ജപ്പാനും കേരളവും

#ചരിത്രം

ലോക മഹായുദ്ധകാലത്ത് ജപ്പാൻകാരും മലയാളികളും.

രണ്ടാം ലോകമഹായുദ്ധകാലത്ത്, 1944ൽ മലയാളപത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട ഒരു പരസ്യമാണ് ചിത്രം.

ബ്രിട്ടീഷ് ഭരണാധികാരികൾ നൽകിയ ഈ പരസ്യത്തിൻ്റെ പിന്നിൽ ഒരു കഥയുണ്ട്.
നേതാജി സുഭാഷ് ചന്ദ്ര ബോസ് ജപ്പാനിൽ എത്തി ആസാദ് ഹിന്ദ് ഭൗജ് (ഇന്ത്യൻ നാഷണൽ ആർമി – INA) രൂപീകരിച്ച് ജപ്പാനുമായി ചേർന്ന് ബ്രിട്ടന് എതിരെയുള്ള യുദ്ധത്തിൽ പങ്കാളിയായപ്പോൾ സ്വാതന്ത്ര്യകാംക്ഷികളായ നൂറുകണക്കിന് മലയാളികൾ ഐ എൻ എ യിൽ ചേർന്ന് യുദ്ധത്തിൽ പങ്കാളികളാവുകയുണ്ടായി.
വനിതകളുടെ ഝാൻസി റാണി റെജിമെൻ്റിൻ്റെ ക്യാപ്റ്റൻ മലയാളിയായ ഡോക്ടർ ലക്ഷ്മിയായിരുന്നു.
നേതാജി രൂപീകരിച്ച ആസാദ് ഹിന്ദ് ഗവൺമെൻ്റിൻ്റെ വാർത്താവിതരണ മന്ത്രി 1925 മുതൽ സിംഗപ്പൂരിൽ വക്കീലായി ജോലി ചെയ്തു പോന്ന കെ പി കേശവമേനോൻ ആയിരുന്നു.
ഐ എൻ എയിൽ ചേർന്ന മലയാളികളിൽ ഭൂരിഭാഗവും മലയാ ( ഇന്നത്തെ മലയേഷ്യ), സിംഗപ്പൂർ , ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽ ബ്രിട്ടീഷുകാരുടെ കീഴിൽ ജോലി ചെയ്തിരുന്നവരായിരുന്നു. പ്രശസ്ത നാടകകൃത്ത് എൻ എൻ പിള്ള അങ്ങനെ ഐ എൻ എയിൽ ചേർന്ന ഒരാളാണ്. ജപ്പാനിൽ നിന്ന് അന്തർവാഹിനിയിൽ കേരളതീരത്ത് എത്തിയപ്പോൾ പിടിയിലായി തൂക്കുമരം വരിച്ച ധീര ദേശാഭിമാനിയാണ് വക്കം അബ്ദുൽ ഖാദർ.

കൂടുതൽ മലയാളികൾ ഐ എൻ എ യിൽ ചേർന്ന് ബ്രിട്ടന് എതിരെയുള്ള യുദ്ധത്തിൽ പങ്കാളികളാകുമെന്ന് അധികാരികൾ ഭയപ്പെട്ടു. അതിൻ്റെ ഫലമാണ് ജപ്പാനെതിരെയുള്ള പത്രപരസ്യങ്ങൾ.

യഥാർഥത്തിൽ ക്രൂരതക്ക് കുപ്രസിദ്ധി നേടിയവരാണ് ജപ്പാൻ പട്ടാളക്കാർ.
ജപ്പാൻ്റെ ക്രൂരതകളിൽ പ്രതിഷേധിച്ചു മന്ത്രിസ്ഥാനം രാജിവെച്ച മേനോനെ അവർ തടവിലിട്ടു. അവരുടെ യഥാർഥസ്വഭാവം കേശവമേനോൻ ‘കഴിഞ്ഞ കാലം’ എന്ന ആത്മകഥയിൽ വിവരിക്കുന്നുണ്ട്:

” പട്ടാളക്കാരുടെ ഉപദ്രവം ജനങ്ങൾക്ക് ധാരാളം അനുഭവപ്പെട്ടിരുന്നു…..
അവരുടെ പെരുമാറ്റം മൃഗീയമായിരുന്നു. വീടുകളിൽ കടന്നുചെല്ലുവാനും, ആവശ്യമുള്ള സാധനങ്ങൾ ഏടുത്ത് കൊണ്ടുപോകുവാനും, ആളുകളെ ഉപദ്രവിക്കുവാനും, സ്ത്രീകളെ അപമാനിക്കുവാനും അവർക്ക് യാതൊരു സങ്കോചവുമുണ്ടായിരുന്നില്ല. ………”

– ജോയ് കള്ളിവയലിൽ.

( ഡിജിറ്റൽ ഫോട്ടോ:
gpura.org).

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *