#കേരളചരിത്രം
99ലെ വെള്ളപ്പൊക്കത്തിന് ശേഷം.
കേരളത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും ഭീദിതമായ ഒരു സംഭവമായിരുന്നു 99ലെ വെള്ളപ്പൊക്കം എന്ന പേരിൽ അറിയപ്പെടുന്ന 1924ലെ മഹാപ്രളയം.
ദിവസങ്ങൾ നീണ്ടുനിന്ന പേമാരിയിൽ നൂറുകണക്കിന് ആളുകളുടെ ജീവൻ നഷ്ടപ്പെട്ടു. ആയിരക്കണക്കിന് വീടുകൾ തകർന്നു.
ആയിരക്കണക്കിന് ആടുമാടുകൾ കൊല്ലപ്പെട്ടു.
പൂർണ്ണമായും കാർഷികവൃത്തിയെ ആശ്രയിച്ച് കഴിയുന്ന ഒരു ജനതക്ക് താങ്ങാനാവാത്തതായിരുന്നു നെല്ല് ഉൾപ്പെടെയുള്ള ഭക്ഷ്യധാന്യങ്ങൾ പൂർണ്ണമായും നശിച്ചതും വളര്ത്തു മൃഗങ്ങൾ കൊല്ലപ്പെട്ടതും. കുടിവെള്ള സ്രോതസുകൾ ചെളികൊണ്ടു മൂടി. ചത്ത ശവങ്ങൾ പകർച്ചവ്യാധികൾ വിളിച്ചുവരുത്തും എന്ന സ്ഥിതിയായി .
ഇന്നത്തെപ്പോലെ സര്ക്കാർ സംവിധാനങ്ങൾ വ്യാപകമായി ജനങ്ങളുടെ സഹായത്തിന് എത്തുന്ന സാഹചര്യം ഇല്ല.
ജനങ്ങളുടെ ഇടയിൽ വലിയ സ്വാധീനമുണ്ടായിരുന്ന ഒരു ക്രൈസ്തവമേലധ്യക്ഷൻ ജനങ്ങൾക്ക് ആശ്വാസം എത്തിക്കാൻ വിശ്വാസികൾ മുന്നോട്ടുവരണം എന്ന് അഭ്യർത്ഥിക്കുന്നു. എറണാകുളം മെത്രാപ്പോലീത്ത മാർ അഗസ്റ്റിൻ കണ്ടത്തിൽ 1924ലെ എറണാകുളം മിസ്സം എന്ന സ്വന്തം ബുള്ളറ്റിനിലൂടെ നടത്തിയ അഭ്യർഥന വിശ്വാസികളുടെ കണ്ണു തുറപ്പിക്കാൻ സഹായിച്ചു എന്ന് വേണം കരുതാൻ. പള്ളികൾ ആളുകൾക്ക് താമസിക്കാനായി തുറന്നുകൊടുത്തു.
ഭക്ഷണവും വസ്ത്രവും മറ്റുള്ളവർക്ക് കൂടി പങ്കുവെക്കാൻ എല്ലാ ക്രിസ്ത്യാനികളും ബാധ്യസ്ഥരാണ് എന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. പ്രധാനപ്പെട്ട ഒരു കാര്യം വിത്തുകൾ പങ്കുവെക്കണം എന്നതാണ്. എങ്കിൽ മാത്രമേ കൃഷി പുനരാരംഭിച്ചു ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കഴിയൂ. ആപത്തിൽ സഹായിക്കാത്തവർക്ക് അന്ത്യവിധി നാളിൽ ഉത്തരം പറയേണ്ടി വരും എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
കേരളം പ്രകൃതി ഒരുക്കിയ ഈ മഹാവിപത്തിൽ നിന്ന് കരകയറി എന്നതിൽ അഭിമാനിക്കാം.
– ജോയ് കള്ളിവയലിൽ.
Posted inUncategorized