#കേരളചരിത്രം
കെ എസ് പി – കേരളരാഷ്ട്രീയത്തിൽ മിന്നിപ്പൊലിഞ്ഞ അഗ്നിനക്ഷത്രം.
സ്വാതന്ത്ര്യത്തിനു ശേഷമുള്ള ദശകത്തിൽ കേരള സംസ്ഥാനത്ത് നക്ഷത്രശോഭയോടെ നിലകൊണ്ട ഒരു രാഷ്ട്രീയ പാർട്ടിയാണ് കേരളാ സോഷ്യലിസ്റ്റ് പാർട്ടി ( കെ എസ് പി).
സ്വാതന്ത്ര്യസമരകാലത്ത് സോഷ്യലിസ്റ്റ് അനുഭാവികൾ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി എന്ന പേരിൽ കോൺഗ്രസിനുള്ളിൽ തന്നെയാണ് പ്രവർത്തിച്ചിരുന്നത്.
അക്കൂട്ടത്തിലെ കമ്മ്യൂണിസ്റ്റ് അനുഭാവികൾ 1930കളോടെ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ച് വേറിട്ടുപോയി.
രാജ്യത്തിനു സ്വാതന്ത്ര്യം നൽകാൻ ബ്രിട്ടീഷ് സര്ക്കാര് തീരുമാനിച്ചതോടെ
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ അംഗങ്ങൾ വേറൊരു പാർട്ടിയിലും അംഗത്വം സ്വീകരിക്കാൻ പാടില്ല എന്ന നിയമം കൊണ്ടുവന്നു. അതോടെ സോഷ്യലിസ്റ്റുകൾ കോണ്ഗ്രസ് വിട്ട് വേറെ പാർട്ടിയായി മാറി. അക്കൂട്ടത്തിൽ കേരളത്തിൽനിന്നും ധാരാളം പേരുണ്ടായിരുന്നു.
1947 മാർച്ച് 6ന് കാൺപൂരിൽ ചേർന്ന ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രഥമസമ്മേളനത്തിൽ പങ്കെടുത്ത കേരളനേതാക്കൾ, തിരുവിതാംകൂറിൽ നിന്ന് എൻ ശ്രീകണ്ഠൻനായർ, കണ്ണന്തോടത്ത് ജനാര്ദ്ദനൻനായർ, കൊച്ചിയിൽ നിന്ന് മത്തായി മാഞ്ഞൂരാൻ, ബ്രിട്ടീഷ് മലബാറിൽ നിന്ന് ഡോ. കെ ബി മേനോൻ, അരങ്ങിൽ ശ്രീധരൻ, പി എം കുഞ്ഞിരാമൻനമ്പ്യാർ എന്നിവരായിരുന്നു.
സമ്മേളനത്തിൽ “മാർക്സിസം – ലെനിനിസം സോഷ്യലിസ്റ്റ് പാർട്ടിയുടെ അടിസ്ഥാനപ്രമാണമായി അംഗീകരിക്കുന്നു എന്നൊരു പ്രമേയം ശ്രീകണ്ഠൻ നായർ അവതരിപ്പിച്ചു. മത്തായി മാഞ്ഞൂരാൻ പിന്താങ്ങി. പക്ഷേ മലബാറിൽനിന്നുള്ള പ്രതിനിധികൾ പോലും പ്രമേയത്തെ അനുകൂലിച്ചില്ല.
അതോടെ പാർട്ടി വിട്ട നേതാക്കൾ മത്തായി മാഞ്ഞൂരാന്റെ നേതൃത്വത്തിൽ 1947 സെപ്റ്റംബർ 21ന് കോഴിക്കോട് വെച്ച് കേരള സോഷ്യലിസ്റ്റ് പാർട്ടി എന്ന പുതിയ ഒരു പാർട്ടിക്ക് രൂപംകൊടുത്തു. ശ്രീകണ്ഠൻ നായർ ആയിരുന്നു പ്രഥമ സെക്രട്ടറി.
1948 ഫെബ്രുവരിയിൽ തിരുവിതാംകൂർ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കെ എസ് പി, കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ചേർന്നാണ് മത്സരിച്ചത്. പട്ടം താണുപിള്ളയോട് ഏറ്റുമുട്ടിയ ശ്രീകണ്ഠൻനായർ ഉൾപ്പെടെ എല്ലാവരും തോറ്റു.
കോൺഗ്രസിലെ ഉൾപ്പോരുകൾ മൂലം രാജിവെക്കേണ്ടിവന്ന പട്ടത്തിന് പക്ഷേ, തന്റെ സ്ഥാനനഷ്ടം സഹിക്കാനായില്ല. 1948 ഒക്ടോബർ 10ന് രാജിവെച്ച പട്ടം, ഒക്ടോബർ 22ന് സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗമായി. അനുയായികളായ പൊന്നറ ശ്രീധർ, പി എസ് നടരാജപിള്ള, കെ പി നീലകണ്ഠപിള്ള, വി ഗംഗാധരൻ എന്നിവരും കൂടെപ്പോയി.
1949 ആയപ്പോഴേക്കും മത്തായിയുമായി പിണങ്ങിയ ശ്രീകണ്ഠൻനായരും കൂട്ടരും ഫെബ്രുവരി 6ന് കെ എസ് പി വിട്ടു. കണ്ണന്തോടത്ത് ജനാർദനൻനായർ കൽക്കത്തയിൽ പോയി നടത്തിയ ചർച്ചകൾക്കൊടുവിൽ അവർ റവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടിക്കാരായി മാറി.
1951-52ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ, ആർ എസ് പിയും കെ എസ് പിയും കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി യോജിച്ചാണ് മത്സരിച്ചത്. 6 ആർ എസ് പി ക്കാരും 1 കെ എസ് പിക്കാരനും ജയിച്ചു. ജയിച്ച ആർ എസ് പി ക്കാരിൽ ശ്രീകണ്ഠൻനായരും, ബേബി ജോണും, ടി കെ ദിവാകരനും, കെ കെ കുമാരപിള്ളയും ഉണ്ടായിരുന്നു. ഈ സമയത്ത് എൻ പി കുരിക്കളും കണ്ണന്തോടത്ത് ജനാർദനൻനായരും അകാലത്തിൽ മരണപ്പെട്ടിരുന്നു.
ഒറ്റക്ക് മത്സരിച്ച ഐ എസ് പിക്ക്, പട്ടത്തിന്റെ പ്രഭാവത്തിൽ 12 സീറ്റ് ജയിക്കാനായി.
മലബാറിൽനിന്ന് മദ്രാസ് നിയമസഭയിലേക്ക് ഡോ. കെ ബി മേനോനടക്കം 4 ഐ എസ് പി ക്കാർ ജയിച്ചു.
ഐ എസ് പി യും കെ എം പി പിയും( കെ കേളപ്പൻ്റെ നേതൃത്വത്തിൽ കോൺഗ്രസ് വിട്ടവർ അംഗമായ കിസാൻ മസ്ദൂർ പ്രജാ പാർട്ടി) കൂടി ലയിച്ച പി എസ് പിയാണ് 1954ലെ തിരുകൊച്ചി നിയമസഭാ തെരഞ്ഞെടുപ്പ് നേരിട്ടത്.
കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ധാരണയിലാണ് മൂന്നു സോഷ്യലിസ്റ്റ് പാർട്ടികളും മത്സരിച്ചത്.
ജയിച്ചവരിൽ പി എസ് പി -19, ആർ എസ് പി -9, കെ എസ് പി -3 എന്നതായിരുന്നു കക്ഷിനില.
മുഖ്യമന്ത്രിയാകാൻ തന്നെക്കാൾ അർഹത വേറെ ആർക്കുമില്ല എന്നതായിരുന്നു എക്കാലത്തെയും പട്ടത്തിന്റ നിലപാട്.
കമ്മ്യൂണിസ്റ്റ്കളെ അധികാരത്തിൽനിന്ന് ഒഴിച്ചുനിർത്താൻ എന്തു വിട്ടുവീഴ്ചക്കും കൊണ്ഗ്രസ്സ് തയാറായിരുന്നു.
കൊണ്ഗ്രസ്സ് പുറത്തുനിന്ന് പിന്തുണച്ചു പട്ടം പി എസ് പിയുടെ മന്ത്രിസഭയുണ്ടാക്കി. പി എസ് നടരാജപിള്ള, പി കെ കുഞ്ഞ്, എ അച്യുതൻ എന്നിവരായിരുന്നു സഹമന്ത്രിമാർ.
കെ എസ് പി ക്ഷയിച്ചതോടെ മിക്ക നേതാക്കളും ആറ് എസ് പി, പി എസ് പി തുടങ്ങി മറ്റ് പാർട്ടികളിലേക്ക് ചേക്കേറുകയോ കെ എം ചുമ്മാർ, ആറ് എം മനക്കലാത്ത് തുടങ്ങിയവർ പത്രപ്രവർത്തകരായി മാറുകയോ ചെയ്തു.
മത്തായിയും സഹോദരൻ ജോൺ മാഞ്ഞൂരാനും മാത്രമായി അവശേഷിച്ച നേതാക്കൾ.
1967 ലെ തെരഞ്ഞെടുപ്പ് ജയിക്കാനായി ഈ എം എസ് തട്ടിക്കൂട്ടിയ സപ്തകക്ഷി മുന്നണിയിൽ കെ എസ് പി ക്കും സ്ഥാനം കിട്ടി. ജയിച്ച മത്തായി മാഞ്ഞൂരാൻ തൊഴിൽ മന്ത്രിയാകുകയും ചെയ്തു. മത്തായിയുടെ മരണശേഷം ജോൺ മാഞ്ഞൂരാനും എം എൽ എ യായി . പിന്നീട് അധികമാരും അറിയാതെ, ഒരു കാലത്ത് മലയാളി യുവാക്കൾക്ക് ആദർശരാഷ്ട്രീയത്തിൻ്റെ പര്യായമായിരുന്ന കെ എസ് പി കേരളരാഷ്ട്രീയ രംഗത്ത് നിന്ന് അസ്തമിക്കുകയും ചെയ്തു.
ഫോട്ടോ :
1.എൻ ശ്രീകണ്ഠൻ നായർ
2.മത്തായി മാഞ്ഞൂരാൻ
3.പട്ടം താണുപിള്ള
– ജോയ് കള്ളിവയലിൽ.
Posted inUncategorized