ആത്മകഥ – മൊയ്യാരത്ത് ശങ്കരൻ

#books

ആത്മകഥ
– മൊയ്യാരത്ത് ശങ്കരൻ.

മലബാറിലെ സ്വാതന്ത്ര്യസമരചരിത്രത്തിലെ തിളങ്ങുന്ന ഒരു അധ്യായമാണ് മൊയ്യാരത്ത് ശങ്കരൻ്റെ ജീവിതം
വടക്കേ മലബാറിലെ പ്രശസ്തമായ ഒരു കുടുംബത്തിൽ പിറന്ന ശങ്കരൻനമ്പ്യാർ, കൽക്കത്തയിലെ മെഡിക്കൽ പഠനം ഉപേക്ഷിച്ചു തിരിച്ചെത്തിയാണ് കുറുമ്പ്രനാട് താലൂക്കിൽ കോൺഗ്രസ്സ് പ്രസ്ഥാനം പടുത്തുയർത്തിയത്. കെ മാധവൻ നായർ, കെ പി കേശവമേനോൻ, കെ കേളപ്പൻ എന്നിവരോടോത്ത് അറസ്റ്റും ജയിൽവാസവും അനുഭവിച്ച മൊയ്യാരം, തൻ്റെ അവിരാമമായ പ്രവർത്തനത്തിലൂടെ ബ്രിട്ടീഷ് മലബാറിൽ കോൺഗ്രസ്സിന് നല്ല വേരോട്ടം ഉണ്ടാക്കി.
പയ്യന്നൂർ ഉപ്പുസത്യാഗ്രഹത്തിന്റ നേതാവായി അറിയപ്പെടുന്നത് കേളപ്പൻ ആണെങ്കിലും, അതിന്റെ വിജയത്തിനു പിന്നിലെ മുഖ്യഘടകം മൊയ്യാരത്തിന്റെ സംഘടനാവൈഭവം ആയിരുന്നു.
കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുടെ സ്ഥാപകനേതാക്കളിൽ ഒരാളായ മൊയ്യാരം, പിണറായിയിലെ പാറപ്പുറം സമ്മേളനത്തോടെ കമ്മ്യുണിസ്റ്റായി മാറി.
സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷം 1948ൽ, കണ്ണൂർ ജെയിലിൽ കോൺഗ്രസ് ഗുണ്ടകളുടെയും പോലീസിന്റെയും നിഷ്ഠൂരമർദനമേറ്റ ആ ധീരദേശാഭിമാനി ജെയിലിൽ വെച്ചുതന്നെ മരണമടഞ്ഞു . ബന്ധുക്കൾക്ക് വിട്ടുനൽകാതെ മൃതദേഹം ജയിൽ വളപ്പിൽ മറവ് ചെയ്യപ്പെട്ടു.
1933ൽ മരണമടഞ്ഞ കെ മാധവൻ നായരും, 1948ൽ കൊലചെയ്യപ്പെട്ട മൊയ്യാരവും ഉണ്ടായിരുന്നെങ്കിൽ മലബാറിന്റെ ചരിത്രം വേറൊന്ന് ആയിരുന്നേനെ.
1945ൽ എഴുതിയ ആത്മകഥയിൽ 1932 വരെയുള്ള ചരിത്രമാണ് ഉള്ളത്. മലബാറിന്റെ സ്വാതന്ത്ര്യസമരചരിത്രം പറഞ്ഞുതരുന്ന പുസ്തകം പുനപ്രസിദ്ധീകരിച്ച മാതൃഭൂമിക്ക് നന്ദി.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *