പാലായിലെ ആദ്യത്തെ പെട്രോൾ പമ്പ്

#കേരളചരിത്രം

പാലായിലെ ആദ്യത്തെ പെട്രോൾ പമ്പ്.

ഒരു പാലാക്കാരൻ അയച്ചുതന്ന ഫോട്ടോ അതുസംബന്ധിച്ച് ചില അന്വേഷണങ്ങൾ നടത്താൻ എനിക്ക് പ്രേരകമായി.

കള്ളിവയലിൽ , കുരുവിനാക്കുന്നേൽ കുടുംബങ്ങൾ ബ്രിട്ടീഷ് കമ്പനിയായ മോട്ടോർ ട്രാൻസ്‌പോർട് കമ്പനി വാങ്ങിയശേഷം പാലായിലെ പെട്രോൾ പമ്പിന്റെ കൈമാറ്റ സമയത്ത് എടുത്ത ഫോട്ടോയാണ് .

നടുവിൽ കെ സി എബ്രഹാം ( പാപ്പൻ, തലപ്പാവ് ധരിച്ചയാൾ), കള്ളിവയലിൽ, കെ എം ജോർജ് ( വർക്കിച്ചൻ )
കള്ളിവയലിൽ, ഇടത്തുനിന്ന് രണ്ടാമത് , തോമസ് ജോസഫ് ( തൊമ്മച്ചൻ കോളഭാഗം ) കുരുവിനാക്കുന്നേൽ ( വർക്കിച്ചൻ്റെ അമ്മയുടെ സഹോദരപുത്രനും , മൈക്കിളിൻ്റെ ഭാര്യാസഹോദരനും) നാലാമത് മൈക്കിൾ കള്ളിവയലിൽ ( ഇരുവരുടെയും മധ്യത്തിൽ ), ടി വി ഏബ്രഹാം ( അവിരാച്ചൻ) തറപ്പേൽ ( പാപ്പൻ്റെ ഭാര്യാസഹോദരൻ്റെ പുത്രൻ)
തുടങ്ങിയവരാണ് ഫോട്ടോയിൽ.

പഴയ തിരുവിതാംകൂറിലെ കോട്ടയം ജില്ലയിലെ ( ഇന്നത്തെ ഇടുക്കി, എറണാകുളം ജില്ലയിലെ തൊടുപുഴ താലൂക്ക് എന്നിവ കൂടി ഉൾപ്പെട്ട ) പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിതരണശൃംഖല ഏതാണ്ട് മുഴുവനായും ബ്രിട്ടീഷ്കാരുടെ കുത്തകയായിരുന്നു.
ഹൈറേഞ്ചിലെ തോട്ടങ്ങൾക്ക് ഇന്ധനമെത്തിക്കുക എന്നതായിരുന്നു പ്രധാന വരുമാനമാർഗം.
സായിപ്പൻമാർ ഇന്ത്യ വിട്ടപ്പോൾ ആ വ്യവസായം ഏറ്റെടുത്തത് പ്രശസ്തനായ പ്ലാൻ്റർ കള്ളിവയലിൽ പാപ്പൻ്റെ മക്കളായ അബ്രാഹം ( അപ്പി) , മൈക്കിൾ ( അപ്പച്ചൻ), മൈക്കിളിൻ്റെ ഭാര്യാസഹോദരൻമാരായ കുരുവിനാക്കുന്നേൽ തൊമ്മച്ചൻ, മാത്തച്ചൻ എന്നിവരാണ്.

ബർമ്മ ഓയിൽ കമ്പനി ( ബി ഒ സി ) പിൽക്കാലത്ത് കേന്ദ്ര സർക്കാർ ഏറ്റെടുത്തു. ഭാരത് പെട്രോളിയം ലിമിറ്റഡ് (ബി പി എൽ ) ആയി.

പുതിയ ഉടമകൾ പക്ഷേ പെട്രോളിയം വ്യാപാരരംഗത്ത് തുടരാൻ താൽപര്യം കാണിച്ചില്ല.
പാലായിലെ പമ്പ് ടി വി എബ്രഹാം ( അവിരാച്ചൻ ) തറപ്പേൽ വിലയ്ക്ക് വാങ്ങി.
മുണ്ടക്കയത്തെ പമ്പ് പാപ്പൻ്റെ പുത്രൻ എബ്രഹാം കള്ളിവയലിൽ (അപ്പി ) മകളുടെ ഭർത്താവായ ജോർജ് സ്കറിയ ( ബാബു ) പൊട്ടംകുളത്തിനു കൈമാറി.
കോട്ടയം കളക്ടറേറ്റിന് മുൻപിലുള്ള ഔട്ട്ലെറ്റ് തൊമ്മച്ചൻ കുരുവിനാക്കുന്നേലിന്റെ ഉടമസ്ഥതയിലായിരുന്നതും പിന്നീട് കച്ചവടം ചെയ്തു.
പീരുമേട് കുട്ടിക്കാനത്തെ പമ്പ് മൈക്കിൾ കള്ളിവയലിൽ
വിറ്റു.
പമ്പിൻ്റെ പുറകിലുള്ള വിശാലമായ സ്ഥലം തന്റെ കാർഷിക ഗോഡൗൺ ആക്കി മാറ്റി. പിന്നീട് ആ സ്ഥലം മരിയൻ കോളേജ് ആരംഭിക്കാനായി കാഞ്ഞിരപ്പള്ളി ബിഷപ്പിനു സംഭാവന ചെയ്തു.

– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *