എ എസ്

#ഓർമ്മ

എ എസ്.

പ്രശസ്ത രേഖാചിത്രകാരൻ എ എസ് നായരുടെ ( 1936-1988) ജന്മവാർഷികദിനമാണ്
മെയ് 15.

പാലക്കാട്ട് കാറൽമണ്ണ ഗ്രാമത്തിലാണ് അത്തിപ്പറ്റ ശിവരാമൻ നായർ ജനിച്ചത്. അമ്മ അടുക്കളജോലി ചെയ്തിരുന്ന നമ്പൂതിരി കുടുംബമാണ് കുട്ടിക്കാലത്തുതന്നെ കലാവാസന പ്രകടിപ്പിച്ച ശിവരാമനെ മദ്രാസ് സ്കൂൾ ഓഫ് ആർട്ട്‌സിൽ വിട്ടു പഠിപ്പിച്ചത്.
ജീവിതച്ചിലവ് കണ്ടെത്താനാണ് വലിയ സഹായം ചെയ്തുതന്നിരുന്ന കൃഷ്ണൻനായരുടെ മകൾക്ക് ടുഷൻ കൊടുക്കാൻ തുടങ്ങിയത്. ഊമയും ബധിരയുമായ ആ മകൾക്ക് ശിവരാമൻനായർ അത്താണിയായി മാറി. അവരെ വിവാഹം ചെയ്തു കോഴിക്കോടിന് കൊണ്ടുവന്നു. പിൽക്കാലത്ത് അവർ മാനസികരോഗിയായി മാറിയെങ്കിലും മകളെ ഒരു വിഷമവും അറിയിക്കാതെ അദ്ദേഹം വളർത്തി.
മാതൃഭൂമി വാരികയിലെ ജോലി വിട്ട് ലളിതകലാ അക്കാദമി സെക്രട്ടറിയായി എം വി ദേവൻ പോയ ഒഴിവിലാണ് എ എസിന് നിയമനം കിട്ടിയത്. നമ്പൂതിരിയും അതേസമയത്ത് ജോലിക്ക് കയറിയിരുന്നു.
മാതൃഭൂമി വാരിക മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാരികയായി മാറിയതിൽ അതിൽ പ്രസിദ്ധീകരിച്ച നോവലുകൾക്കും ചെറുകഥകൾക്കും എ എസ് വരച്ച രേഖാചിത്രങ്ങൾക്കും വലിയ പങ്കുണ്ട്.
ഒ വി വിജയൻ്റെ ഖസാക്കിൻ്റെ ഇതിഹാസം ചിത്രങ്ങളിലൂടെ വായനക്കാർക്ക് മുൻപിൽ എത്തിക്കാനുള്ള ഭാഗ്യം ലഭിച്ചത് എ എസിനാണ്. വി എസ് ഖാണ്ടെക്കറുടെ യയാതി എന്ന ഇതിഹാസ നോവലിന് വരച്ച ചിത്രങ്ങൾ മാത്രം മതി എ എസിന് ചരിത്രത്തിൽ ഇടം നേടാൻ. ബഷീർ മുതൽ സേതു വരെയുള്ള എഴുത്തുകാർ ചിത്രങ്ങൾക്ക് എ എസിനോട് കടപ്പെട്ടിരിക്കുന്നു.
വെറും 52 വയസിൽ മലയാളത്തിന് ഈ പ്രതിഭയെ നഷ്ടമായി.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *