#ഓർമ്മ
വേലുത്തമ്പി ദളവ.
ധീര ദേശാഭിമാനി വേലുത്തമ്പി ദളവ (1765-1709) ജീവത്യാഗം ചെയ്ത ദിവസമാണ് മാർച്ച് 29.
തിരുവിതാംകൂർ നാട്ടുരാജ്യത്തിൻ്റെ ഭാഗമായിരുന്ന കന്യാകുമാരി ജില്ലയിലെ തലക്കുളത്ത് ഒരു അഭിജാത കുടുംബത്തിലാണ് വേലായുധൻ ചെമ്പകരാമൻ തമ്പിയുടെ ജനനം.
ധർമ്മരാജാ എന്നറിയപ്പെട്ട രാമവർമ്മ മഹാരാജാവ് തമ്പിയെ മാവേലിക്കര കാര്യക്കാർ ( തഹസീൽദാർ) ആയി നിയമിച്ചു.
പിന്നീട് 16 വയസിൽ രാജാവായ ബാലരാമവർമ്മയുടെ ഭരണം അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കാലമായിരുന്നു. ദിവാൻ രാജാ കേശവദാസ് കൊല ചെയ്യപ്പെട്ടു. ദളവയായ ജയന്തൻ ശങ്കരൻ നമ്പൂതിരിയുടെ ഭരണത്തിൽ ഖജനാവ് കാലിയായി. ഖജനാവിൽ വൻതുക പിരിച്ച് അടക്കാനുള്ള ഉത്തരവിന് എതിരെ പ്രതിഷേധിച്ച വേലുത്തമ്പി ജനങ്ങളെ അണിനിരത്തി സമ്മർദം ചെലുത്തി ജയന്തനെ പിരിച്ചയച്ചു . മന്ത്രിമാരായ തച്ചിൽ മാത്തൂ തരകൻ, ശങ്കരനാരായണൻ ചെട്ടി എന്നിവരെ തടങ്കലിൽ പാർപ്പിച്ചു. ദളവയായ ശേഷം വേലുത്തമ്പിയുടെ ഭരണം ക്രൂരമായിരുന്നു. തനിക്ക് എതിരെ ഉയർന്ന കലാപം അമർച്ചചെയ്യാൻ ദളവ, ബ്രിട്ടീഷ് റസിഡൻ്റ് മെക്കാളെയുടെ സഹായം തേടി. കലാപം അമർച്ച ചെയ്യപ്പെട്ടുവെങ്കിലും തിരുവിതാംകൂർ വൻതുക ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് കപ്പംകൊടുക്കാൻ നിർബന്ധിതമായി.
നിവൃത്തിയില്ലാതെ ദളവ കൊച്ചിയിലെ പാലിയത്ത് അച്ചനുമായി ചേർന്നു റെസിഡൻ്റിനെ വധിക്കാൻ ശ്രമിച്ചു. കലാപം പരാജയപ്പെട്ടു. ബ്രിട്ടീഷുകാരെ എതിർക്കാൻ പ്രസിദ്ധമായ കുണ്ടറ വിളംബരം പുറപ്പെടുവിച്ചത് 1803 ജനുവരി 11നാണ്. ദളവ ഒളിവിൽ പോകാൻ നിർബന്ധിതനായി. ദളവയെ പിടിക്കാൻ കമ്പനി രാജാവിൻ്റെ ഉത്തരവ് തേടി. എതിരാളിയായ പുതിയ ദളവ ഉമ്മണിത്തമ്പിയുടെ സഹായത്തോടെ ബ്രിട്ടീഷ് പട്ടാളം വേലുത്തമ്പിയും സഹോദരനും ഒളിച്ചിരുന്ന മണ്ണടി ഭഗവതി ക്ഷേത്രം വളഞ്ഞു. കീഴടങ്ങാൻ തയാറാകാതെ തമ്പി ആത്മാഹൂതി ചെയ്തു.
ബ്രിട്ടീഷ് പട്ടാളം മൃതദേഹം തിരുവനന്തപുരം കണ്ണമ്മൂലയിൽ പരസ്യമായി കെട്ടിത്തൂക്കിയാണ് പക തീർത്തത്. വീട് പൊളിച്ചുകളഞ്ഞു. കുടുംബാംഗങ്ങൾ മാലദ്വീപിലേക്ക് നാടുകടത്തപ്പെട്ടു.
ഇന്ന് ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനു മുന്നിൽ വേലുത്തമ്പിയുടെ പ്രതിമ തലയുയർത്തി നിൽക്കുന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized