#ഓർമ്മ
ലോക പാൽ ദിനം.
ജൂൺ 1 ലോക പാൽ ദിനമാണ്.
“അമ്മ എനിക്ക് കാച്ചിയ പാൽ തരും. അതു കുടിക്കാഞ്ഞാൽ അമ്മ കരയും ” എന്നു പഠിച്ചുകൊണ്ടാണ് എന്റെ തലമുറ വളർന്നത്.
ഒരു ഗ്രാമത്തിൽ വളർന്ന എന്റെ വീട്ടിൽ, ഒരുകാലത്ത് 16 പശുക്കൾ വരെയുണ്ടായിരുന്നു.
നെയ്യ് മൂപ്പിച്ച് ഒഴിച്ച് ചോറുണ്ണാൻ വേറെ കറികൾപോലും വേണ്ടായിരുന്നു. ഉറിയിൽ തയ്ര് എപ്പോഴും ഉണ്ടാകും.
കലത്തിൽ വെണ്ണ കടയാൻ അമ്മയുടെ ഒപ്പംകൂടാൻ ഞങ്ങൾ കുട്ടികൾ തമ്മിൽ മത്സരമായിരുന്നു.
അതൊക്കെ ഒരു കാലം.
പാൽ എന്നു കേട്ടാൽ ‘ഇന്ത്യയുടെ പാൽക്കാരൻ’ ഡോക്ടർ വര്ഗീസ് കുര്യനെ ഓർക്കാതെവയ്യ. അദ്ദേഹം കൈവരിച്ച ധവളവിപ്ലവമാണ് ഇന്ത്യയിലൊട്ടാകെ ക്ഷീരകർഷർക്കും, പാൽ, പാൽ ഉത്പന്നങ്ങൾക്കും, അംഗീകാരവും, സാമ്പത്തിക ഉന്നതിയും, നേടിക്കൊടുത്തത്.
കുത്തകക്കാരുടെ കയ്യിൽനിന്ന് പാൽവിപണന ശൃംഖലയെ മോചിപ്പിക്കുക മാത്രമല്ല അവ സംസ്കരിച്ചു മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കി, വിപണനം ചെയ്യുന്ന സംവിധാനംകൂടി ആ മഹാൻ ഉണ്ടാക്കി. ഗുജറാത്തിലെ ആനന്ദിൽ തുടങ്ങിയ ക്ഷീരവിപ്ലവം ഇന്ത്യ മുഴുവൻ കുര്യൻ വ്യാപിപ്പിച്ചു.
കോവിഡ് മഹാമാരി ക്ഷീരമേഖലയിൽ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. അത് ഇപ്പോഴും തുടരുന്നു. കാലിത്തീറ്റയുടെ വില കർഷകർക്ക് താങ്ങാനാവാത്ത നിലയിൽ വർദ്ധിച്ചു. കർഷകരുടെ വരുമാനം അതനുസരിച്ച് കൂടിയതുമില്ല. വില കൂട്ടാനും ബുദ്ധിമുട്ടുണ്ട്.
എൻ്റെ പ്രിയ സുഹൃത്ത് പാലക്കാട്ടെ കെ എസ് മണിയുടെ ( K S Mani Mani ) നേതൃത്വത്തിൽ കേരള മിൽമ പുതിയ ഉയരങ്ങൾ കീഴടക്കുന്നതിൽ സന്തോഷമുണ്ട്.
കുട്ടികളുള്ള എല്ലാ വീടുകളിലും സൗജന്യമായി പാൽ എത്തിക്കുന്ന ഒരു സംവിധാനമാണ് എന്റെ സ്വപ്നം.
– ജോയ് കള്ളിവയലിൽ.
Posted inUncategorized