#economics
#books
അമർത്യാ സെൻ @ 90.
പ്രൊഫസ്സർ അമർത്യ സെന്നിന് ( ജനനം നവംബർ 3, 1933) നവതി തികഞ്ഞു.
ശാന്തിനികേതനിൽ ജനിച്ച്,
ഗുരുദേവ് ടാഗോറിൻ്റെ മടിത്തട്ടിൽ വളരാൻ ഭാഗ്യം കിട്ടിയ സെന്നിന് ഒമോർത്തോ (അമർത്യ – മരണമില്ലാത്തവൻ ) എന്ന് പേരിട്ടത് ടാഗോർ തന്നെയാണ്. മുത്തച്ഛൻ ക്ഷിതി മോഹൻ സെൻ ശാന്തിനികേതനിലെ അധ്യാപകനായിരുന്നു. അച്ഛൻ അശുതോഷ് സെൻ പ്രൊഫസറായി ജോലിചെയ്തിരുന്ന കൽക്കത്ത പ്രസിഡൻസി കോളേജിൽ പഠിക്കുമ്പോൾ 1951ൽ വായിൽ കാൻസർ ബാധിച്ച അമർത്യ 5 വർഷത്തിൽ കൂടുതൽ ജീവിക്കില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയതാണ്. അതിസമർത്ഥനായ ആ വിദ്യാർഥി വിധിയെ തോൽപ്പിച്ച് കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ പി എച്ച് ഡി നേടി.
പിന്നീട് അദ്ദേഹത്തെ അധ്യാപകനായി കിട്ടാൻ ലോകത്തിലെ മികച്ച സർവകലാശാലകൾ മത്സരിക്കുകയായിരുന്നു.
കൽക്കത്ത ജാദവപുർ , ഹാർവാർഡ്, കേംബ്റിഡ്ജ്, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്, കോർണൽ, ഓക്സ്ഫോർഡ്, ഡൽഹി സ്കൂൾ ഓഫ് ഇക്കണമിക്സ്, ബർക്കിലിയിലെ യൂനിവേഴ്സിറ്റി ഓഫ് കാലിഫോർണിയ എന്നീ യൂണിവേഴ്സിറ്റികളിൽ പഠിപ്പിച്ച സെൻ ഇപ്പോഴും ഹാർവാർഡിലെ പ്രൊഫസറാണ്. മാതൃവിദ്യാലയമായ ട്രിനിറ്റി കോളേജിൻ്റെ മാസ്റ്ററായും സേവനമനുഷ്ടിച്ചു.
ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിനു വഴിയൊരുക്കിയ 1943ലെ ബംഗാൾക്ഷാമം ഉണ്ടാക്കിയ ദുരന്തങ്ങൾ നേരിട്ടുകണ്ട സെൻ ലോകത്ത് ദാരിദ്ര്യവും നിരക്ഷരതയും നിർമാർജനം ചെയ്യാനുള്ള അന്വേഷണത്തിനായി തൻ്റെ ജീവിതം ഉഴിഞ്ഞുവെക്കുകയായിരുന്നു.
Welfare Economics, Economic and Social Justice, Economic theory of Famine, Decision theory, Development Economics, Public Health
തുടങ്ങിയ സാമ്പത്തികശാസ്ത്ര വിഷയങ്ങളിൽ സെന്നിൻ്റെ വാക്കുകൾക്കായി ലോകം കാതോർക്കുന്നു.
1998ൽ നോബൽ സമ്മാനം, 1999ൽ ഭാരതരത്നം തുടങ്ങിയ പരമോന്നത ബഹുമതികൾ ലഭിച്ച അമർത്യ സെൻ ഹാർവാർഡിലും ശാന്തിനികേതനിലുമായി തൻ്റെ സമയം പങ്കിടുന്നു.
നബനീതാ ദേവ് സെൻ ( 1958-76), ഈവ കോർനി ( 1978-85), എമ്മ റോഷൈൽഡ് എന്നിങ്ങനെ മൂന്നുപ്രാവശ്യം സെൻ വിവാഹിതനായി.
2021ൽ പുറത്തിറങ്ങിയ ഹോം എൻ ദി വേൾഡ് എന്ന ആത്മകഥ വായിക്കുന്നത് മറക്കാനാവാത്ത അനുഭവമാണ്. ഓരോപേജും എത്ര പ്രാവശ്യം വായിച്ചു എന്ന് എനിക്കറിഞ്ഞുകൂടാ.
33 വയസ് വരെയുള്ള ജീവിതം മാത്രമാണ് പുസ്തകത്തിൽ വിവരിക്കുന്നത്.
ദാരിദ്ര്യമാണ് ലോകത്തിലെ എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണം എന്ന് അദ്ദേഹം ഉദാഹരണ സഹിതം തൻ്റെ പുസ്തകങ്ങളിൽ സമർഥിക്കുന്നു.
ആദ്യമായി സാമ്പത്തിക ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ഭാരതീയനാണ് അമർത്ത്യ സെൻ.
വായിച്ചും, ആളുകളുമായി തർക്കിച്ചും തൻ്റെ സമയം ചെലവഴിക്കുന്നു എന്നാണ് അദ്ദേഹം ഒരിക്കൽ പറഞ്ഞത്. The Argumentative Indian എന്ന ഒരു പുസ്തകം തന്നെ അമർത്യ സെൻ എഴുതിയിട്ടുണ്ട്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized