#ഓർമ്മ
എസ് പി ബാലസുബ്രഹ്മണ്യം.
എസ് പി ബി യുടെ (1946-2020) ജന്മവാർഷികദിനമാണ്
ജൂൺ 4.
ആന്ധ്രയിലെ നെല്ലൂരിൽ ഒരു തെലുങ്ക് ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ബാലസുബ്രമണ്യം, എൻജിനീയറിംഗ് കോളേജിൽ പഠനത്തിന് ചേർന്നെങ്കിലും മനസ്സ് മുഴുവൻ സംഗീതമായിരുന്നു. 1960ൽ ഒരു സംഗീതമത്സരത്തിൽ ഏറ്റവും മികച്ച ഗായകനായി തെരഞ്ഞെടുക്കപ്പെട്ടത് വഴിത്തിരിവായി. നാടെങ്ങും ഗാനമേളകൾ നടത്തുമ്പോൾ പിന്നണിയിൽ അകമ്പടി സേവിച്ചിരുന്ന ഇളയരാജ, പിൽക്കാലത്ത് വിഖ്യാത സംഗീത സംവിധായകൻ ആയിത്തീരുമെന്നു എസ് പി ബി പോലും ചിന്തിച്ചുകാണില്ല.
1966ൽ ആദ്യത്തെ ചലച്ചിത്രഗാനം പാടിയ എസ് പി ബി, 1980ൽ ശങ്കരാഭരണം എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ ലോകപ്രശസ്തനായി. തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും ജനപ്രീതി നേടിയ ഈ ഗായകൻ, ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പിന്നണിഗായകരിൽ ഒരാളായി മാറി.
തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ചിത്രങ്ങളിൽ പാടിയ എസ് പി ബി, 6 ദേശീയ അവാർഡുകൾ നേടി.
ശാസ്ത്രീയമായി സംഗീതം പഠിക്കാൻ അവസരം കിട്ടാത്ത ഒരാൾ വ്യത്യസ്ത ഭാഷകളിൽ അനായാസം പാടുന്നത് അത്ഭുതം തന്നെയായിരുന്നു. ഒരു ദിവസം 21 ഗാനങ്ങൾ വരെ റെക്കോർഡ് ചെയ്ത ജീനിയസാണ് എസ് പി ബി. അഭിനയം, സംഗീതസംവിധാനം, നിർമ്മാണം, എല്ലാം അദ്ദേഹത്തിന് കഴിഞ്ഞു.
കോവിഡിൻ്റെ ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്നാണ് ഈ മഹാനായ സംഗീതകാരൻ.
– ജോയ് കള്ളിവയലിൽ.
Posted inUncategorized