#ഓർമ്മ
പൊയ്കയിൽ അപ്പച്ചൻ.
പൊയ്കയിൽ അപ്പച്ചൻ്റെ (1879-1939)
ചരമവാർഷികദിനമാണ്
ജൂൺ 29.
ദളിത് വിമോചന പ്രസ്ഥാനമായ പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ( PRDS) സ്ഥാപകൻ എന്ന നിലയിലാണ് അപ്പച്ചൻ എന്ന ശ്രീകുമാര ഗുരുദേവൻ ചരിത്രത്തിൽ ഇടംനേടിയത്.
തിരുവല്ല ഇരവിപേരൂരെ ശങ്കരമംഗലം എന്ന ജന്മി കുടുംബത്തിൻ്റെ അടിമകളായ ഒരു പറയ കുടുംബത്തിലാണ് ജനിച്ചത്. അക്കാലത്തെ പതിവനുസരിച്ച് ജന്മിയുടെ മതമായ മാർത്തോമാ ക്രിസ്ത്യാനി വിഭാഗത്തിൽ ആ കുട്ടിയും ഉൾപ്പെട്ടു. യോഹന്നാൻ എന്ന പേരും നൽകപ്പെട്ടു.
പ്രാഥമികവിദ്യാഭ്യാസം നേടാൻ അത് സഹായകമായി.
വളരെ വേഗം ബൈബിളിൽ പാണ്ഡിത്യം നേടിയ യോഹന്നാൻ ഒന്നാന്തരം പ്രസംഗകനും പാട്ടുകാരനുമായി മാറി. യോഹന്നാൻ ഉപദേശി എന്നറിയപ്പെട്ട അദ്ദേഹം പിന്നീട് മാർതോമാ സഭ വിട്ട് ബ്രദറൻ സമൂഹത്തിൽ അംഗമായി നാലുവർഷം പ്രവർത്തിച്ചു.
ക്രിസ്ത്യാനിയായിട്ടും ദളിതൻ എന്ന നിലയിൽ ഉച്ചനീചത്തങ്ങൾക്ക് വിധേയനാണ് എന്നത് ക്രിസ്തുമതം ഉപേക്ഷിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. തൻ്റെ ജനതയുടെ ചരിത്രം ഒരിടത്തും കാണുന്നില്ല എന്ന് അദ്ദേഹം വിലപിച്ചു.
പൊയ്കയിൽ അപ്പച്ചൻ്റെ യോഗങ്ങൾക്ക് ആയിരങ്ങൾ പങ്കാളികളാകാൻ തുടങ്ങി. 1909ൽ ബൈബിൾ കത്തിച്ചു എന്ന കേസിൽ കോടതിയിൽ ഹാജരായ അപ്പച്ചൻ താൻ പ്രത്യക്ഷ രക്ഷാ ദൈവസഭ എന്ന പുതിയ സമൂഹത്തിൻ്റെ ഗുരുവും ദൈവവുമാണ് എന്ന് സ്വയം പ്രഖ്യാപിച്ചു.
1921ലും 1931ലും തിരുവിതാംകൂർ ജനപ്രതിനിധി സഭയായ ശ്രീമൂലം പ്രജാസഭയിലേക്ക് അദ്ദേഹം നാമനിർദേശം ചെയ്യപ്പെട്ടു.
മരണമടയുമ്പോഴേക്കും തിരുവിതാംകൂറിൽ ഉടനീളം പി ആറ് ഡി എസ് ശാഖകൾ സ്ഥാപിക്കപ്പെട്ടു കഴിഞ്ഞിരുന്നു.
ഇന്ന് അര ലക്ഷം അംഗങ്ങൾ ഉള്ള, സ്വന്തം നിയമാവലി അനുസരിച്ച് പ്രവർത്തിക്കുന്ന, ഒരു പ്രത്യേക മതവിഭാഗമാണ് PRDS. ഇരവിപേരൂർ ആണ് ആസ്ഥാനം.
ദളിതരിലെ ഉപജാതികൾ തമ്മിലുള്ള വിവാഹബന്ധം സഭ പ്രോത്സാഹിപ്പിക്കുന്നു. കോടതി വിധിപ്രകാരം
പൊയ്കയിൽ അപ്പച്ചൻ്റെ ഭാര്യ ജാനമ്മയും കുടുംബവുമാണ് സഭയുടെ അനന്തരാവകാശികൾ
– ജോയ് കള്ളിവയലിൽ.
Posted inUncategorized