#ഓർമ്മ
എം പി നാരായണപിള്ള.
മാളികത്താഴത്ത് പുല്ലുവഴി നാരായണപിള്ള എന്ന നാണപ്പൻ്റെ ( 1939-1998) ഓർമ്മദിവസമാണ്
മെയ് 19.
മുരുകൻ എന്ന പാമ്പാട്ടി, ജോർജ് ആറാമൻ്റെ കോടതി, തുടങ്ങിയ കഥകൾ മതി നാരായണപിള്ള എക്കാലവും ഓർമ്മിക്കപ്പെടാൻ.
ബനാറസ് സർവകലാശാലയിൽ നിന്ന് ബിരുദം നേടി നേരെ പോയത് ദില്ലിയിലേക്കാണ്. ബന്ധുവായ പി കെ വാസുദേവൻ നായരുടെ എം പി ക്വാർട്ടേഴ്സിൽ താമസമാക്കി. 5 കൊല്ലം പ്ലാനിംഗ് കമ്മീഷനിൽ ജോലി ചെയ്തു. കാക്കനാടൻ കഥ എഴുതി കാശുവാങ്ങുന്നത് കണ്ടാണ് കള്ളൻ എന്ന ആദ്യത്തെ കഥ എഴുതിയത്.
എങ്ങും കാലുറക്കാത്ത നാണപ്പൻ പിന്നെ ഹോങ് കോങ് നഗരത്തിലെത്തി. ബന്ധുവായ എം പി ഗോപാലൻ ( പി ഗോവിന്ദപിള്ളയുടെ സഹോദരൻ)
അവിടെയുണ്ട്. 3 വര്ഷം ഫാർ ഈസ്റ്റേൺ ഇക്കണോമിക് റിവ്യൂവിൽ അസിസ്റ്റൻ്റ് എഡിറ്ററായി ജോലി ചെയ്തു. തിരിച്ച്
നാട്ടിലെത്തി കൂട്ടുകാരുമായി ചേർന്ന്
” നജോമ ” ( നാണപ്പൻ, ജോസഫ്, മദനൻ, പേരുകളുടെ ആദ്യാക്ഷരം) എന്നപേരിൽ ടൂത്ത് പേസ്റ്റ് ഉണ്ടാക്കി ഉള്ള കാശ് കളഞ്ഞു.
1970 മുതൽ ബോംബെയിൽ സ്ഥിരതാമസമാക്കി. കൊമേഴ്സ് ഗ്രൂപ്പിൽ ജോലി. മാധവിക്കുട്ടിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായി മാറിയത് അക്കാലത്താണ്. പ്രശസ്ത പത്രാധിപർ സി പി രാമചചന്ദ്രൻ്റെ സഹോദരി പ്രഭയാണ് ഭാര്യ.
കലാകൗമുദി വാരികയിൽ എഴുതിയിരുന്ന പ്രതിവാരപങ്ക്തിയാണ് പിള്ളയെ മലയാളികൾക്ക് സുപരിചിതനാക്കിയത്. വ്യത്യസ്തമായി ചിന്തിക്കുന്ന പിള്ള വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റി.
പരിണാമം എന്ന നോവൽ 1991ലെ സാഹിത്യ അക്കാദമി അവാർഡ് നേടിയെങ്കിലും സ്വീകരിച്ചില്ല.
ഒന്നാം ചരമവാർഷികം മൂവാറ്റുപുഴയിൽ സംഘടിപ്പിച്ചത് ഞാൻകൂടി ഉൾപ്പെട്ട സംഘമാണ്. യാത്രകൾ പദ്ധ്യമല്ലാത്ത എം ടിയുടെയും, കുട്ടിത്തം വിടാത്ത മാധവിക്കുട്ടിയുടെയും, അമ്മാവൻ കൂടിയായ പി ഗോവിന്ദപ്പിള്ളയുടെയും അനുസ്മരണങ്ങൾ, നാണപ്പൻ എന്ന സുഹൃത്തിൻ്റെ സവിശേഷമായ ജീവിതത്തിലേക്ക് വെളിച്ചം തരുന്നവയായിരുന്നു .
– ജോയ് കള്ളിവയലിൽ.
Posted inUncategorized