#കേരളചരിത്രം
കൊച്ചി തീപിടുത്തം.
130 വർഷങ്ങൾക്ക് മുൻപ് കൊച്ചിയെ ഞെട്ടിച്ച ഒരു ദുരന്തത്തിൻ്റെ കഥയാണ്.
ഫോർട്ട് കൊച്ചി കടപ്പുറത്ത് ഒരു കരിങ്കല്ലിന്റെ സ്ഥൂപം കണ്ടിട്ടുള്ളവരുണ്ടാകും. കേരളത്തിലെ തന്നെ ഏറ്റവും വലിയ തീപിടുത്തത്തിൻ്റെ ചരിത്രസമാരകമാണ് ഈ സ്തൂപം എന്ന് മിക്കവർക്കും അറിയാൻ വഴിയില്ല.
പോർച്ച്‌ഗീസുകാർക്ക്ശേഷം ബ്രിട്ടീഷുകാർ കൊച്ചിയുടെ ആധിപത്യം പുലർത്തുന്ന പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അവസാനകാലം. അക്കാലത്ത്
കൊച്ചി, കപ്പല്‍ നിർമ്മാണത്തിന് പേരുകേട്ട സ്ഥലമാണ്.
പത്തേമാരികള്‍ കോഴിക്കോട്ടാണ് നിർമ്മിച്ചിരുന്നതെങ്കിൽ കപ്പലുകള്‍ നിർമ്മിക്കുന്ന സ്ഥലം കൊച്ചിയായിരുന്നു. ഉരുക്കിനു പകരം തേക്ക് കൊണ്ടാണ് വലിയ കപ്പലുകള്‍ കൊച്ചിയില്‍ ഉണ്ടാക്കിയിരുന്നത്.
ബ്രിട്ടീഷ് കൊച്ചിയില്‍ എല്ലാത്തരം പ്രധാന വ്യവസായങ്ങളും വിദേശകമ്പനികളുടെ ഉടമസ്ഥതയിലായിരുന്നു.
കൊച്ചിയിലെ പ്രധാന വിദേശക്കമ്പനികള്‍ ആയിരുന്നു വോള്‍കാർട്ട് ബ്രദേഴ്സ് ,
പിയേർസ് ലെസ്ലി, ഡാറാ സ്മെയില്‍, ആസ്‌പിൻവാൾ, തുടങ്ങിയവ.
ഇക്കാലത്താണ് നാട്ടുകാരനായ ഒരാൾ
ഒരു കപ്പല്‍ നിർമ്മിക്കുന്നത്.
അഞ്ചൂറ് ടണ്‍ കേവുഭാരമുള്ള ഒരു ചരക്കുകപ്പൽ ചന്ദ്രഭാനു എന്ന പേരിട്ട് നീറ്റിലിറക്കി.
തദ്ദേശീയരായ വ്യക്തികൾ ഒരു കാരണവശാലും വ്യവസായികമായി വളരരുത് എന്ന് ആഗ്രഹിച്ചിരുന്ന ബ്രിട്ടീഷ് അധികാരികൾ ചന്ദ്രഭാനുവിനു ലൈസൻസ് നൽകിയില്ല.
കപ്പലുടമ കേസ് നൽകിയെങ്കിലും
സാങ്കേതികകാരണങ്ങൾ പറഞ്ഞ് ബ്രിട്ടീഷ് കോടതി ചന്ദ്രഭാനുവിനെ കൊച്ചി കായലില്‍ കെട്ടിയിടാന്‍ ഉത്തരവിട്ടു.
അപ്പീലിൽ തീരുമാനം വരുന്നതു വരെ
വോൾക്കാർട്ട് കമ്പനിയുടെ സമീപം കപ്പലിനു നങ്കൂരമിടാന്‍ അനുവാദം ലഭിച്ചു.
വോൾക്ലാർട്ട് ബ്രദേഴ്സിൻ്റെ പ്രധാനവ്യാപാരം
കൊപ്രയാട്ടി, വെളിച്ചെണ്ണ ഉണ്ടാക്കി കയറ്റുമതി ചെയ്യുകയായിരുന്നു. കയർ ഉല്‍പ്പന്നങ്ങളും
വിദേശത്തേക്ക് കയറ്റുമതി ചെയ്തിരുന്നു.
സുഗന്ധവ്യഞനങ്ങളുടെ കയറ്റുമതിയും ഉണ്ടായിരുന്നു.
1889 ജനുവരി നാലാം തിയതി ചന്ദ്രഭാനു എന്ന കപ്പലിൽനിന്നും പുക ഉയരുന്നത് അടുത്തുള്ള കമ്പനിയിലെ തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടു.
വോള്‍ക്കാർട്ട് കമ്പനിയുടെ അടുത്താണ് ചന്ദ്രഭാനു നങ്കൂരമിട്ടിരിക്കുന്നത്.
കപ്പല്‍ നിമിഷനേരം കൊണ്ട് തീഗോളമായ് മാറിയിരുന്നു. വോള്‍ക്കാട്ട് അധികാരികള്‍ ഉടൻതന്നെ കമ്പനിയില്‍ ജോലിചെയ്യുന്ന പണിക്കാരോട് കപ്പലിന്റെ വടം മുറിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടു.
കപ്പല്‍ കൊച്ചി കായലിലൂടെ തീകൊണ്ട് മൂടിയ ഒരു രക്‌തരക്ഷസിനെപ്പോലെ ഒഴുകിനടന്നു.
കപ്പല്‍ കാറ്റിനനുസരിച്ച് നിങ്ങാന്‍ തുടങ്ങി.
കാറ്റിന്റെ ഗതിയില്‍ ഷിപ്പ് ആദ്യം പോയത് വോള്‍ക്കാർട്ട് കമ്പനിയുടെ അടുത്തേക്കാണ്.
കപ്പല്‍ വരുന്നതുകണ്ട് തൊഴിലാളികളും, ഓഫിസർമാരും കമ്പനി വിട്ട് ഇറങ്ങിയോടി.
വോൾക്കാർട്ട് കമ്പനി നിമിഷനേരം കൊണ്ട്
അഗ്‌നിക്കിരയായി.
കൊപ്രയും , വെളിച്ചെണ്ണയും കയറുല്‍പ്പന്നങ്ങളും സുഗന്ധവ്യജഞനങ്ങളും എല്ലാം തീയിൽ കത്തിച്ചാമ്പലായി.
പിന്നീട് കപ്പല്‍ നീങ്ങിയത്
ഡാറാ സ്മെയില്‍ കമ്പനിയിലേക്കാണ്.
നിമിഷനേരംകൊണ്ട് ആ കമ്പനിയും അഗ്‌നിക്കിരയായി.
കായലിന്റെ തീരത്തുള്ള ചെറുതും വലുതുമായ പല കമ്പനികളും ഗോഡൗണുകളും അഗ്‌നിക്കിരയായി.
അതിനുശേഷം ആസ്‌പിന്‍വാളും ചന്ദ്രഭാനുവിന്റെ തീഗോള താണ്ഡവത്തിന് ഇരയായി.
ബ്രണ്ടന്‍ കമ്പനിയെയും ചന്ദ്രഭാനു അഗ്‌നിക്ക് ഇരയാക്കി.
അവസാനം അവള്‍ നീങ്ങിയത് പിയേർസ് ലെസ്‌ലി എന്ന കമ്പനിയിലേയക്കാണ്.
കല്‍വത്തിയുടെ ഭാഗത്തേക്കു നീങ്ങിയ ചന്ദ്രഭാനു, കല്‍വത്തിയിലുള്ള 300 ഓളം വീടുകളും അഗ്‌നിക്ക് ഇരയാക്കി.
കല്‍വത്തി മുസ്ലിംപള്ളിയുടെ അടുത്തെത്തിയ ചന്ദ്രഭാനു അവസാനം കൊച്ചി കായലില്‍ സ്വയം മുങ്ങിത്താണു.
പള്ളിക്ക് ചെറിയ കേടുപാടുകള്‍ മാത്രമേ ഉണ്ടായുള്ളൂ.
കൊച്ചി കണ്ട ഏറ്റവും വലിയ തീപിടുത്തം
The Great Fire Of Cochin of 1889 എന്ന് ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു.
( adapted)
– ജോയ് കള്ളിവയലിൽ.
Posted inUncategorized