#ഓർമ്മ
കെ ആർ നാരായണൻ.
മുൻ രാഷ്‌ട്രപതി കെ ആർ നാരായണൻ്റെ ജന്മവാർഷിക ദിനമാണ്
ഒക്ടോബർ 27.
തന്റെ തലമുറയിലെ മറ്റു കുടുംബാംഗങ്ങൾ തെങ്ങുകയറിയും പാടത്തു പണിയെടുത്തും കഴിയാൻ വിധിക്കപ്പെട്ടപ്പോൾ പരവ സമുദായത്തിൽപ്പെട്ട ഒരു യുവാവ് വിധിയെ വെല്ലുവിളിക്കാൻ തീരുമാനിച്ചു.
മുണ്ടുമുറുക്കിയുടുത്ത് ഉഴവൂർ നിന്ന് കൂത്താട്ടുകുളത്തിനുമപ്പുറത്ത് വടകര വരെ കിലോമീറ്ററുകൾ നടന്നു പഠിച്ചത് വെറുതെയായില്ല. ക്ലാസിലെ ഒന്നാമനെ കോളേജിൽ പഠിപ്പിക്കാൻ ഒരു അയൽവാസി തയാറായതുകൊണ്ട് കോട്ടയം സി എം എസ് കോളേജിൽ ചേരാൻ പറ്റി. തുടർന്ന് തിരുവനന്തപുരം മഹാരാജാസ് കോളേജിൽ നിന്ന് ബിരുദമെടുത്തശേഷം ഒരു ജോലിക്കായി തിരുവിതാംകൂർ ദിവാൻ സർ സി പി രാമസ്വാമി അയ്യരെ സമീപിച്ചെങ്കിലും ആ തമിഴ് ബ്രാഹ്മണൻ കനിഞ്ഞില്ല.
ജീവിക്കാനായി ബോംബെക്ക് വണ്ടികയറി. പത്രപ്രവർത്തകനായി. റ്റാറ്റയുടെ ഡയറക്ടറായിരുന്ന പിൽക്കാല കേന്ദ്ര ധനകാര്യമന്ത്രി ഡോക്ടർ ജോൺ മത്തായിയുടെ കനിവിൽ ഒരു സ്ക്കോളർഷിപ്പ് സമ്പാദിച്ചു ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിൽ ചേർന്നു. പഠനശേഷം
ഡയറക്ടർ ഹാരോൾഡ് ലാസ്കി നെഹ്‌റുവിന് ഒരു എഴുത്തുമായാണ് സമർത്ഥനായ നാരായണനെ ദില്ലിക്ക് അയച്ചത്.
നെഹ്‌റു വിദേശകാര്യവകുപ്പിൽ നേരിട്ട് ജോലി നൽകി. വിദേശ സർവീസിലെ ഉദ്യോഗസ്ഥർക്ക് വിദേശപൗരന്മാരെ വിവാഹം ചെയ്യാൻ അനുവാദമില്ല. അവിടെയും പ്രധാനമന്ത്രി നെഹ്‌റു സഹായിച്ചു. ബർമ്മക്കാരിയെ ഭാര്യയാക്കാൻ കഴിഞ്ഞു.
മകൾ ചിത്രയും വിദേശകാര്യവകുപ്പിൽ ചേർന്നു.
വിരമിച്ച നാരായണനെ ഇന്ദിരാഗാന്ധി ഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി വൈസ് ചാൻസലറാക്കി. അടുത്ത നിയോഗം അമേരിക്കയിൽ അംബാസഡറായിട്ട്.
ഒറ്റപ്പാലത്തു നിന്ന് പാർലിമെന്റിലേക്കു മത്സരിക്കാൻ നിയോഗിച്ചതും ഇന്ദിരാഗാന്ധിയാണ്.
മുണ്ടും ജുബ്ബയും ധരിച്ചു ശുദ്ധമലയാളത്തിൽ പ്രസംഗിച്ച നാരായണൻ ജയിച്ചു കേന്ദ്രമന്ത്രിയായി.
ഉപരാഷ്ട്രപതി സ്ഥാനം ഒഴിവുവന്നപ്പോൾ രണ്ടു പേരുകളാണ് പരിഗണനക്കു വന്നത്. കെ ആർ നാരായണനും സഹപാഠിയായിരുന്ന ഡോക്ടർ പി സി അലക്സാണ്ടറും. നറുക്ക് വീണത് നാരായണനാണ്. രാഷ്ട്രപതി സ്ഥാനവും അദ്ദേഹത്തെ തേടിവന്നത് സ്വാഭാവികം. മാതൃകപരമായി ആ പരമോന്നതസ്ഥാനം അലങ്കരിച്ചു എന്ന് എല്ലാവരും സമ്മതിക്കും. ഇന്ത്യയുടെ സർവ്വസൈന്യാധിപനും ഭരണഘടനക്ക് കീഴ്പ്പെട്ട ഒരു പൗരൻ മാത്രമാണെന്ന് തെളിയിക്കാനായി ആദ്യമായി വോട്ട് ചെയ്ത പ്രസിഡൻ്റായി നാരായണൻ.
ജീവിതത്തിൽ ഒരിക്കൽപ്പോലും ഒരു ദളിതൻ എന്ന പരിഗണന ആവശ്യപ്പെടാതെ സ്വന്തം കഴിവും പ്രയത്നവും കൊണ്ട് മാത്രം ഉന്നതപദവികൾ പിടിച്ചുവാങ്ങി എന്നതാണ് കെ ആർ നാരായണന്റെ മഹത്വം.
കോട്ടയം ജില്ലയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ്
ആദ്യത്തെ മലയാളിയായ രാഷ്‌ട്രപതിയുടെ സ്മരണ നിലനിർത്തുന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized