എസ് ബി കോളെജ്

#കേരളചരിത്രം

എസ് ബി കോളേജ്
ചങ്ങനാശ്ശേരി.

ശതാബ്ദി ആഘോഷിച്ച ഉന്നത വിദ്യാഭ്യാസസ്ഥാപനമാണ് എസ് ബി.

1922 ജൂണ് 19നാണ് ചങ്ങനാശ്ശേരി പാറേൽ പള്ളിയുടെ ഹോളിൽ സെന്റ് ബെർക്മാൻസ് കോളെജ് ആരംഭിച്ചത്. ഇന്ത്യക്കാർ കേട്ടിട്ടില്ലാത്ത ഒരു യൂറോപ്പുകാരൻ വിശുദ്ധൻ അങ്ങനെ കേരള ചരിത്രത്തിൻ്റെ ഭാഗമായി.

പ്രഥമ ഇന്റർമീഡിയറ്റ് കോഴ്സിനുതന്നെ 120 വിദ്യാർത്ഥികൾ ചേർന്നു. അതിലൊരാളായ പ്രൊഫസർ വി വി ജോൺ ഗോരഖ്പൂർ യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ പദവിവരെ ഉയർന്നു.
കേരളത്തിലെ കത്തോലിക്കാ സമുദായത്തിന്റെ വക രണ്ടാമത്തെ കോളേജാണ് എസ്ബി.( തൃശ്ശൂർ സെന്റ് തോമസ് കോളേജ് ആണ് ആദ്യത്തേത്).

തിരുവിതാംകൂറിലെ മാർതോമാ ക്രിസ്ത്യാനികൾക്ക് സ്വന്തമായി ഒരു കോളേജ് എന്നത് സുറിയാനി കത്തോലിക്കരുടെ നേതാവായിരുന്ന നിധീരിക്കൽ മാണിക്കത്തനാരുടെ ഒരു ചിരകാലസ്വപ്നമായിരുന്നു. നാട്ടുകാരനായ ഒരു മെത്രാൻ ഉണ്ടായെങ്കിൽ മാത്രമേ അത് സാധ്യമാവൂ എന്ന് ആ മഹാന് ഉറപ്പുണ്ടായിരുന്നു. അതിനായുള്ള ദീർഘകാലത്തെ അശ്രാന്തപരിശ്രമത്തിന്റെ ഫലമായി 1887ൽ മാർപാപ്പ സുറിയാനി കത്തോലിക്കർക്ക് മാത്രമായി കോട്ടയം, തൃശ്ശൂർ അപ്പോസ്ത്തോലിക്ക് വികാരിയത്തുകൾ സ്ഥാപിച്ചു.
നാട്ടുകാരനായ മെത്രാൻ എന്ന ആഗ്രഹം പക്ഷേ സഫലമായില്ല. ഫ്രഞ്ച് ജെസ്യൂട്ട് സന്യാസിയായ ചാൾസ് ലെവീഞ്ഞ് ആണ് കോട്ടയം മെത്രാനായി നിയമിതനായത്.
1888 മെയ് മാസത്തിൽ ഇന്ത്യയിലെത്തിയ ലെവിഞ്ഞ് മാന്നാനം കേന്ദ്രമാക്കി ഭരണമാരംഭിച്ചു. മാണിക്കത്തനാർ വികാരി ജനറലായി നിയമിതനായി.

കോട്ടയത്ത് അന്നുണ്ടായിരുന്ന കോട്ടയം കോളേജ് ( പിന്നീട് സി എം എസ് കോളേജ് ) ബ്രിട്ടീഷ് പ്രൊട്ടസ്റ്റന്റ് മിഷനറിമാരുടെ നിയന്ത്രണത്തിലായിരുന്നു. സുറിയാനി കത്തോലിക്കർ, യാക്കോബായക്കാർ ( പിന്നീട് മാർതോമ, യാക്കോബായ, ഓർത്തഡോൿസ്‌ സഭകളായി ഭിന്നിച്ചു ) എന്നിവരെ ഒന്നിപ്പിച്ചു കോളേജ് തുടങ്ങാനാണ് മാണിക്കത്തനാർ ശ്രമിച്ചിരുന്നത്. അതിനായി നസ്രാണി ജാത്യ ഐക്യസംഘം സ്ഥാപിച്ചു. സ്വന്തം സ്വത്തുക്കൾ വിറ്റ് കോട്ടയത്ത് സ്ഥലവും വാങ്ങി.
പക്ഷേ അന്യ സഭക്കാരുമായി സഹകരിച്ചു കോളേജ് തുടങ്ങുക എന്ന ആശയത്തോട് യുറോപ്പിലെ കത്തോലിക്കാ – പ്രൊട്ടസ്റ്റന്റ് വൈരം കണ്ടുവളർന്ന ലെവിഞ്ഞ് മെത്രാന് സമ്മതമായില്ല. ആ ആശയം മുളയിലേ നുള്ളിക്കളയുക എന്ന ഉദ്ദേശത്തോടെ 1890ൽ തന്റെ ആസ്ഥാനം തന്നെ അദ്ദേഹം കോട്ടയത്ത് നിന്ന് ചങ്ങനാശ്ശേരിയിലേക്ക് മാറ്റി.
വിദ്യാഭ്യാസരംഗത്ത് വളരെ പിന്നോക്കം നിന്നിരുന്ന കത്തോലിക്കാ സമുദായത്തിനായി അദ്ദേഹം ചങ്ങനാശ്ശേരി സെന്റ് ബെർക്കമാൻസ് സ്കൂൾ ഉൾപ്പെടെ നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങൾ ആരംഭിച്ചു.
കോളേജ് എന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ സാധിച്ചത് പിൽക്കാലത്ത് ചങ്ങനാശ്ശേരി മെത്രാനായ മാർ തോമസ് കുര്യാളശേരിക്കാണ്.
കഴിഞ്ഞ ഒരു നൂറ്റാണ്ട് കൊണ്ട് മധ്യകേരളത്തിലെ ഏറ്റവും പ്രശസ്‌തമായ വിദ്യാഭ്യാസസ്ഥാപനമായി വളരാൻ എസ് ബി കോളേജിന് കഴിഞ്ഞിട്ടുണ്ട്. എം പി പോൾ, ഉലഹന്നൻ മാപ്പിള, സി എ ഷേപ്പേർഡ് തുടങ്ങി സ്കറിയ സക്കറിയ വരെയുള്ള നൂറുകണക്കിന് അധ്യാപകശ്രേഷ്ടരുടെ ശിക്ഷണത്തിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ അവിടെ പഠിച്ചിറങ്ങി ലോകത്തിന്റെ എല്ലാകോണുകളിലും കേരളത്തിന്റെ കീർത്തി പരത്തുന്നു. അവരിൽ പി ടി ചാക്കോ, എ എ റഹിം, കെ എം ചാണ്ടി, ഉമ്മൻ ചാണ്ടി തുടങ്ങിയ ഭരണാധികാരികൾ, പ്രേംനസീർ മുതൽ കുഞ്ചാക്കോ ബോബൻ വരെയുള്ള സിനിമാതാരങ്ങൾ, സുപ്രീംകോടതി ജഡ്ജി സിറിയക്ക് ജോസഫ്, ഉൾപ്പെടെയുള്ള നിയമവിദഗ്ദ്ധർ, കർദിനാൾ ആലഞ്ചേരി തുടങ്ങി സാമൂഹ്യ, ശാസ്ത്ര, സാഹിത്യ ലോകത്തെ നിരവധി പ്രമുഖർ എല്ലാമുണ്ട്.
2014ൽ ഒട്ടോണമസ് പദവി ലഭിച്ച എസ് ബി ഇന്ന് നിരവധി ബിരുദ, ബിരുദാനന്തര, ഗവേഷണ വിഷയങ്ങൾക്കുള്ള ഏറ്റവും പ്രശസ്‌തമായ വിദ്യാഭ്യാസകേന്ദ്രമാണ്.
അടിക്കുറിപ്പ്:
എന്റെ പിതാവിന്റെ ആദ്യത്തെ കോളേജ് എന്ന നിലയിൽ എസ് ബി എനിക്കും പ്രിയങ്കരമാണ്. ഫാദർ വില്ല്യം, പ്രൊഫസർ സി എ ഷെപ്പേർഡ്, പ്രൊഫസർ പി വി ഉലഹന്നൻ മാപ്പിള തുടങ്ങിയ അധ്യാപകരെ അപ്പൻ ദൈവതുല്യരായാണ് ബഹുമാനിച്ചിരുന്നത്.
എൻ്റെ വിവാഹത്തിന് മാപ്പിള സാർ അയച്ച 4 പേജുള്ള ആശംസ 2018 ലെ പ്രളയത്തിൽ നഷ്ടപ്പെട്ടു.
എണ്ണിയാൽ തീരാത്ത പൂർവവിദ്യാർത്ഥികൾ എന്റെ സഹപാഠികളും സഹപ്രവർത്തകരുമായുണ്ട്.
എസ് ബിക്ക് തുല്യം എസ് ബി മാത്രം.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *