#ചരിത്രം
തീപ്പെട്ടിയുടെ കഥ.
60 വർഷങ്ങൾ മുൻപ് എൻ്റെ കുട്ടിക്കാലത്ത് രാവിലെ അടുക്കളയിൽ തീ കഥിച്ചിരുന്നത് തലേദിവസം ചാരത്തിൽ മൂടി സൂക്ഷിച്ചിരിക്കുന്ന കനലുകൾ ഊതി കത്തിച്ചാണ്. ഊതി ഊതി പുകയിൽ കണ്ണ് നീറി കരയുന്ന അമ്മയുടെ ഓർമ്മ പഴയ ആളുകൾക്ക് കാണും.
പിന്നീട് തീപ്പെട്ടിയുടെ വരവായി. പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ പകുതിയോടെ തീപ്പെട്ടി കണ്ടുപിടിക്കപ്പെട്ടിരുന്നു. ആദ്യകാലത്ത് തീപ്പെട്ടിക്കൊള്ളി അപകടം പിടിച്ച ഒന്നായിരുന്നു. എവിടെ ഉരസിയാലും പെട്ടെന്ന് തീപിടിക്കും. പിന്നീട് സേഫ്റ്റി മാച്ച് ബോക്സ് വന്നു. മാച്ച് ബോക്സ് എന്ന് പേര് വന്നതിൻ്റെ പിന്നിൽ ഒരു കഥയുണ്ട്. ആദ്യകാലത്ത് ഒരു ചെറിയ പെട്ടിയിൽ കൊല്ലുന്ന കളി പ്പാട്ടങ്ങൾ മാത്രമേ സ്കൂളിൽ കൊണ്ടുവരാൻ കുട്ടികൾക്ക് അനുവാദം ഉണ്ടായിരുന്നുള്ളുവത്രെ .
ഇരുപതാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ ഇന്ത്യയിൽ തീപ്പെട്ടി എത്തിച്ചത് ഈ രാജ്യത്തേക്ക് കുടിയേറിയ ജപ്പാൻകാരാണ് എന്നാണ് ചരിത്രം.
സ്വദേശി ജനതയുടെ മനസ്സിൽ കയറിപ്പറ്റാനാവണം ദേശീയ നേതാക്കളുടെയും സ്വാതന്ത്ര്യസമര ചിഹ്നങ്ങളുടെയും ചിത്രങ്ങൾ തീപ്പെട്ടിയുടെ ലേബലായി അടിച്ചു തുടങ്ങിയത്. മഹാത്മാഗാന്ധിയുടെ ചിത്രമുള്ള തീപ്പെട്ടിയിൽ മെയ്ഡ് ഇൻ ജപ്പാൻ എന്നാണ് എഴുതിയിരിക്കുന്നത്.
അരനൂറ്റാണ്ടു മുൻപുവരെ കേരളത്തിൽ അങ്ങോളം ഇങ്ങോളം തീപ്പെട്ടി കമ്പനികൾ പ്രവർത്തിച്ചിരുന്നു. അവയുടെ ലേബലുകൾ ശേഖരിക്കുന്നത് സ്റ്റാമ്പ് ശേഖരണം പോലെതന്നെ വിദ്യാർഥികൾക്കിടയിൽ സാധാരണയായിരുന്നു.
പിന്നീട് സിഗരറ്റ് ലൈറ്ററുകൾ വന്നു. വിലകൂടിയ സിഗരറ്റ് ടിന്നും ലൈറ്ററും കയ്യിൽ പിടിക്കുന്നത് വലിയ ധനികരുടെ മുഖമുദ്രയായിരുന്നു.
വിലകുറഞ്ഞ സിഗരറ്റ് ലൈറ്ററുകളും ഗാസ് ലൈറ്ററുകളും മറ്റും സാധാരണയായതോടെ തീപ്പെട്ടിയുടെ പ്രാധാന്യം കുറഞ്ഞു.
എങ്കിലും തീപ്പെട്ടിയും വൈവിധ്യമാർന്ന തീപ്പെട്ടി ലേബലുകളും ഗൃഹാതുരമായ ഓർമ്മയായി എൻ്റെ തലമുറ സൂക്ഷിക്കും എന്ന് ഉറപ്പാണ്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized