#ഓർമ്മ
യെഹൂദി മെനുഹിൻ
ലോകോത്തര വയലിൻ വാദകൻ യെഹൂദി മെനുഹിൻ്റെ (1916 – 1999) ജന്മവാർഷിക ദിനമാണ്
ഏപ്രിൽ 22.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ സംഗീതജ്ഞരിൽ പ്രമുഖനാണ് ഈ വയലിൻ മാന്ത്രികൻ.
മൊസാർട്ട്നുശേഷം നൂറ്റാണ്ടുകൾ കഴിഞ്ഞ് ലോകം കണ്ട ജീനിയസ് ബാലനാണ് മെനുഹിൻ . ഞാൻ വയലിൻ വായിക്കുമ്പോൾ ഒപ്പം മൊസാർട്ടും ഉണ്ട് എന്ന് എനിക്ക് തോന്നുന്നു എന്നാണ് ബാലനായ മെനുഹിൻ പറഞ്ഞത്.
3 വയസിൽ സംഗീതപഠനം തുടങ്ങിയ മെനുഹിൻ 5 വയസിൽ അരങ്ങേറ്റം കുറിച്ചു . 10 വയസ്സ് ആയപ്പോഴേക്കും ലോകതാരമായി മാറിയ മെനുഹിൻ 12 വയസിൽ സാൻ ഫ്രാൻസിസ്കോ ഫിലാർമോണിക്ക് ഓർക്കസട്രയിൽ ഒറ്റക്ക് വയലിൻ കച്ചേരി നടത്തി. പിന്നീട് തുടർച്ചയായി യൂറോപ്പ് മുഴുവൻ കച്ചേരികൾ. 13 വയസിൽ ആദ്യത്തെ ആൽബം റെക്കോർഡ് ചെയ്തു. EMI കമ്പനിയുമായുള്ള കരാർ 70 വര്ഷം നീണ്ടുനിന്നു.
ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന പിരിക്കാൻ കച്ചേരി നടത്താൻ 1952ൽ പ്രധാനമന്ത്രി നെഹ്റു ഇന്ത്യയിലേക്ക് ക്ഷണിച്ചു. ഭാരതീയസംഗീതവും യോഗയുമായി പ്രണയത്തിലായ മെനുഹിൻ തുടർന്നു് ലോകപ്രസിദ്ധ സിത്താർ വാദകൻ രവിശങ്കറുമായി ചേർന്ന് ലോകമെങ്ങും സംഗീതക്കച്ചേരികൾ നടത്തി.
പേരിൻ്റെ കൂടെ യെഹൂദി ( യഹൂദൻ്റെ ഹിബ്രു വാക്ക്) ചേർത്ത മെനുഹിൻ ന്യൂയോർക്കിൽ ലിഥുവേനിയക്കാരായ യഹൂദ ദമ്പതികളുടെ മകനായി ജനിച്ചു. പിന്നീട് അമേരിക്കൻ പൗരത്വം ഉപേക്ഷിച്ച് ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചു.
ബർലിനിൽവെച്ച് 83 വയസിൽ മരണമടയുന്നത് വരെ വയലിൻ സംഗീതം മാത്രമായിരുന്നു ജീവിതം. ലോകത്തിലെ ഏറ്റവും പ്രശസ്തവും വിലപിടിപ്പുള്ളതുമായ ഇറ്റാലിയൻ സ്ട്രാഡിവാരി വയലിൻ്റെ ഏറ്റവും മഹാനായ വാദകനായിരുന്നു മെനുഹിൻ.
ബ്രിട്ടൺ സർ പദവി നൽകി ആദരിച്ചപ്പോൾ ഇന്ത്യ നെഹ്റു അവാർഡ്, സംഗീത നാടക അക്കാദമി അവാർഡ് തുടങ്ങിയവ നൽകി ആദരിച്ചു. ലോകമാസകലമുള്ള 20 സർവകലാശാലകൾ ഡോക്റ്ററേറ്റ് നൽകി ഈ അതുല്യ സംഗീതകാരനെ ബഹുമാനിച്ചു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized