#ഓർമ്മ
ചായ ദിനം.
മെയ് 21 അന്താരാഷ്ട്ര ചായ ദിനമാണ്.
ലോകത്ത് വെള്ളം കഴിഞ്ഞാൽ ഏറ്റവുമധികം കുടിക്കപ്പെടുന്ന പാനീയമാണ് ചായ.
5000 വർഷങ്ങൾ മുൻപുതന്നെ ചൈനക്കാർ ചായ കുടിച്ചിരുന്നു. ഇന്ത്യയിലും പുരാതനകാലം മുതൽ ചായ ഉപയോഗിച്ചിരുന്നുവെങ്കിലും വ്യവസായിക അടിസ്ഥാനത്തിൽ തേയിലത്തോട്ടങ്ങൾ വെച്ചുപിടിപ്പിച്ചത് ബ്രിട്ടീഷ്കാരാണ്. ഡാർജിലിങ്, ആസ്സാം, നീലഗിരി, മൂന്നാർ തുടങ്ങിയ പ്രദേശങ്ങളിൽ മലകൾ വെട്ടിത്തെളിച്ചു തോട്ടങ്ങൾ വെച്ചുപിടിപ്പിക്കുന്നതിനിടയിൽ മലേറിയ, കോളറ മുതലായവ പിടിപെട്ട് മരണമടഞ്ഞ വിദേശികളുടെ കല്ലറകൾ ഇന്നും അവരുടെ സാഹസികതയുടെ ഓർമ്മക്കുറിപ്പുകളായി അവശേഷിക്കുന്നു.
കേരളത്തിൽ തേയില കൊണ്ടുവന്നത് ജെ ഡി മൺറോയാണ്. 1877ൽ പൂഞ്ഞാർ കോവിലകത്തിൻ്റെ പക്കൽനിന്ന് ദേവികുളം പ്രദേശത്ത് 35000ൽപ്പരം ഏക്കർ വനഭൂമി പാട്ടത്തിനെടുത്ത് ആ സാഹസികൻ തുടങ്ങിയ കൃഷി ഇന്ന് ഒരു വൻവ്യവസായമാണ്.
ഇന്ത്യയിലെ ഏക ഇൻസ്റ്റന്റ് ടീ ഫാക്ടറി മൂന്നാറിൽ ടാറ്റാ ടീയുടെതാണ്.
ഇന്ത്യയിലെ ഏറ്റവും നല്ല ചായ ഡാർജിലിങ് ആസ്സാം മേഖലകളിലാണ് വളരുന്നത്. മെയ് മുതൽ ഒക്ടോബർ വരെ നീണ്ടുനിൽക്കുന്ന സീസണിൽ ആദ്യംകിട്ടുന്ന തേയിലയാണ് ഏറ്റവും വിലപിടിപ്പുള്ളത്.
കിലോക്ക് 40000 രൂപ വരെ വിലകിട്ടുന്ന ചെറിയ തോട്ടങ്ങൾ അവിടെയുണ്ട്. സ്ഥലത്തിന്റെയും കാലാവസ്ഥയുടെയും പ്രത്യേകത കൊണ്ട് ഓരോ സ്ഥലത്തേയും ചായക്ക് വ്യത്യസ്ത രുചിയും വിലയുമാണ്.
60 കൊല്ലം മുൻപുപോലും, എന്റെ കുട്ടിക്കാലത്ത്, മീനച്ചിൽ, കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിൽ റബറിനെക്കാൾ കൂടുതൽ തേയിലത്തോട്ടങ്ങൾ ആയിരുന്നു. തീക്കോയി, തിടനാട്, ആനക്കല്ല് തുടങ്ങിയ സ്ഥലങ്ങളിലെ തേയില ഫാക്ടറികൾ ഇപ്പോഴും ഓർമ്മയിലുണ്ട്. റബർ വന്നതോടെ തേയിലകൃഷി ഹൈറേഞ്ചിൽ മാത്രമായി.
എന്റെ ചെറുപ്പത്തിൽ ചായക്കടകളിൽ മാത്രമേ ചായ ഉണ്ടായിരുന്നുള്ളു. അതും വിലകുറഞ്ഞ പൊടിത്തേയില.
ഇന്ന് ഇലത്തേയില മുതൽ ഗ്രീൻ ടീ വരെ വീട്ടമ്മമാർക്ക് പരിചിതമാണ്. പക്ഷെ ചായയിൽ പാലും പഞ്ചസാരയും ചേർത്ത് കഴിക്കുന്നത് ഇന്ത്യാക്കാർ മാത്രമാണ് എന്ന് തോന്നുന്നു.
എനിക്കിഷ്ടം കാപ്പിയാണ്. പക്ഷേ രാവിലെ മുതൽ രാത്രി വരെ നിരന്തരം ചായ കുടിച്ചിരുന്നവരിൽ ഡോസ്‌റ്റോയെവിസ്കി മുതൽ വി കെ കൃഷ്ണമേനോൻ വരെയുള്ള മഹാന്മാർ അനവധിയുണ്ട്.
എല്ലാ ചായകുടിയന്മാർക്കും ചായദിനത്തിന്റെ ആശംസകൾ.
– ജോയ് കള്ളിവയലിൽ.
Posted inUncategorized