്ങളിലൂടെയത്രയും എന്നെ അലട്ടുകയും, അപാരമായ ഒരു ഗ്രന്ഥാവലിയുടെ ലക്ഷാർച്ചനയായി എന്നിൽ പെരുകി നിറയുകയും ചെയ്തു” .
– ഒ വി വിജയന്റെ ലേഖനങ്ങൾ.
(ജൂലൈ 2 – ഒ വി വിജയന്റെ ജന്മവാർഷികദിനമാണ് ).
– ജോയ് കള്ളിവയലിൽ.
Posted inUncategorized