#ഓർമ്മ
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള.
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ( 1878-1916) ജന്മവാർഷികദിനമാണ്
മെയ് 25.
നിർഭയമായ പത്രപ്രവർത്തനത്തിൻ്റെ എക്കാലത്തെയും ഉദാത്തമായ മാതൃകയാണ് സ്വദേശാഭിമാനി.
നെയ്യാറ്റിൻകരയിൽ ജനിച്ച രാമകൃഷ്ണപിള്ള വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ ലേഖനങ്ങൾ ഏഴുതിത്തുടങ്ങി. എഫ് എ ക്ലാസിൽ പഠിക്കുമ്പോൾ പത്രാധിപരുമായി.
1903ൽ വക്കം മൗലവിയുടെ ഉടമസ്ഥതയിലുള്ള സ്വദേശാഭിമാനി പത്രത്തിൻ്റെ ചുമതല ഏറ്റതുമുതൽ തിരുവിതാംകൂർ സർക്കാരിൻ്റെ കണ്ണിലെ കരടായി അദ്ദേഹം മാറി.
മഹാരാജാവ് ഈശ്വരൻ്റെ അവതാരം ഒന്നുമല്ല എന്ന് അദ്ദേഹം പറഞ്ഞു.
ദിവാൻ രാജഗോപാലാചാരിയുടെ അസാന്മാർഗിക ജീവിതം തുറന്നുകാട്ടിയതാണ് പത്രവും പ്രസും കണ്ടുകെട്ടാനും രാമകൃഷ്ണപിള്ളയെ നാടുകടത്താനുമുള്ള പ്രകോപനമായത്. ആദ്യം മദ്രാസിലും ശിഷ്ടജീവിതം കണ്ണൂരുമാണ് അഭ്യുദയകാംക്ഷികളുടെ സഹായത്തിൽ അദ്ദേഹവും കുടുംബവും കഴിഞ്ഞത്. ക്ഷയരോഗമായിരുന്നു മരണകാരണം.
ആ മഹദ് വ്യക്തിയുടെ ജീവിതകഥയാണ് ‘എൻ്റെ നാടുകടത്തൽ’ എന്ന കൃതിയും, ഭാര്യ ബി കല്യാണി അമ്മ എഴുതിയ ‘വ്യാഴവട്ട സ്മരണകൾ’ എന്ന പുസ്തകവും.
കാറൽ മാർക്സിൻ്റെ ജീവചരിത്രം ഒരു ഇന്ത്യൻ ഭാഷയിൽ ആദ്യമായി എഴുതിയത് രാമകൃഷ്ണപിള്ളയാണ് .
സ്വതന്ത്ര്യപ്രാപ്തിക്കുശേഷം സ്വദേശാഭിമാനിയുടെ പ്രതിമ തലസ്ഥാനത്ത് സ്ഥാപിക്കപ്പെട്ടു.
രാജകുടുംബത്തിൻ്റെ അപ്രീതി ഭയന്ന് സ്ഥലം അനുവദിക്കാൻ മുഖ്യമന്ത്രി പട്ടം താണുപിള്ള മടിച്ചപ്പോൾ കുമ്പളത്ത്
ശങ്കുപ്പിള്ള ഗർജിജിച്ചു: എൻ്റെ ഭാര്യക്ക് മരച്ചീനി നടാനല്ല സ്ഥലം ചോദിച്ചത്. പട്ടം മന്ത്രിസഭയെ മറിച്ചിട്ടാണ് കുമ്പളം സ്വദേശാഭിമാനിയുടെ സ്മരണക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചത്. പിന്നീട് എ ജീസ് ഓഫീസായ ലോ കോളേജിന് മുന്നിൽ രാഷ്ട്രപതി രാജേന്ദ്രപ്രസാദ് സ്വദേശാഭിമാനി പ്രതിമ അനാച്ഛാദനം ചെയ്തു.
എൻ്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരോർമ്മയാണ് 60 വര്ഷം മുൻപ് എൻ്റെ പിതാവ് സ്കൂൾ വിദ്യാർഥിയായ എന്നെ അന്ന് എ ജീസ് ഓഫീസിൻ്റെ മുൻപിൽ സ്ഥാപിച്ചിരുന്ന പ്രതിമയുടെ മുന്നിൽ കൊണ്ടുനിർത്തി അതിനു താഴെ എഴുതിയിരുന്ന വാക്യം വായിപ്പിച്ച് അർഥം പറഞ്ഞുതന്നത്.
” ഭയ കൗടില്യ ലോഭങ്ങൾ
വളർക്കില്ലൊരു നാടിനെ”.
പിന്നീട് അച്യുതാനന്ദൻ മന്ത്രിസഭയുടെ കാലത്ത് പ്രതിമ പാളയം ജക്ഷനിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. പുതിയ തലമുറ അങ്ങോട്ടേക്ക് എത്തി നിൽക്കുന്നത് പോലും കാണാറില്ല. ചരിത്രത്തിൻ്റെ ഗതിവിഗതികൾ .
– ജോയ് കള്ളിവയലിൽ.





