#ഓർമ്മ
വേലുത്തമ്പി ദളവ.
തിരുവിതാംകൂറിൻ്റെ ചരിത്രത്തിലെ അവിസ്മരണീയ ഒരു ഏടിൻ്റെ ഉടമയായ വേലുത്തമ്പി ദളവയുടെ (1765-1809) ജന്മവാർഷിക ദിനമാണ്
മെയ് 6.
നാഗർകോവിലിനടുത്ത് തലക്കുളം ഗ്രാമത്തിലാണ് തലക്കുളത്ത് വലിയ വീട്ടിൽ തമ്പി ചെമ്പകരാമൻ വേലായുധൻ്റെ ജനനം.
20 വയസ്സിൽ കാര്യക്കാരനായി തിരുവിതാംകൂർ സർക്കാരിൻ്റെ ഭാഗമായി.
16ആമത്തെ വയസ്സിൽ രാജാവായ ബാലരാമവർമ്മയുടെ ഭരണം അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും പര്യായമായി മാറിയിരുന്നു. ദളവായായ ജയന്തൻ ശങ്കരൻ നമ്പൂതിരിയുടെ കയ്യിലായിരുന്നു ഭരണത്തിൻ്റെ താക്കോൽ.
കാലിയായ ഖജനാവ് നിറയ്ക്കാൻ അയാൾ താങ്ങാനാവാത്ത നികുതിഭാരം ജനങ്ങളുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിച്ചു.
3000 രൂപാ പിരിക്കാൻ എല്പിക്കപ്പെട്ട വേലുത്തമ്പി, ജനങ്ങളെ സംഘടിപ്പിച്ച് കൊട്ടാരം വളഞ്ഞു. ജയന്തൻ നമ്പൂതിരിയെയും മന്ത്രിമാരായ തച്ചിൽ മാത്തു തരകൻ, ശങ്കരനാരായണൻ പിള്ള എന്നിവരെയും ശിക്ഷിക്കാൻ രാജാവ് നിർബന്ധിതനായി.
തുടർന്ന് വേലുത്തമ്പി ദളവയായി.
ആദ്യം ചെയ്തത് രാജാ കേശവദാസൻ്റെ മരണത്തിനു കാരണക്കാരായവരെ ശിക്ഷിക്കുക എന്നതായിരുന്നു. അഴിമതിക്കാർക്ക് അപ്പപ്പോൾ കഠിനശിക്ഷ നൽകുക എന്നതാണ് തമ്പിയുടെ രീതി.
പണം കണ്ടെത്താനായി നായർ പട്ടാളത്തിൻ്റെ ആനുകൂല്യങ്ങൾ കുറക്കാനുള്ള തീരുമാനം കടുത്ത എതിർപ്പു വിളിച്ചുവരുത്തി.
കൊച്ചിയിലേക്ക് പലായനം ചെയ്ത തമ്പി, ബ്രിട്ടീഷ് റസിഡൻ്റ് മെക്കാളെയുടെ സഹായത്തോടെ ലഹള അമർച്ച ചെയ്തു.
അതിനു കൊടുക്കേണ്ടിവന്ന വില വളരെ വലുതായിരുന്നു. താങ്ങാനാവാത്ത കപ്പമാണ് ബ്രിട്ടീഷുകാർ ആവശ്യപ്പെട്ടത്.
നിവൃത്തിയില്ലാതെ കൊച്ചിയിലെ പ്രധാനമന്ത്രി പാലിയത്ത് അച്ചൻ്റെ സഹായത്തോടെ മേക്കാളെയെ വധിക്കാൻ തമ്പി നടത്തിയ ശ്രമം പരാജയപ്പെട്ടു.
തമ്പിയെ വിട്ടുകൊടുക്കാൻ മെക്കാളെ രാജാവിനോട് ആവശ്യപ്പെട്ടു. തമ്പിക്ക് ഒളിവിൽ പോകേണ്ടിവന്നു. മണ്ണടിയിൽ എത്തിയ തമ്പി , പിടിയിലാകും എന്ന് ഉറപ്പായപ്പോൾ സ്വയം കഠാര കുത്തിയിറക്കി ജീവൻ ഒടുക്കാൻ ശ്രമിച്ചു. മരണവേദന കണ്ടുനിൽക്കാമാവാതെ അനുജൻ ആ ധീരദേശാഭിമാനിയുടെ തലയറുത്തു.
ജീവനോടെ പിടികൂടാൻ കഴിയാഞ്ഞതിലുള്ള വൈരാഗ്യം ബ്രിട്ടീഷുകാർ തീർത്തത്, മൃതദേഹം തിരുവനന്തപുരത്ത് കൊണ്ടുവന്ന് കണ്ണമ്മൂലയിൽ പരസ്യമായി പ്രദർശിപ്പിച്ചാണ്.
വേലുത്തമ്പിയുടെ ധീരമായ സ്വതന്ത്ര്യ പ്രഖ്യാപനമാണ് പ്രസിദ്ധമായ കുണ്ടറ വിളംബരം.
സ്വാതന്ത്ര്യപ്രേമികൾക്ക് എന്നും ആവേശമാണ് സെക്രട്ടറിയേറ്റിന് മുന്നിലുള്ള വേലുത്തമ്പി പ്രതിമ.
ദില്ലി മ്യുസിയത്തിൽ സൂക്ഷിച്ചിരുന്ന ദളവയുടെ ഉടവാൾ ഇപ്പൊൾ തിരുവനന്തപുരം നെപ്പിയർ മ്യുസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized