#ഓർമ്മ
അപ്പു നെടുങ്ങാടി.
റാവു ബഹദൂർ ടി എം അപ്പു നെടുങ്ങാടിയുടെ ( 1863 -1933) ജന്മവാർഷികദിനമാണ്
നവംബർ 6.
മലയാളഭാഷയിൽ എഴുതപ്പെട്ട ആദ്യത്തെ നോവലിൻ്റെ രചയിതാവ്, ആദ്യത്തെ ബാങ്കിൻ്റെ സ്ഥാപകൻ എന്നിങ്ങനെ മലയാളചരിത്രത്തിൽ ചിരപ്രതിഷ്ഠ നേടിയ മഹാനാണ് അപ്പു നെടുങ്ങാടി.
ഒറ്റപ്പാലത്തിനടുത്ത് കോതക്കുറിശ്ശി ഗ്രാമത്തിലാണ് ജനനം. അമ്മ കുഞ്ഞുകുട്ടി കോവിലമ്മ. അച്ഛൻ കോഴിക്കോട് സാമൂതിരി കോവിലകത്തെ മൂന്നാൾപ്പാട് . 13 വയസിൽ അച്ഛൻ നഷ്ടപ്പെട്ട അപ്പു
കോഴിക്കോട്ടെ സ്കൂൾ പഠനത്തിനുശേഷം മദ്രാസ് ക്രിസ്ത്യൻ കോളേജിൽ ചേർന്ന് 1883ൽ ബിരുദം നേടി.
17 വയസിൽ വിവാഹിതനായി.
കണ്ണൂരും കോഴിക്കോട് ബി ഈ എം സ്കൂളിൽ അധ്യാപകനായി ജോലി ചെയ്ത ശേഷം മദ്രാസ് ലോ കോളേജിൽ നിന്ന് 1888ൽ നിയമബിരുദം നേടി. വിദ്യാർഥിയായിരിക്കെ എഴുതി 1887ൽ മദ്രാസിൽ നിന്ന് പ്രസിദ്ധീകരിച്ച നോവലാണ് കുന്ദലത.
ലിംഗിചെട്ടി തെരുവിലായിരുന്നു താമസം എന്ന് ആമുഖത്തിൽ നിന്ന് ഊഹിക്കാം.
കോഴിക്കോട് വക്കീലായിരിക്കെ 1899 നെടുങ്ങാടി ബാങ്ക് എന്ന സ്വകാര്യ ധനകാര്യ സ്ഥാപനം തുടങ്ങി. 1913ൽ ബാങ്കായി റെജിസ്റ്റർ ചെയ്‌ത് 3 കൊല്ലം ചെയർമാൻ പദവി വഹിച്ചു. ( 2013ൽ നെടുങ്ങാടി ബാങ്ക് പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിപ്പിക്കപ്പെട്ടു).
കോഴിക്കോട് ആനി ഹാൾ റോഡിന് സമീപം നഗരത്തിലെ ആദ്യത്തെ എരുമ വളർത്തൽ / പാൽ വിതരണ കേന്ദ്രം നടത്തിയ ഖ്യാതിയും അപ്പു നെടുങ്ങാടിക്ക് സ്വന്തം. പബ്ലിക്ക് പ്രോസിക്യൂട്ടർ , മുനിസിപ്പൽ കൗൺസിൽ അംഗം എന്ന നിലയിലും പ്രവർത്തിച്ചു.
കോഴിക്കോട്ടെ ആദ്യത്തെ പെൺകുട്ടികളുടെ സ്കൂൾ ചാലപ്പുറത്ത് സ്ഥാപിച്ചത് അപ്പു നെടുങ്ങാടിയാണ്. സ്നേഹിതൻ അച്യുതൻ ഏറ്റെടുത്ത സ്കൂൾ അച്യുതൻ ഗേൾസ് സ്‌കൂളായി മാറി.
കടുത്ത പ്രമേഹം 70 വയസിൽ മരണകാരണമായി മാറി.
– ജോയ് കള്ളിവയലിൽ.
Posted inUncategorized