#ഓർമ്മ
മുൻഷി പരമുപിള്ള.
മുൻഷി പരമുപിള്ളയുടെ (1894- 1962) ഓർമ്മദിവസമാണ്
ജൂൺ 16.
1940കൾ മുതലുള്ള രണ്ടു പതിറ്റാണ്ട് മലയാള നാടക, സിനിമാ, പത്രപ്രവര്ത്തകരംഗത്തെ സജീവസാന്നിധ്യമായിരുന്നു മുൻഷി പരമുപിള്ള എന്ന എം കെ പരമേശ്വരൻ പിള്ള.
അടൂരിൽ ജനിച്ച മുൻഷി, ഈ വി കൃഷ്ണപിള്ളയുടെ അയൽവാസിയും സന്തതസഹചാരിയുമായിരുന്നു. 7ആം ക്ലാസ്സ് കഴിഞ്ഞു അധ്യാപകനായതോടെ മുൻഷി എന്ന പേര് വീണു.
മലയാളത്തിലെ ഏറ്റവും ജനപ്രീതി നേടിയ കുറെ നാടകങ്ങൾ മുൻഷി രചിച്ചവയാണ്. സുപ്രഭ, ആറടി മണ്ണ്, തിരിച്ചടി, കള്ളൻ ഞാനാ, തുടങ്ങിയ നാടകങ്ങൾ നൂറുകണക്കിന് വേദികളിൽ നിറഞ്ഞ സദസ്സിന് മുന്നിൽ അവതരിക്കപ്പെട്ടവയാണ്.
മലയാളസിനിമയിലെ ആദ്യകാല കഥാകൃത്താണ് മുൻഷി. പക്ഷിരാജ ഫിലിംസ്, തമിഴിലും മലയാളത്തിലും നിർമ്മിച്ച പ്രസന്ന എന്ന ചിത്രത്തിന്റെ മലയാള തിരക്കഥ മുൻഷിയാണ് എഴുതിയത്. കരുണാനിധി സംഭാഷണം എഴുതിയ തമിഴ് സൂപ്പർഹിറ്റ് സിനിമ, മനമകളിന്റെ കഥ, മുൻഷിയുടെ രചനയാണ്.
മലയാള പത്രപ്രവർത്തനരംഗത്തും മുൻഷി തിളങ്ങി. സരസൻ മാസികയിൽ മുൻഷി എഴുതിയിരുന്ന വിമർശനങ്ങൾ ദിവാൻ സർ സി പിയുടെ ഉറക്കം കെടുത്താൻ തക്കവയായിരുന്നു.
മൂന്നു വിവാഹം ചെയ്ത മുൻഷിയുടെ രണ്ടാം ഭാര്യ രത്നമയീദേവിയുടെ മകനാണ് വിദേശകാര്യ സെക്രട്ടറിയായിരുന്ന ജെ എൻ ദീക്ഷിത്ത്. മുൻഷിയുടെ, വെറും 15 വയസ്സ് മാത്രമുള്ള വിദ്യാർത്ഥിനിയുമായുള്ള വിവാഹം ഒരു ദുരന്തമായിരുന്നു. നാടുവിട്ട് ഗാന്ധിജിയുടെ പക്കൽ അഭയം തേടിയ രത്നമയീദേവി, പിന്നീട് എസ് എൻ ദിക്ഷിതിനെ വിവാഹം ചെയ്തു. ലളിതാംബിക അന്തർജനത്തിന്റെ പ്രസിദ്ധ നോവലായ അഗ്നിസാക്ഷിയിലെ യോഗിനി, രത്നമയിയാണ് എന്നാണ് പറയപ്പെടുന്നത്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized