#ഓർമ്മ
#publicaffairs
ഇള ഭട്ട്.
ഇള ഭട്ടിൻ്റെ (1933-2022) ഓർമ്മദിവസമാണ്
നവംബർ 2.
ഗാന്ധിയൻ ആദർശങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ബുദ്ധിമുട്ടാണ് എന്ന് ചിന്തിക്കുന്ന ഭൂരിപക്ഷം ഇന്ത്യാക്കാർക്കുമുള്ള ഉത്തരമാണ് ഇളാ ഭട്ട്. SEWA ( Self Employed Women’s Association of India) എന്ന പ്രസ്ഥാനത്തിൻ്റെ സ്ഥാപക എന്ന നിലയിൽ പതിനായിരക്കണക്കിന് സ്ത്രീകൾക്ക് സ്വന്തം കാലിൽ നിൽക്കാൻ അവർ വഴികാട്ടിയായി.
സൂറത്തിൽ ഒരു വക്കീലിൻ്റെ മകളായി ജനിച്ച ഇള, നിയമബിരുദം നേടി ബോംബെ SNDT കോളേജിൽ അധ്യാപികയായി. ഒരുവർഷം കഴിഞ്ഞ് അഹമ്മദാബാദ് ടെക്സ്റ്റൈൽ ലേബർ അസോസിയേഷൻ്റെ നിയമകാര്യങ്ങൾ നോക്കാൻ നിയോഗിക്കപ്പെട്ടു. 1968ൽ TLA യുടെ വനിതാവിഭാഗത്തിൻ്റെ ചുമതല നൽകിയത് വഴിത്തിരിവായി. സ്ത്രീകൾക്ക് വേണ്ടത് സ്വന്തമായ ജോലിയും സ്ഥിരവരുമാനവും ആണെന്ന് അവർ തിരിച്ചറിഞ്ഞു. തികച്ചും ഗാന്ധിയൻ രീതിയിൽ 1972ൽ അവർ SEWA ക്ക് തുടക്കമിട്ടു. മൂന്നുകൊല്ലം കൊണ്ട് അംഗസംഖ്യ 3000മായി ഉയർന്നു. പിന്നീടുള്ള 20 ലക്ഷത്തിലേക്കുള്ള വളർച്ച വിസ്മയകരം എന്ന് മാത്രമേ വിശേഷിപ്പിക്കാൻ കഴിയൂ.
ഇളക്ക് ലഭിച്ച പുരസ്കാരങ്ങൾ നിരവധിയാണ്. 1977ൽ മഗ്സാസെ, 1984ൽ സമാന്തര നോബൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന Right Livelihood Award, 1986ൽ പദ്മഭൂഷൺ തുടങ്ങിയ അവയിൽ ചിലതാണ്. 1986ൽ രാജ്യസഭാ എം പിയായി നാമനിർദേശം ചെയ്യപ്പെട്ടു. മരിക്കുമ്പോൾ ഗാന്ധിജി സ്ഥാപിച്ച അഹമ്മദാബാദ് ഗുജറാത്ത് വിദ്യാപീഠം സർവകലാശാലയുടെ ചാൻസലറായിരുന്നു.
സ്ത്രീശാക്തീകരണം ഗാന്ധിസം എന്ന അടിത്തറയിൽ വിജയകരമായി നടപ്പാക്കിയ മഹതിയാണ് ഇള ഭട്ട്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized