#ചരിത്രം
രാമയ്യൻ ദളവ.
തിരുവിതാംകൂർ നാട്ടുരാജ്യത്തിൻ്റെ ശില്പി എന്നാണ് 1729 മുതൽ 1758 വരെ രാജാവായിരുന്ന മാർത്താണ്ഡവർമ്മ വിശേഷിപ്പിക്കപ്പെടുന്നത്.
എന്നാൽ 1737 മുതൽ 1756 വരെ ദളവ ആയിരുന്ന രാമയ്യൻ ഇല്ലായിരുന്നെങ്കിൽ തിരുവിതാംകൂർ ഉണ്ടാകുമായിരുന്നില്ല.
വേണാട്ടരചനെ തിരുവിതാംകൂർ ഭൂപതിയാക്കിയത് രാമയ്യൻ എന്ന ദരിദ്രബ്രാഹ്മണനാണ്.
രാമയ്യൻ രാജാവിൻ്റെ സേവകനായതിൻ്റെ പിന്നിൽ ഒരു കഥയുണ്ട്.
ഇളയിടത്തു സ്വരൂപത്തിലെ രാജഗുരുവും സംസ്കൃതപണ്ഡിതനുമായിരുന്ന സുബ്രഹ്മണ്യശാസ്ത്രികളുടെ സഹോദരിയായിരുന്നു രാമയ്യന്റെ അമ്മ.
ഒരിക്കൽ ശാസ്ത്രികൾ മഹാരാജാവിനെ മുഖം കാണിക്കാൻ പോയപ്പോൾ ഭാഗിനേയനെയും ഒപ്പംകൂട്ടി. മുറിയിൽ കത്തിക്കൊണ്ടിരുന്ന നിലവിളക്കിന്റെ തിരി മങ്ങിയിരിക്കുന്നത് ബാലനായ രാമയ്യൻ ശ്രദ്ധിച്ചു. അയാൾ പെട്ടെന്ന് വിളക്കിനടുത്തെത്തി ഒരു പുതിയ തിരി കൊളുത്തി ഇടതുകൈയിൽ പിടിച്ചുകൊണ്ട് മങ്ങിക്കത്തിക്കൊണ്ടിരുന്ന തിരിയുടെ അഗ്രം ശരിയാക്കി. നിലവിളക്കിലെ തിരി കൈകൊണ്ട് അങ്ങനെ ചെയ്തുകൂടാ. അതുകൊണ്ട് ആ തിരി മാറ്റി ഇടതുകൈയിലെ തിരി വലതുകൈയിലാക്കി ഭക്തിപൂർവ്വം വിളക്കിൽ വെച്ചു. അതുകഴിഞ്ഞ് വന്നതുപോലെ തന്നെ നിശ്ശബ്ദനായി അമ്മാവന്റെ പിന്നിലേക്കു മാറി വായ്പൊത്തി നിന്നു. രാമയ്യന്റെ നടപടികൾ ശ്രദ്ധിച്ച മഹാരാജാവ് അയാളെ തനിക്കൊപ്പം നിർത്താൻ നിശ്ചയിച്ചു. രണ്ട് രൂപാ ഒരു പണം ശമ്പളത്തിൽ രായസം
( ക്ലർക്ക്) ആയി നിയമിച്ചു.
തിരുവിതാംകൂർ സ്റ്റേറ്റ് മാനുവൽ കർത്താവായ
നാഗമയ്യ രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരമാണ്.
“തിരുനൽവേലി ജില്ലയിലെ യർവാദി ഗ്രാമത്തിലാണ് രാമയ്യൻ ജനിച്ചത്. രാമയ്യന് ആറ് വയസ് പ്രായമുള്ളപ്പോൾ അച്ഛൻ തിരുവിതാംകൂറിലേക്ക് കുടിയേറി. തെക്കൻ തിരുവിതാംകൂറിലെ കൽക്കുളം താലൂക്കിൽ തിരുവട്ടാറിന് സമീപം അരുവിക്കര എന്ന സ്ഥലത്താണ് ആ ദരിദ്രബ്രാഹ്മണനും കുടുംബവും പാർപ്പുറപ്പിച്ചത്.
രാമയ്യന് ഏകദേശം ഇരുപത് വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. വൈകാതെ അമ്മയും. അതിനുശേഷമാണ് രാമയ്യൻ തിരുവനന്തപുരത്ത് എത്തുന്നത്. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ബ്രാഹ്മണർക്ക് സൗജന്യഭക്ഷണം കിട്ടുമെന്നത് ഒരു ആകർഷണമായിരുന്നിരിക്കണം. ഒരു പെങ്ങൾ ഉൾപ്പെടെ നാല് കൂടെപ്പിറപ്പുകളുടെ സംരക്ഷണവും രാമയ്യന്റെ ബാധ്യതയായതിനാൽ വല്ല ജോലിയും തരപ്പെടുത്തണം എന്ന ചിന്തയും ഉണ്ടായിരുന്നിരിക്കണം. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ യോഗക്കാരിൽ ഒരാളായിരുന്ന അത്തിയറ പോറ്റിയുടെ മഠത്തിൽ കുട്ടിപ്പട്ടരായി (പാചകക്കാരൻ) രാമയ്യൻ നിയമിതനായി.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ അധികാരം കൈയാളിയിരുന്ന എട്ടര യോഗത്തിലെ ഒരംഗമായിരുന്നു അത്തിയറ പോറ്റി. വഞ്ചിയൂർ അത്തിയറ, നെയ്തൽശേരി, കൊല്ലൂർ അത്തിയറ, മുട്ടുവിള, കൂപക്കര, കരുവ എന്നീ ഊരാളന്മാരും ശ്രീകാര്യം പോറ്റിയും , പുഷ്പാഞ്ജലി സ്വാമിയാരും, രാജാവും( അര അംഗം) ആയിരുന്നു എട്ടരയോഗത്തിലെ അംഗങ്ങൾ.
മാർത്താണ്ഡവർമ്മ ഒരിക്കൽ അത്തിയറ മഠത്തിൽ ചെന്നപ്പോൾ പോറ്റിയുടെ കുട്ടിപ്പട്ടർ എന്ന നിലയിൽ രാമയ്യൻ അടുത്തുണ്ടായിരുന്നു. വിളക്കിന്റെ തിരി മങ്ങിക്കത്തുന്നതു കണ്ട് പോറ്റി രാമയ്യനോട് തിരിയുടെ അഗ്രം ശരിയാക്കി വെളിച്ചം കൂട്ടുവാൻ ആജ്ഞാപിച്ചു. രാമയ്യൻ വിളക്കിനടുത്ത് ചെന്നപ്പോൾ തിരി നേരെയാക്കാനുള്ള പിത്തളക്കഷണം കാണ്മാനില്ല. ശാസ്ത്രവിധി അനുസരിച്ച് ലോഹം കൊണ്ടല്ലാതെ കൈവിരലുകൾകൊണ്ട് അത് ചെയ്തുകൂടാ. രാമയ്യന് ശാസ്ത്രവിധി അറിയാമായിരുന്നു. അതുകൊണ്ട് വിരലിൽ അണിഞ്ഞിരുന്ന സ്വർണമോതിരം ഊരി മങ്ങിക്കത്തിക്കൊണ്ടിരുന്ന തിരിയുടെ അഗ്രം വൃത്തിയാക്കി. പിന്നെ മോതിരം കഴുകിയെടുത്ത് വിരലിൽ ഇടുകയും ചെയ്തു. ഈ പ്രത്യുല്പന്നമതിത്വം മഹാരാജാവിനെ ആകർഷിച്ചു. രാമയ്യനെ കൊട്ടാരത്തിൽ നിയമിക്കുകയും ചെയ്തു.
രാമയ്യന് മക്കൾ ഉണ്ടായിരുന്നില്ല. അദ്യ പ്രസവത്തോടെ അമ്മയും കുഞ്ഞും മരിക്കുകയായിരുന്നു.
അതോടെ രാമയ്യൻ ഇരുപത്തിനാല് മണിക്കൂറും രാജാവിൻ്റെ സേവകനായി മാറി. താണുപിള്ള ദളവാ നിര്യാതനായപ്പോൾ 1737ൽ രാമയ്യൻ ദളവയായി നിയമിതനായി”.
1884 ഏപ്രിൽ ലക്കത്തിൽ ദ് കൽക്കട്ടാ റെവ്യൂ എന്ന പ്രസിദ്ധീകരണത്തിൽ വിശാഖംതിരുനാൾ മഹാരാജാവ് എഴുതിയ ലേഖനത്തിൽനിന്ന് നാഗമയ്യ ഇങ്ങനെ ഉദ്ധരിക്കുന്നുണ്ട്:
“നാട്ടുരാജ്യമായ തിരുവിതാംകൂർ ഇന്നത്തെ അതിർത്തികൾ കൈവരിച്ചത് പതിനെട്ടാം നൂറ്റാണ്ടിലാണ് – ബ്രിട്ടീഷ് അധികാരം ഇന്ത്യയിൽ വേരുറച്ച കാലത്ത്. ഏതാണ്ട് സമാനമായ സാഹചര്യങ്ങളിൽ. ദരിദ്രവും കണ്ടകാകീർണവും ആയിരുന്നു മാർത്താണ്ഡവർമ്മ രാജാവിന് കിട്ടിയ അവകാശം. ദുർബലരായ മുൻഗാമികൾ. അവരുടെ ദൗർബല്യം മുതലെടുക്കാൻ കാത്തുനിന്ന അയൽരാജ്യക്കാർ. രാജ്യം എന്ന് പറയുന്നതു പോലും ഫലിതമായി മാറുന്ന മട്ടിലുള്ള ആഭ്യന്തരകലാപങ്ങൾ. എന്നാൽ, ലോകചരിത്രത്തിൽ വല്ലപ്പോഴുമൊരിക്കൽ പ്രത്യക്ഷപ്പെടുന്ന മഹാപ്രതിഭകൾ കണക്കെ ഒരാൾ ആയിരുന്നു മാർത്താണ്ഡവർമ്മ. ആജ്ഞാപിക്കാനും കീഴടക്കാനും പിറന്നവൻ. ഏറ്റവും നല്ല വിദ്യാലയത്തിലാണ് അദ്ദേഹം പഠിച്ചത് – ജീവിതത്തിലെ ദുർഘടങ്ങൾ. ഏറ്റവും നല്ല ഗുരുവിനെയാണ് അദ്ദേഹത്തിന് കിട്ടിയത് – ശത്രുക്കൾ. പ്രഗത്ഭനായ ഒരു മന്ത്രി ഉണ്ടായിരുന്നു അദ്ദേഹത്തിന് – രാമയ്യൻ മാർത്താണ്ഡവർമ്മയെ സേവിച്ചതിലേറെ ആയിരുന്നില്ല സള്ളി ഹെന്റി നാലാമനെ സേവിച്ചത്… ദ് ബാരൺ ദെ റോസ്നെ വാസ് ദ് വെരിമാൻ ടു റെമഡി ദിസ് സ്റ്റേറ്റ് ഓഫ് മാറ്റേഴ്സ്; റൂഡ്, ഒബ്സ്റ്റിനറ്റ് ആന്റ് ഹോട്ടി, ബട്ട് അറ്റ് ദ സെയിം ടൈം റസല്യൂട്ട്,
ഇൻഡിഫാറ്റിഗബിൾ, ഹോള്ളി ഡിവോട്ടഡ് ടു ഹിസ് മാസ്റ്റേഴ്സ് ഇന്ററസ്റ്റ്സ്”.
രാമയ്യൻ ഒരിക്കലും മടുത്തില്ല. ഒരിക്കലും വിട്ടുകൊടുത്തില്ല. തന്റെ യജമാനന്റെ ശത്രുക്കളെ നേരിടുമ്പോൾ ഒരു ധർമ്മസംഹിതയും അദ്ദേഹത്തെ ഒരിക്കലും വിലക്കിയില്ല. യജമാനന്റെ താല്പര്യങ്ങൾക്കായി സമ്പൂർണ്ണമായി ഹോമിച്ചതായിരുന്നു ആ ജീവിതം. ഭരണകാര്യാലയത്തലായാലും യുദ്ധഭൂമിയിലായാലും ഭയം എന്നത് അദ്ദേഹം അറിഞ്ഞില്ല. അങ്ങനെ ഒരു മന്ത്രി ഒപ്പം ഉണ്ടായിരുന്നതിനാൽ രാജാവിന് തന്റെ ഇച്ഛാശക്തിയും ക്ഷമയും അസാമാന്യ ധൈര്യവും ഉപയോഗിച്ച് പൂർവ്വികർ നഷ്ടപ്പെടുത്തിയത് തിരിച്ചുപിടിക്കാനും സ്ഥിരം ശല്യക്കാരായിരുന്ന അയൽരാജ്യങ്ങളെ കീഴ്പ്പെടുത്തി വരുതിയിലാക്കാനും കഴിഞ്ഞു”.
തെക്കുംകൂറും , വടക്കുംകൂറും, ചെമ്പകശേരിയും, കായംകുളവും, കൊല്ലവും, എല്ലാം വേണാടിനോട് ചേർത്തശേഷം
രാമയ്യൻ മിക്കവാറും മാവേലിക്കരയിലായി താമസം. വാണിജ്യവകുപ്പിന്റെ ആസ്ഥാനം അവിടെയാണ് സ്ഥാപിച്ചിരുന്നത്. ഒരു മാവേലിക്കരക്കാരിയെ സംബന്ധം ചെയ്യുകയും ചെയ്തു . ദരിദ്രമായ ഒരു നായർകുടുംബത്തിൽ പിറന്ന ആ യുവതിയെ, ‘എന്നെ ആശ്രയിച്ച് കഴിയുന്ന ഒരു പാവപ്പെട്ട സ്ത്രീ’ എന്നാണ് രാമയ്യൻ വിവരിച്ചിട്ടുള്ളത്. രാമയ്യൻ ശയ്യാവലംബിയാതോടെ ആ സ്ത്രീ പരിഭ്രാന്തയായി. ദളവയുടെ കിടക്ക പങ്കിട്ട് ജീവിച്ച തനിക്ക് ജീവിതമാർഗ്ഗം അടയുന്നെന്ന് തോന്നിയപ്പോൾ അവർ രാമയ്യനെ കണ്ണീര് കാണിച്ചു. അവരുടെ കൈവശഭൂമി നികുതി വിമുക്തമാക്കണം എന്ന് രാജാവിനോട് അഭ്യർത്ഥിക്കുന്ന ഒരു ഓല ദളവാ ഒപ്പിട്ടുനൽകി.
മാർത്താണ്ഡവർമ്മയുടെ കാലശേഷം
ധർമ്മരാജാവ് ആ ആവശ്യം അംഗീകരിക്കുക മാത്രമല്ല, രാമയ്യനോടുള്ള ആദരവ് പ്രകടിപ്പിക്കുവാൻ ധാരാളം സ്വർണ്ണവും വസ്ത്രങ്ങളും മറ്റും നൽകി അവരെ സന്തോഷിപ്പിക്കുകയും ചെയ്തു. ആയുഷ്കാലം ഒരു അടുത്തൂൺ വീട്ടിൽ എത്തിച്ചുകൊടുക്കാനും ഉത്തരവായി.
രാമയ്യന് മക്കളില്ലാതിരുന്നതിനാൽ ഒരു ദായാദിയെ കണ്ടെത്തി ആണ്ടുതോറും ശ്രാദ്ധം നടത്തുന്നതിന് മേൽവാരമായി നെല്ല് അനുവദിക്കുകയും ചെയ്തു . (ദായാദി എന്ന വാക്കിന് ബന്ധു, അവകാശി, പിൻതുടർച്ചക്കാരൻ എന്നൊക്കെയാണ് അർത്ഥം. ദായം എന്നാൽ കുടുംബസ്വത്ത്. സ്ത്രീധനത്തിനും മരുമക്കത്തായ വ്യവസ്ഥ പാലിക്കുന്നവർ വിവാഹവേളയിൽ പുത്രന് നൽകുന്ന പാരിതോഷികത്തിനും ദായം എന്ന് പറയും. രാജാക്കന്മാർ പ്രീതിസൂചകമായി ദാനം ചെയ്യുന്ന സ്വത്തും ദായം തന്നെ).
രാമയ്യൻ ആസന്നമരണാവസ്ഥയിലായപ്പോൾ മാർത്താണ്ഡവർമ്മ കിരീടാവകാശിയായ അനന്തരവനെ മാവേലിക്കരയിലേക്ക് അയച്ചു. തന്റെ വിജയങ്ങൾക്ക് കാരണഭൂതനായ ദളവാക്കു വേണ്ടി എന്ത് ചെയ്യണം എന്നന്വേഷിക്കുവാനാണ് അയച്ചത്.
“ഞാൻ ഒന്നും ചെയ്തിട്ടില്ല, എന്റെ പൊന്നുതമ്പുരാന്റെ കല്പന അനുസരിക്കുക മാത്രമാണ് ഞാൻ ചെയ്തത്. എന്നെ ഏല്പിച്ചതെല്ലാം വിശ്വസ്തതയോടെ ചെയ്യാൻ കഴിഞ്ഞു. കൊച്ചി കൂടി
പിടിച്ചടക്കണമെന്നുണ്ടായിരുന്നു. അതിന് എന്നെ അനുവദിച്ചില്ല എന്നത് മാത്രമാണ് എന്റെ മനസ്താപം, തമ്പുരാന് സ്നേഹം തോന്നിയല്ലോ, അത് മതി”, എന്നായിരുന്നു ആ വിശ്വസ്തന്റെ മറുപടി.
രാമയ്യനില്ലെങ്കിൽ തിരുവിതാംകൂർ ഉണ്ടാകുമായിരുന്നില്ല. തിരുവിതാംകൂർ രാജകുടുംബത്തിന് രാമയ്യനോടുള്ള വിധേയത്വം മറ്റൊരു ദിവാനോടും ഉണ്ടായിരുന്നില്ല എന്നാണ് പട്ടം രാമചന്ദ്രൻനായർ എഴുതിയിട്ടുള്ളത്.
രാമയ്യന്റെ നിര്യാണം മാർത്താണ്ഡവർമ്മയെ തളർത്തി. അദ്ദേഹത്തിന് ജീവിതത്തോടുള്ള ആസക്തി തന്നെ നഷ്ടമായി. ധൈര്യശാലിയായ മഹാരാജാവ് വിശ്വസ്തസചിവന്റെ നിര്യാണവാർത്ത അറിഞ്ഞ് ദുഃഖാർത്തനായി വൈകാതെ മരിച്ചു എന്ന് അറിയിക്കുമ്പോൾ സ്റ്റേറ്റ് മാനുവൽ കർത്താക്കളായ നാഗമയ്യയും, സദസ്യതിലകൻ ടി കെ വേലുപ്പിള്ളയും ഉപയോഗിക്കുന്നത് മെലങ്കളി തോട്ട്സ് എന്ന വാക്കുകളാണ്. “മെലങ്കളി തോട്ട്സ് ബിഗാൻ ടു ഹോണ്ട് ഹിം എന്ന് വേലുപ്പിള്ള; ദ് സ്ട്രോങ് വിൽഡ് മഹാരാജാ”.(വേലുപ്പിള്ള.). “ഗേവ് വേ ടു മെലങ്കളി തോട്ട്സ് വിച്ച് സൂൺ ബ്രോട്ട് ഹിസ് ഓൺ എൻഡ്” ( നാഗമയ്യ).
( കടപ്പാട്)
– ജോയ് കള്ളിവയലിൽ.
Posted inUncategorized