അടുക്കള അര നൂറ്റാണ്ടു മുൻപ്

#കേരളചരിത്രം

അടുക്കള അരനൂറ്റാണ്ട് മുൻപ്.
– Geetha Madhu

കൊക്കരക്കോ കേട്ടുണരുന്ന കാലത്തെക്കുറിച്ച് ഞാൻ മുൻപ് വിവരിച്ചിരുന്നു. എന്നാൽ അത് കേട്ടു മാത്രമല്ല ഞങ്ങളുടെ ഒരു ദിവസം ആരംഭിച്ചിരുന്നത്. “നേരം വെളുക്കുമ്പോൾ തന്നെ മോനേ… ” എന്നൊരു വിളിയുണ്ട്. സാധാരണ ആ ഒരു വിളിയിൽ ചേട്ടൻ എഴുന്നേൽക്കും . പിന്നാലെ ഞങ്ങളേയും എഴുന്നേല്പിക്കും. ഇനി ആ വിളിയിൽ എഴുന്നേറ്റില്ലെങ്കിൽ അടുത്തത് “മോനേ മണി …” . (സമയം പറയും) ആയി എന്നാകും. യഥാർത്ഥ സമയത്തേക്കാൾ അല്പം കൂട്ടിയാകും പറയുക. അതിലും എഴുന്നേറ്റില്ലെങ്കിൽ “മോനേ… മിനി… ഗീതേ..” എന്നാകും വിളി.

അപ്പൂപ്പൻ്റെതാണ് ഈ അലാറം . ഇതു കേട്ട് ഞങ്ങൾ മാത്രമല്ല മിക്കവാറും അടുത്ത വീട്ടിലെ സുനിൽ ചേട്ടനും അനിക്കുട്ടൻ ചേട്ടനും ഉണർന്നു കഴിയും. അപ്പൂപ്പൻ്റെ അലാറം അത്ര ശക്തിയുള്ളതാണ്. രാവിലെ ഉണർന്ന് പഠിക്കണമെന്നതാണ് വീട്ടിലെ ചിട്ട.

രാവിലെ തന്നെ വീട്ടിലെ അണ്ടാവും കുട്ടകവും ചരുവവും (കുത്തുപ്പോണി ) എല്ലാം തമ്മിൽ കശപിശ കൂടുന്ന കാലമായിരുന്നു. ഇന്നത്തെപ്പോലെ പ്ലാസ്റ്റിക് ബക്കറ്റും മഗ്ഗും ഒന്നും കുളിമുറിയിൽ കാണുന്ന കാലമല്ലല്ലോ. കുളിമുറിയിൽ വെച്ചിട്ടുള്ളത് കുട്ടകമാണ്. അതിൽ വെള്ളം നിറച്ചു വെച്ചേക്കും. Toilet എന്ന ആംഗലേയ പദമൊന്നും കടന്നു വരാത്ത കാലം. ‘കക്കൂസ്’ എന്ന പദം മാത്രം നാം പറഞ്ഞുശീലിച്ച കാലം. അതും ഇന്നത്തെപ്പോലെ വീടിനകത്ത് ചിന്തിക്കുകയേ വേണ്ട, എന്തിന് വീടിനോട് ചേർന്നും പറ്റില്ല. പിന്നെയോ പുറത്ത് അല്പം അകലെയായിരിക്കും മിക്ക വീടുകളിലും. ‘മറപ്പുര’ എന്നും പറയും. അതിനുള്ളിൽ വെള്ളം എടുക്കാനുള്ള പൈപ്പും ഉണ്ടാകില്ല. വെള്ളം പാത്രത്തിൽ കോരി കൊണ്ടുപോകണം. അതാണ് സിറ്റിയ്ക്കകത്തെ പഴയ കാലം. സിറ്റിക്കു പുറത്ത് വെളിപ്രദേശങ്ങളെ ആശ്രയിക്കുന്നവരും ഉണ്ടായിരുന്നു. അക്കാലത്താണ് നേരം വെളുക്കുമ്പോൾ തന്നെ പാത്രങ്ങൾ കലപില കൂടുന്നത്.

കാലത്തേ തന്നെ അമ്മൂമ്മ വിറകടുപ്പ് കത്തിക്കാനുള്ള ശ്രമത്തിലാണ്. തലേദിവസത്തെ ചാരം വാരുകയാണ് ആദ്യ ജോലി. രാത്രി അണച്ചിട്ട അടുപ്പിൽ ചൂടാറിക്കിടക്കുന്ന ചാരം കാലത്താണ് വാരുന്നത്. അതിനായി ഒരു ചിരട്ടത്തവിയും പൊട്ടിയ ഒരു ചട്ടിയും വെച്ചിട്ടുണ്ട്. ചാരം വാരി പുറത്ത് വിറകുപുരയുടെ അടുത്ത് കൊണ്ട് ഇടും. അവിടെ, പല ദിവസങ്ങളിലെ ചാരം നിക്ഷേപിച്ച്‌, ഒരു കൂമ്പാരം ചാരം കാണും. ചാരം വരുമ്പോൾ പറക്കാതെ സൂക്ഷിക്കണം. ഇല്ലെങ്കിൽ അത് തലയിലും പുറത്തും പറ്റിയിരിക്കും. മൂക്കിൽ കയറിയാൽ പറയുകയും വേണ്ട. ഈ ചാരം ആയിരുന്നു അന്നത്തെ ഡിഷ് വാഷ് എന്ന് പറഞ്ഞാൽ അതിശയോക്തിയില്ല. അത് തന്നെയാണ്.

വിറകടുപ്പ് കത്തിക്കുന്നത് അത്ര എളുപ്പമൊന്നുമല്ല. എന്നാലും നിത്യാഭ്യാസി ആനയെ എടുക്കും എന്നു പറഞ്ഞതുപോലെ തീകൂട്ടി ശീലിച്ച അമ്മൂമ്മക്കൈകൾ അത് വിദഗ്ദമായി നിർവ്വഹിക്കും. അല്പസ്വല്പം പുകയെല്ലാം വരും. പുക മാറ്റാൻ തീയൂതുന്ന ഒരു കുഴലും അന്ന് എല്ലാ വീട്ടിലേയും ഒരു ആയുധമാണ്. . പിന്നെയങ്ങോട്ട് പാകം ചെയ്യലായി.

വിറകടുപ്പിനോട് ചേർന്ന് ഒരു കൊടിയടുപ്പ് കൂടി കാണും. പ്രധാന അടുപ്പിലെ തീ പാഴായിപ്പോകാതെ കൊടി അടുപ്പ് നിന്നു കത്തും. വെള്ളം തിളപ്പിക്കുക തുടങ്ങിയ ചെറിയ പാചകങ്ങൾ ഈ അടുപ്പിൽ അനായാസം സാധ്യമാകും.

അരി വേവിച്ച് ചോറ് പാകമായി കഴിഞ്ഞാൽ അത് വെള്ളം വാർത്തെടുക്കണം. അതിന് ‘ചിപ്പിലി’ വെച്ച് അടച്ച് ‘വാലയിടുക’ എന്നൊരു പരിപാടിയുണ്ട്. അങ്ങനെയാണ് ചോറ് വാർത്ത് എടുക്കുന്നത്

ചിരവയിൽ തേങ്ങ ‘തിരുകൽ’ കഴിഞ്ഞാൽ അമ്മിയും കുഴവിയും ചേർന്ന് അതിനെ ‘അരപ്പാ’ക്കുകയായി. അതു കഴിയുമ്പോൾ അമ്മൂമ്മയുടെ വക ശകാരമായി. “അമ്മിക്കട കെടക്കണ കെട കണ്ടില്ലേ ” അമ്മിക്കട അറിയാത്ത മലയാളികൾ കുറവായിരിക്കും . എല്ലായിടവും അങ്ങനെയാണോ പറയുന്നതെന്നറിയില്ല. അമ്മിയുടെ കടയ്ക്കലുള്ള ഭാഗം . അത് വൃത്തിയാക്കുന്നതാണ് അരയ്ക്കുന്നവരുടെ ഐശ്വര്യം എന്നാണ് ചൊല്ല്. ‘അമ്മിക്കട’ വൃത്തിയായിരിക്കുന്നത് ഐശ്വര്യലക്ഷണം.

അന്ന് അടുക്കളയിൽ അമ്മിക്ക് സ്ഥാനമില്ലായിരുന്നു. അമ്മി അടുക്കളക്ക് പുറത്തായിരുന്നു. അതിന് പറഞ്ഞുകേട്ടത് അടുപ്പും അമ്മിയും തമ്മിൽ പിണക്കമാണ് , അവർ തമ്മിൽ നേർക്കുനേർ കാണാൻ പാടില്ലെന്ന്. ഇന്ന് അഥവാ സ്ഥലപരിമിതിയുണ്ടെങ്കിൽ പോലും അടുക്കളയിൽ അമ്മി ഇടേണ്ടി വന്നാൽ
അടുപ്പിനും അമ്മിക്കും ഇടയിൽ ഒരു സ്ലാബ് കൊണ്ട് വേർതിരിച്ച് കാണുന്നതിൻ്റെ കാരണം അതാണ്.

ഈയടുത്ത കാലത്ത് ഒരു വിദ്വാൻ പറഞ്ഞുകേട്ടു , പണ്ട് അമ്മായിയമ്മപ്പോര് ഉണ്ടായിരുന്ന കാലമല്ലേ, അമ്മായിയമ്മ അടുപ്പത്ത് പാചകം ചെയ്യുമ്പോൾ മരുമകൾ അമ്മിയിൽ അരയ്ക്കുകയായിരിക്കും. ആ സമയത്തെങ്കിലും ‘തിരുമോന്തകൾ’ തമ്മിൽ കാണാതിരിക്കാനാണ് ഇത്തരം കണ്ടുപിടിത്തങ്ങൾ പഴയ കാരണവന്മാർ ഉണ്ടാക്കി വെച്ചതെന്ന്…! അതിൽ നിന്നുമാണ് ” അമ്മായിയമ്മയെ അമ്മീമേൽ വെച്ചിട്ട് മറ്റൊരു കല്ലോണ്ടു നാരായണ നമ:’ എന്ന ചൊല്ലുവന്നതെന്നും..!

അമ്മി പുരാണം ഇതുകൊണ്ട് തീർന്നില്ല. അമ്മിയിൽ അരയ്ക്കുന്നതു തന്നെ ഒരു കലയാണ്. അധികം അരയേണ്ടാത്തതിനെ ചായ്ച്ചെടുക്കാൻ പറയും. നന്നായി അരയണമെങ്കിൽ മഷി പോലെ അരയ്ക്കാൻ പറയും. എന്നിട്ട് എല്ലാം ഒന്ന് ‘കുഴവി’ കൊണ്ട് ഒതുക്കി ഉരുള ഉരുട്ടി മാറ്റി, അല്പം വെള്ളം ചേർത്ത് കുഴവി ഉയർത്തി അതിലെ അരപ്പുൾപ്പെടെ സത്ത് കഴുകി എടുക്കുന്നതും ഒരു കല തന്നെയാണ്.

അടുക്കളയിൽ അടുപ്പ് വെച്ചിരിക്കുന്ന ഉയർന്ന ഭാഗത്തിന് പറയുന്നത് ‘പാതാമ്പുറം’ ,’പാദകം’ എന്നെല്ലാമാണ്. അടുപ്പിൽ പാകം ചെയ്യാൻ പാകത്തിന് ഒരാളുടെ അരയ്ക്കൊപ്പം പൊക്കത്തിലാണ്
പാതാമ്പുറം ഉണ്ടാക്കുന്നത് . അതിൻ്റെ അടിഭാഗം ആർച്ച് ആകൃതിയിൽ ചെയ്ത് അവിടെയാണ് തീ പിടിപ്പിക്കാനുള്ള ചുള്ളിക്കമ്പും തേങ്ങയും മറ്റും സൂക്ഷിച്ചിരുന്നത്. കൊച്ചുനാളിൽ പലപ്പോഴും ഈ പാതാമ്പുറത്ത് ഒരറ്റത്ത് കയറിയിരുന്നായിരുന്നു ഭക്ഷണം കഴിച്ചിരുന്നത് .
പാതാമ്പുറത്ത് കയർ കൊണ്ടുള്ള തിരുവ(തിരികകൾ വച്ചിട്ടുണ്ട്. അന്ന് ചട്ടിയും കലവും ‘തട്ടിയും മുട്ടിയും’ കഴിയുന്ന കാലമാണേ. ഇന്നത്തെപ്പോലെ നോൺസ്റ്റിക്ക് കുക്ക് വെയറും, പ്രഷർ കുക്കറും ഒന്നുമില്ല. ചട്ടിയിലും കലത്തിലും മറ്റും ഉണ്ടാക്കുന്ന വേവിച്ച ഭക്ഷണസാധനങ്ങൾ വാങ്ങി വെയ്ക്കുന്നത് ഈ തിരുവ മേലാണ്. തലയിൽ ഭാരം വെയ്ക്കുന്നതിനുള്ള തിരുവ(തിരിക)കളാണ് ചുമ്മാടുകൾ എന്നറിയുന്നത്.

തിരുവയും തീയൂതുന്ന കുഴലും മാത്രമല്ല, ഒരു ഉപ്പുമരവയും പാതാംപുറത്തെ സ്ഥിരം അംഗമാണ്. ചിരട്ടത്തവി, മൺകലം, ഇവയെല്ലാം ആവശ്യാനുസരണം വന്നുപോകും. കൂട്ടത്തിൽ മുറത്തെയും വട്ടിയേയും ഒന്നും മറന്നിട്ടില്ല കേട്ടോ. മിക്കവാറും വീടുകളിൽ പാതാമ്പുറത്ത് ഒരു ചിമ്മിനി വിളക്കും കാണാം. അതിൽ തീ പിടിപ്പിച്ചാണ് അടുപ്പ് കത്തിക്കുന്നത്.

പാതാമ്പുറത്തിലിരുന്ന് മുകളിലെ ഉത്തരത്തിലേക്ക് നോക്കിയാൽ ഒരറ്റത്ത് ഒരു ഉറി തൂങ്ങുന്നത് കാണാം. ഈ ഉറിയിൽ കാണുന്ന കലത്തിലാണ് പാല് ഉറ ഒഴിച്ചുവയ്ക്കുന്നത്. അടുത്ത ദിവസത്തേക്കുകൂടി എടുക്കാവുന്ന ഭക്ഷണപദാർത്ഥങ്ങൾ മിക്കവാറും ഉറിയിൽ സൂക്ഷിക്കാറുണ്ട്. രണ്ടോ മൂന്നോ കലങ്ങൾ സാധാരണ ഒരു ഉറിയിൽ കാണും.

അടുപ്പിലെ പുകയും കരിയും അടിഞ്ഞ് അടുപ്പിൻ്റെ മുകളിലെ ഭാഗത്ത് എണ്ണമയമുള്ള ഒരു കരി കട്ടപിടിച്ച് വരും. ഇതിനെ ‘പുകയറ’ (പോയാറ) എന്നാണ് പറയുന്നത് . ഈ പുകയറ എടുത്ത് മുറിവിന് മരുന്നായി ഉപയോഗിക്കാറുണ്ട്.

ഇനി ഉറിയിൽ ഉറഞ്ഞ തൈര് മത്തുപയോഗിച്ച് കടഞ്ഞ് വെണ്ണ എടുക്കുന്ന പതിവും അന്നുണ്ടായിരുന്നു.

മത്ത് ഇന്ന് കാണാനേയില്ല. ഒരു തടിപ്പിടിയുടെ അറ്റത്ത് വെട്ടോടു കൂടിയ മരക്കട്ട എന്നു തോന്നുന്ന ആകൃതിയുള്ള ഉപകരണം. തൈര് ഒരു പാത്രത്തിലെടുത്ത് മത്ത് വെച്ച് നല്ല വേഗത്തിൽ കറക്കും. അപ്പോൾ വെണ്ണ മുകളിൽ തെളിഞ്ഞു വരും. അത് എടുത്തുമാറ്റി ഉപയോഗിക്കുകയും വെണ്ണ മാറ്റിയ തൈര് മോരാക്കുകയും പതിവായിരുന്നു . അന്ന് മോരില്ലാത്ത ദിവസങ്ങൾ വിരളമായിരുന്നു. മിച്ചം വരുന്ന ചോറും വെള്ളമൊഴിച്ച് പഴങ്കഞ്ഞിയാക്കാനായി ഉറിയിൽ സൂക്ഷിക്കുക പതിവായിരുന്നു. അന്ന് ഫ്രിഡ്ജ് ഇല്ലാത്ത കാലമായതിനാൽ ഭക്ഷണം കേടുകൂടാതിരിക്കാനാണ് ഇത്തരം രീതികൾ.

അന്നത്തെ ഡൈനിംഗ് ടേബിൾ സെറ്റ് ഒരു പഴയ മേശയും ബെഞ്ചുമായിരുന്നു.

പിന്നെ പറയാനുള്ളത് വീട്ടിലെ ചീനഭരണിയാണ്. രണ്ടു മൂന്നു ചീനഭരണികൾ ഉണ്ടായിരുന്നു. അതിൽ കണ്ണിമാങ്ങ ഉപ്പിലിട്ടു വെയ്ക്കുന്ന പതിവുണ്ടായിരുന്നു. അതിനാൽ മാങ്ങാഭരണി എന്നാണറിയപ്പെട്ടിരുന്നത്.

അമ്മിക്കല്ലിനെപ്പോലെ തന്നെ അക്കാലത്ത് വീടുകളിൽ പ്രാധാന്യം അർഹിച്ചിരുന്ന മറ്റൊരു ഇരട്ടക്കൂട്ടുകെട്ടാണ് ആട്ടുകല്ലും കുഴവിയും.

അരിയും ഉഴുന്നും ആട്ടുക , കൊഴുക്കട്ടക്ക് ആട്ടുക, തുടങ്ങി ഇന്ന് ഗ്രൈൻറർ ഉപയോഗിച്ച് ചെയ്യുന്ന പ്രവൃത്തികളാണ് അന്ന് ആട്ടുകല്ല് ഉപയോഗിച്ച് ചെയ്തിരുന്നത്. ആട്ടുകല്ല് ഉപയോഗിച്ച് ചെയ്യുന്ന പ്രവൃത്തിയെ ‘ആട്ടുക’ എന്നാണ് പറഞ്ഞിരുന്നത്. ഒരാൾ മാത്രമായും രണ്ടുപേർ ചേർന്നും ആട്ടാറുണ്ടായിരുന്നു. രണ്ടുപേർ ചേർന്ന് ആട്ടുന്നത് കാണാൻ രസമായിരുന്നു. ഒരാൾ കുഴവി തിരിച്ച് ആട്ടുമ്പോൾ മറ്റേ ആൾ മാവ് നീക്കിയിടും. ഒരാൾ മാത്രമാണ് ചെയ്യുന്നതെങ്കിൽ ഇടംകൈ കുഴവി തിരിക്കുമ്പോൾ വലംകൈ മാവ് നീക്കിയിടും. ഇതെല്ലാം അക്കാലത്ത് ഒരു നിത്യസംഭവം ആയിരുന്നു

ഇനി ഉരലും ഉലക്കയും പൊടിക്കാനുള്ളവയാണെ. ഉരലില്ലാത്തവർ ആട്ടുകല്ലിനെയും ആശ്രയിക്കും. ‘തിരുവ’ക്കല്ലെന്ന മറ്റൊരു പ്രമാണി കൂടിയുണ്ട് .തിരുമ്മി പൊടിക്കുവാൻ. മിക്സിയുടെ പല ജാറുകൾ കാണിക്കുന്ന മാജിക്കുകളെല്ലാം ഈ പഴമക്കാർക്കും പരിചിതമായിരുന്നു.

ഇന്ന് മിക്സി അമ്മിക്കല്ലിനേയും, ഗ്രൈൻഡർ ആട്ടുകല്ലിനേയും മാറ്റി സ്ഥാപിച്ചെങ്കിലും നാടോടുമ്പോൾ നടുവേ ഓടാതെ നിർവ്വാഹമില്ലാത്ത ഇന്നത്തെ തലമുറക്ക് എന്നും നാക്കിൻ തുമ്പിലെ രുചി പഴമയുടെ രുചി തന്നെയല്ലേ..?

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *