#ഓർമ്മ
എം എഫ് ഹുസൈൻ.
അന്താരാഷ്ട്ര തലത്തിൽ ഏറ്റവും പ്രശസ്തരായ കലാകാരന്മാരിൽ പ്രമുഖനായ എം എഫ് ഹുസൈൻ്റെ (1915-2011) ചരമവാർഷികദിനമാണ്
ജൂൺ 9.
ബ്രിട്ടീഷ് ഇന്ത്യയിൽ, ഇന്നത്തെ മഹാരാഷ്ട്രയിലെ പന്ധർപൂറിൽ ഒരു ബോഹ്റ മുസ്ലിം കുടുംബത്തിൽ ജനിച്ച മക്ബൂൽ ഫിദ ഹുസൈൻ, ബോംബെയിലെ ജാംഷെഡ്ജി ജീജിബോയ് ( ജെ ജെ) സ്കൂൾ ഓഫ് ആർട്സ് നിന്നാണ് ചിത്രരചന പഠിച്ചത്. ഹിന്ദി സിനിമാ പോസ്റ്ററുകൾ വരച്ചാണ് തുടക്കം.
1980കൾ ആയപ്പോഴേക്കും ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിലക്ക് വിൽക്കപ്പെടുന്ന പെയിൻ്റിങ്ങുകൾ ഹുസൈൻ വരക്കുന്നവയായി. ഒറ്റ രചനക്ക് മാത്രം അനേക കോടികൾ പ്രതിഫലം കിട്ടും.
ഒരു വിഷയത്തെ മാത്രം ആസ്പദമാക്കി ചിത്രപരമ്പര വരക്കുന്നത് ഹുസൈൻ്റെ പ്രത്യേകതയായിരുന്നു. ഗാന്ധി, മദർ തെരേസ, രാമായണം, മഹാഭാരതം, തുടങ്ങിയ പരമ്പരകൾ പ്രസിദ്ധമാണ്. നടി മാധുരി ദീക്ഷിതിനെ പ്രതീകമാക്കി ഗജഗാമിനി എന്ന സിനിമ 2000ൽ ഹുസൈൻ സംവിധാനം ചെയ്തു.
കേരളത്തെ സ്നേഹിച്ചിരുന്ന ഹുസൈൻ ഇവിടത്തെ കാഴ്ചകൾ ആസ്പദമാക്കി അനേകം രചനകൾ നടത്തിയിട്ടുണ്ട് . 1986ൽ രാജ്യസഭാ എം പി യായി നാമനിർദേശം ചെയ്യപ്പെട്ട ഈ വിശ്രുത കലാകാരന് പദ്മഭൂഷൺ ബഹുമതിയും ലഭിച്ചിട്ടുണ്ട്.
1976ൽ വരച്ച ഒരു പെയിൻ്റിംഗിൽ ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിച്ചു എന്നു പറഞ്ഞു ഹിന്ദുവർഗ്ഗീയ ശക്തികൾ 2006ൽ വലിയ പ്രതിഷേധം ഉയർത്തി. ജീവന് ഭീഷണി ഭയന്ന് ഖത്തറിലേക്ക് താമസം മാറ്റേണ്ടിവന്ന ഹുസൈൻ, ലണ്ടനിൽ വെച്ച് നിര്യാതനായി.
– ജോയ് കള്ളിവയലിൽ.
Posted inUncategorized