#ഓർമ്മ
സർ സി ശങ്കരൻ നായർ
ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ആദ്യത്തെ മലയാളി പ്രസിഡണ്ട് ആയ ചേറ്റൂർ ശങ്കരൻ നായരുടെ (1857- 1934) ചരമ വാർഷിക ദിനമാണ്
ഏപ്രിൽ 22.
1897ൽ അമരാവതിയിൽ നടത്തിയ ഇൻഡ്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് സർ സി ശങ്കരൻ നായർ ആണ്. പാർട്ടിയുടെ പതിമൂന്നാമത്തെ ദേശീയ അധ്യക്ഷൻ.
പാലക്കാട് മങ്കരയിലെ ചേറ്റൂർ തറവാട്ടിലാണ് ജനനം. മദ്രസിൽ നിന്ന് 1879ൽ നിയമബിരുദം നേടി മുൻസിഫ് ആയി. മദ്രാസ് സർക്കാരിന്റെ മലബാർ അന്വേഷണ കമ്മിറ്റിയംഗം, മദ്രാസ് നിയമസഭാംഗം, മദ്രാസ് ഹൈക്കോടതി ജഡ്ജി, ഇൻഡ്യൻ യൂണിവേഴ്സിറ്റി കമ്മീഷൻ അംഗം, സൈമൺ കമ്മീഷനുമായി സഹകരിക്കാനുള്ള ഇൻഡ്യൻ സെൻട്രൽ കമ്മിറ്റിയുടെ അദ്ധ്യക്ഷൻ, തുടങ്ങിയ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു. കേന്ദ്ര മന്ത്രിപദത്തിന് തുല്യമായ വൈസ്റോയിയുടെ എക്സിക്യൂട്ടിവ് കൗൺസിൽ അംഗമായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.
ബ്രിട്ടീഷ് സർക്കാർ 1912ൽ സർ പദവി നൽകി ആദരിച്ചു. 1919ലെ ജാലിയൻവാലാ ബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് അദ്ദേഹം തൻ്റെ കൗൺസിൽ അംഗത്വം രാജി വെക്കുകയായിരുന്നു.
‘ദ കേസ് ദാറ്റ് ഷുക്ക് ദ എംപയർ’ എന്ന രഘു പാലാട്ടിന്റെ പുസ്തകം ജാലിയൻ വാലാ ബാഗ് കൂട്ടക്കൊലയുടെ ഉത്തരവാദികളെ നിയമത്തിൻ്റെ മുന്നിൽ കൊണ്ടുവരാനുള്ള അദ്ദേഹത്തിൻ്റെ പോരാട്ടത്തിൻ്റെ കഥയാണ്.
ഗാന്ധിയുടെ സത്യാഗ്രഹ നയങ്ങളോട് അദ്ദേഹത്തിന് യോജിപ്പ് ഉണ്ടായിരുന്നില്ല.
‘ഗാന്ധി ആൻഡ് അനാർക്കി’ (Gandhi and Anarchy) എന്ന ഗ്രന്ഥം ഗാന്ധിയൻ സമര മുറങ്ങളോടുള്ള വിയോജിപ്പാണ്. മഹാത്മാ ഗാന്ധിയുടെ നിസ്സഹകരണ സമരത്തെയും ഖിലാഫത്ത് സമരം സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെടുത്തിയതിനെയും അദ്ദേഹം എതിർത്തു.
അദ്ദേഹത്തിൻ്റെ മകളുടെ ഭർത്താവ് കെ പി എസ് മേനോനും, കൊച്ചുമകൻ കെ പി എസ് മേനോൻ ജൂനിയറും, കേന്ദ്ര വിദേശകാര്യ സെക്രട്ടറി മാരായി സേവനം ചെയ്ത പ്രഗൽഫരാണ്
– ജോയ് കള്ളിവയലിൽ.
Posted inUncategorized