ഇന്ദിരയുടെ വിശ്വസ്തനും രാജീവ് ഗാന്ധി മന്ത്രിസഭയിൽ അംഗവുമായിരുന്നു പിന്നീട് ഗവർണറുമായ എൻ്റെ അമ്മാവൻ എം എം ജേക്കബ്.
അദ്ദേഹം പറഞ്ഞ ഒരു കഥയുണ്ട്. ഇന്ദിരാഗാന്ധി അവരുടെ മുന്നിലെത്തുന്ന രേഖകൾ വിശദമായി പഠിച്ച് വേണ്ട തിരുത്തുകൾ വരുത്തും. മന്ത്രിയായി ചാർജെടുത്ത സമയത്ത് രാജീവിൻ്റെ സെക്രട്ടറി വിൻസെൻ്റ് ജോർജ്, ജേക്കബിനോട് ഒരു രഹസ്യം പറഞ്ഞുകൊടുത്തു. പ്രധാനമന്ത്രി അര പേജിൽ കൂടിയ നോട്ടുകൾ ഒന്നും വായിച്ചുനോക്കുക പോലുമില്ല.
മന്ത്രി എന്ന നിലയിൽ ജേക്കബ് രാജീവിനെ കാണുമ്പോൾ ഈ ഉപദേശം മനസ്സിൽ വെച്ചു. മന്ത്രാലയങ്ങൾ തയാറാക്കുന്ന വിശദമായ റിപ്പോർട്ടുകൾ മുഴുവൻ പഠിച്ച് അര പേജിൽ ഒതുങ്ങുന്ന നോട്ട് തയാറാക്കി പ്രധാനമന്ത്രിക്ക് കൊടുക്കും. തീരുമാനം ഉടൻ ഉണ്ടാകും. രാജീവിൻ്റെ വിശ്വസ്തരിൽ ഒരാളായി ജേക്കബ് മാറിയതിൽ അത്ഭുതമുണ്ടോ? ശക്തമായ ആഭ്യന്തര വകുപ്പ് തന്നെ അദ്ദേഹത്തെ ഏൽപ്പിച്ചു.
ഈ കഥ ഇപ്പൊൾ പറയാൻ കാരണം ഞാൻ ഫെയ്സ്ബുക്കിൽ എഴുതുന്നത് വളരെ ഹൃസ്വമായി പോകുന്നു. കുറച്ചുകൂടി വിശദമായി എഴുതണം എന്ന് ചില സുഹൃത്തുക്കൾ പരാതി പറയാറുണ്ട് എന്നതുകൊണ്ടാണ്.
എൻ്റെ അനുഭവത്തിൽ നീണ്ട ലേഖനങ്ങൾ പലതും വായിക്കാതെ വിടുകയാണ് പതിവ്. പത്രങ്ങളിൽ വരുന്ന ലേഖനങ്ങളുടെ പോലും സ്ഥിതി ഇതാണ്. സമയം കിട്ടുമ്പോൾ വായിക്കാം എന്ന് കരുതി മാറ്റിവെച്ച തടിയൻ പുസ്തകങ്ങൾ എൻ്റെ കയ്യിൽ ഇഷ്ടം പോലെയുണ്ട്. ഇതേ കാരണംകൊണ്ട് വീഡിയോകൾ ഞാൻ തുറന്നുപോലും നോക്കാറില്ല. ആ സമയംകൊണ്ട് കുറെയേറെ പോസ്റ്റുകൾ ഓടിച്ചു വായിക്കുകയെങ്കിലും ചെയ്യാം.
ഇത്രയും വായിക്കാൻ ക്ഷമ കാണിച്ചവർ അവരുടെ അഭിപ്രായം അറിയിക്കുമല്ലോ?