#ഓർമ്മ
ജി ശങ്കര കുറുപ്പ്.
മഹാകവി ജിയുടെ ( 1901-1978) ജന്മവാർഷികദിനമാണ്
ജൂൺ 3.
ഭാരതീയ ഭാഷകളിലെ ഏറ്റവും വലിയ പുരസ്കാരമായ ജ്ഞാനപീഠം നേടിയ ആദ്യത്തെ എഴുത്തുകാരനാണ് ജി. രാജ്യസഭയിലേയ്ക്ക് നാമനിർദേശം ചെയ്യപ്പെട്ട ( 1968-1972) ആദ്യത്തെ സാഹിത്യകാരനും മലയാളത്തിൻ്റെ ഈ മഹാകവിയാണ്.
എറണാകുളത്തെ നായത്തോട്ടിൽ ജനിച്ച ജി, മൂവാറ്റുപുഴ സര്ക്കാര് സ്കൂളിൽ നിന്ന് വേർണാക്കുലർ പരീക്ഷ പാസായി വിവിധ സ്കൂളുകളിൽ ജോലിചെയ്യുന്ന സമയത്തുതന്നെ മലയാളം പണ്ഡിറ്റ്, വിദ്വാൻ, പരീക്ഷകൾ പാസായി. 1931ൽ എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി ചേർന്ന കവി 1956ൽ വിരമിച്ചു.
ഓടക്കുഴൽ എന്ന കവിതാസമാഹാരമാണ് ജിക്ക് ജ്ഞാനപീഠം പുരസ്കാരം നേടിക്കൊടുത്തത്. സ്കൂളിൽ പഠിക്കുമ്പോൾ പ്രസംഗമത്സരത്തിന് കിട്ടിയ ഏറ്റവും വലിയ നിധിയാണ് ആ പുസ്തകം. ഇന്നു ഞാൻ നാളെ നീ പോലുള്ള കവിതകൾ മന:പാഠമായിരുന്നു.
ഒരിക്കൽ മാത്രമേ കേൾക്കാൻ ഭാഗ്യമുണ്ടായുള്ളൂവെ ങ്കിലും നിരർഗളമായ പ്രസംഗശൈലി ഇന്നും മനസിൽ മായാതെ നിൽക്കുന്നു.
ആത്മകഥയായ ഓർമ്മകളുടെ ഓളങ്ങൾ എനിക്ക് പ്രിയങ്കരമായത് കവിയുടെ മൂവാറ്റുപുഴയിലെ പഠനകാലത്തിൻ്റെ വിവരണങ്ങളാണ്.
പൊതുമരാമത്ത് എൻജിനീയർ എന്ന നിലയിൽ കോതമംഗലം മാതിരപ്പള്ളി സ്കൂൾ പരിശോധിക്കുമ്പോൾ മനസിലുയർന്ന ചിന്ത മഹാകവി ജി പഠിപ്പിച്ച ക്ലാസ് മുറികളാണ് എന്നതാണ്.
കാളിദാസൻ, ഒമാർ ഖയ്യാം, ടാഗോർ തുടങ്ങിയവരെ പരിഭാഷകളിലൂടെ മലയാളത്തിന് പരിചയപ്പെടുത്തുക എന്ന ശ്രേഷ്ടകർമ്മം കൂടി കവി നിർവഹിച്ചു.
ജീവിതകാലത്ത് രൂക്ഷമായ വിമർശനങ്ങൾക്ക് കവി പാത്രമായിട്ടുണ്ട്. ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു എന്ന കൃതിയിലൂടെയാണ് നിരൂപകൻ എന്ന നിലയിൽ സുകുമാർ അഴീക്കോട് ശ്രദ്ധിക്കപ്പെട്ടത്.
കേന്ദ്ര, കേരള , സാഹിത്യ അക്കാദമി യുടെ പുരസ്കാരങ്ങൾ നേടിയ ജി കേരള സാഹിത്യ അക്കാദമി അക്ഷ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.
രാജ്യം പദ്മ ഭൂഷൺ ബഹുമതി നൽകി മഹാകവി ജിയെ ആദരിച്ചു.
എൻ്റെ പ്രിയ സുഹൃത്ത് ആർക്കിടെക്ട് ഗോപകുമാറിൻ്റെ നേതൃത്വത്തിൽ 3 കോടി രൂപ ചെലവഴിച്ച് എറണാകുളത്ത് ജിക്ക് ഉചിതമായ ഒരു സ്മാരകം പൂർത്തിയാക്കി എന്നത് അഭിമാനകരമാണ്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized