#ഓർമ്മ
#publicaffairs
ഡോക്ടർ പൽപ്പു.
നവോഥാനനായകനായ ഡോക്ടർ പൽപ്പുവിന്റെ (1863-1950) ജന്മവാർഷികദിനമാണ്
നവംബർ 2.
തിരുവനന്തപുരം പേട്ടയിൽ ജനിച്ച പദ്മനാഭൻ പൽപ്പു, 12 വയസ്സ് മുതൽ സ്വകാര്യമായി ഇംഗ്ലീഷ് പഠിച്ചു തുടങ്ങി.1883ൽ മഹാരാജാസ് കോളേജിൽ നിന്ന് മട്രികുലാഷൻ പാസായ പൽപ്പുവിന് ഈഴവനായതിന്റെ പേരിൽ ഉപരിപഠനത്തിനുള്ള അവസരം നിഷേധിക്കപ്പെട്ടു.
1885ൽ മദ്രാസിൽ പോയി അലോപ്പതി പഠിച്ച അദ്ദേഹം, തുടർന്ന് ഇംഗ്ലണ്ടിൽപ്പോയി LMS ബിരുദം നേടി തിരിച്ചെത്തി.
തിരുവിതാംകൂർ ഹെൽത്ത് സർവീസിൽ ജോലി നിഷേധിക്കപ്പെട്ട ഡോക്ടർ പൽപ്പുവിന് മൈസൂർ സർക്കാരാണ് ഉദ്യോഗം നൽകിയത്.
മൈസൂരിൽ ജോലിനോക്കുമ്പോഴും സ്വന്തം സമുദായത്തിൻ്റെ ഉന്നമനം മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
തദ്ദേശീയർക്ക് സർക്കാർ ഉദ്യോഗം നൽകണം എന്ന് അഭ്യർത്ഥിച്ചു സമർപ്പിക്കപ്പെട്ട 1891ലെ മലയാളി മെമ്മോറിയലിന്റെ ഒരു ശില്പി ഡോക്ടർ പൽപ്പുവായിരുന്നു.
പക്ഷേ നിവേദനത്തിന്റെ ഗുണഫലമായി ഉദ്യോഗം ലഭിച്ചത് പ്രധാനമായും നായന്മാർക്ക് മാത്രമായിരുന്നു.
1891ലെ സെൻസസ് കണക്കുകൾവെച്ച് ഈഴവസമുദായം അനുഭവിക്കുന്ന അവഗണനകൾ 1895ൽ സമർപ്പിച്ച ഈഴവ മെമ്മോറിയലിലൂടെ അദ്ദേഹം പുറത്തുകൊണ്ടുവന്നു.
ഒരു ആത്മീയ ആചാര്യനെ മുൻനിർത്തിയല്ലാതെ സമുദായപരിഷ്കരണം സാധ്യമല്ല എന്ന് പൽപ്പുവിനെ ഉപദേശിച്ചത് സ്വാമി വിവേകാനന്ദനാണ്. അങ്ങനെയാണ് 1903ൽ ശ്രീനാരായണഗുരു സ്ഥാപക പ്രസിഡന്റ് ആയി ഡോക്ടർ പൽപ്പു എസ് എൻ ഡി പി യോഗം സ്ഥാപിച്ചത്.
ഇന്ന് ഈഴവസമുദായം കൈവരിച്ചിട്ടുള്ള നേട്ടങ്ങൾക്ക് ഒരു വലിയ തോതിൽ ഡോക്ടർ പൽപ്പുവിനോട് കടപ്പെട്ടിരിക്കുന്നു.
ശ്രീനാരായണ ഗുരുകുലത്തിൻ്റെ സ്ഥാപകനായ നടരാജഗുരു ഡോക്ടർ പൽപ്പുവിന്റ മകനാണ്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized