ഡയാന രാജകുമാരി

#ഓർമ്മ

ഡയാന രാജകുമാരി.

ഡയാന രാജകുമാരിയുടെ (1961-1997) ജന്മവാർഷികദിനമാണ്
ജൂലൈ 1.

ഇരുപതാം നൂറ്റാണ്ടിൽ, ലോകജനത ഇത്രയേറെ ആരാധിച്ച ഒരു സൗന്ദര്യധാമം വേറെയുണ്ടാവില്ല.
ഇംഗ്ലണ്ടിലെ നോർഫോക്കിൽ പ്രഭുകുടുംബത്തിലാണ് ഡയാന ഫ്രാൻസെസ് സ്പെൻസർ ജനിച്ചത്. പിൽക്കാലത്ത് ഭർത്താവായ ചാൾസ് രാജകുമാരൻ്റെ ( പിന്നീട് രാജാവ്) അനുജന്മാരായ ആൻഡ്രൂവും എഡ്വേർഡുമായിരുന്നു കളിക്കൂട്ടുകാർ. സ്വിറ്റ്സർലൻഡിലാണ് പഠിച്ചത്.
കിരീടാവകാശിയായ വെയിൽസ് രാജകുമാരനുമായുള്ള വിവാഹം ലോകം മുഴുവൻ ടെലിവിഷനിൽ കണ്ട മഹോത്സവമായിരുന്നു.
ഡയാനയെ വിവാഹം ചെയ്ത് രണ്ട് ആൺകുട്ടികൾ ഉണ്ടായെങ്കിലും ചാൾസിൻ്റെ സ്നേഹം മുഴുവൻ തൻ്റെ കാമുകിയോടായിരുന്നു. പ്രായത്തിൽ ഭാര്യയുമായി ഉണ്ടായിരുന്ന വലിയ അന്തരവും, ചാൾസിൻ്റെ അവിശ്വസ്തതയും, ഡയാനയുടെ ജീവിതം ദുരിതപൂർണമാക്കി.
1996ൽ ചാൾസും ഡയാനയും പിരിഞ്ഞു.
തുടർന്ന് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുഴുകിയ ഡയാനയെ ലോകം നെഞ്ചോട് ചേർത്തു സ്നേഹിച്ചു. അവസാനം 1997ൽ പരീസിൽ വെച്ച് പത്രക്കാരിൽ നിന്ന് രക്ഷപ്പെടാനായി സുഹൃത്ത് ഡോഡിയുമൊത്ത് പോകവേ ഡയാന കാറപകടത്തിൽ കൊല്ലപ്പെട്ടു.
മദർ തെരേസയുടെ ശവസംസ്കാരത്തെക്കാൾ കൂടുതൽ ആളുകൾ ഡയാനയുടെ അന്ത്യയാത്ര കാണാൻ താല്പര്യപ്പെട്ടു എന്നത് അവരുടെ ജനപ്രീതി വെളിവാക്കി.
സംസ്കാരച്ചടങ്ങുകൾക്കിടയിൽ എൽട്ടൻ ജോൺ ആലപിച്ച Candle in the wind എന്ന ഗാനം മൂന്നുകോടി കോപ്പികൾ വിറ്റഴിഞ്ഞ, ലോകത്തിലെ ഏറ്റവും ജനപ്രീതി നേടിയ ഗാനങ്ങളിൽ ഒന്നായി മാറി.
അനേകം പുസ്തകങ്ങളും ടി വി സീരിയലുകളും ഡയാന എന്ന സ്വപ്നസുന്ദരിയുടെ ഓർമ്മ ഇന്നും നിലനിർത്തുന്നു.
2021 ജൂലൈ 1ന് മക്കൾ രണ്ടുപേരും ചേർന്നാണ് ലണ്ടനിലെ കെൻസിംഗ്ടൻ ഉദ്യാനത്തിൽ ഡയാനയുടെ പ്രതിമ അനാവരണം ചെയ്തത്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *