#ഓർമ്മ
#കേരളചരിത്രം
പുന്നപ്ര വയലാർ.
തിരുവിതാംകൂറിന്റെയെന്നല്ല ഇന്ത്യയുടെ തന്നെ ചരിത്രത്തിലെ ഏറ്റവും രക്തപങ്കിലമായ ഒരു ദിവസമാണ് 1946 ഒക്ടോബർ 27.
അന്നാണ് വാരിക്കുന്തങ്ങളുമായി തങ്ങളെ നേരിട്ട തൊഴിലാളികളെ തിരുവിതാംകൂർ രാജാവിൻ്റെ ദിവാൻ സർ സി പി രാമസ്വാമി അയ്യരുടെ
പട്ടാളം യന്ത്രത്തോക്കുകൾ ഉപയോഗിച്ചു അരിഞ്ഞുവീഴ്ത്തിയത്. വയലാറിൽ അന്നുമാത്രം 490ഓളം ആളുകൾ മരിച്ചുവീണു. തുടർന്നുള്ള ഏതാനും ദിവസങ്ങളിൽ പുന്നപ്രയുൾപ്പടെ അമ്പലപ്പുഴ, ചേർത്തല താലൂക്കുകളിലെ വിവിധ പ്രദേശങ്ങളിൽ നടന്ന സംഘർഷങ്ങളിൽ കുറഞ്ഞത് 1000 പേരെങ്കിലും വെടിവെപ്പിൽ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരെ കൂട്ടിയിട്ടു പെട്രോൾ ഒഴിച്ച് കത്തിച്ച സ്ഥലം ഇന്ന് വലിയ ചുടുകാട് എന്ന രക്തസാക്ഷി മണ്ഡപമാണ്.
രണ്ടാം ലോകമഹായുദ്ധത്തെ
ത്തുടർന്ന് കൊടുംപട്ടിണിയിലായ തൊഴിലാളികൾ അഖില തിരുവിതാംകൂർ ട്രേഡ് യൂണിയൻ കോണ്ഗ്രസ്സിന്റെ നേതൃത്വത്തിൽ ഒക്ടോബർ 22 മുതൽ പണിമുടക്കിന് ആഹ്വാനം ചെയ്തത് മുതലാണ് ദുഖകരമായ സംഭവങ്ങളുടെ തുടക്കം. ടി വി തോമസ് ആയിരുന്നു യൂണിയൻ പ്രസിഡന്റ്.
പണിമുടക്ക് അടിച്ചമർത്താൻ ശ്രമിക്കുന്നവരെ കായികമായി നേരിടാൻ വാരിക്കുന്തങ്ങളും മറ്റും ഉണ്ടാക്കാനും ഉപയോഗിക്കാനുമുള്ള പരിശീലനവും തുടങ്ങി.
സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമായി കണ്ട ദിവാൻ സർ സി പി, ലെഫ്ട്നെന്റ് ജനറൽ പദവിയിൽ പട്ടാളത്തിന്റെ ഭരണം സ്വയം ഏറ്റെടുത്താണ് തൊഴിലാളികളുമായി ഏറ്റുമുട്ടിയത്.
യുക്തിക്ക് നിരക്കാത്ത സമരരീതി അംഗീകരിച്ചതിൽ
ഈ എം എസ്,
പി കൃഷ്ണപിള്ള, കെ സി ജോർജ് എന്നീ കേന്ദ്ര നേതൃത്വത്തിനുള്ള അറിവും പങ്കും ഇന്നും വെളിവായിട്ടില്ല.
പുന്നപ്ര വയലാറിന്റെ ദുരന്തകഥാപാത്രമാണ് കെ വി പത്രോസ്. വോളന്റിയർ കാപ്റ്റൻ ആയിരുന്ന ‘കുന്തക്കാരൻ പത്രോസിൻ്റെ’ തലയിൽ ഏല്ലാ ഉത്തരവാദിത്തവും കെട്ടിയേൽപ്പിക്കപ്പെട്ടു.
പിന്നീട് പാർട്ടിയിൽ അവഗണിക്കപ്പെട്ടു നിസ്വനായി ജീവിതം പിന്നിട്ട കഥ കുന്തക്കാരനും ബലിയാടും എന്ന പുസ്തകത്തിൽ ജി യദുകുലകുമാർ കുറിച്ചിട്ടുണ്ട്.
കെ സി ജോർജ് എഴുതിയ പുന്നപ്ര വയലാർ എന്ന പുസ്തകം നേതാക്കന്മാരുടെ പങ്ക് വിശദമാക്കാതെ വെറും സംഭവവിവരണം മാത്രമായി ഒതുങ്ങി.
വിവിധ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് പുന്നപ്ര വയലാർ സ്മാരകം ഇന്ന് പുണ്യഭൂമിയാണ്.
രക്തസാക്ഷികൾ ആയവർക്കുള്ള
ഏറ്റവും മികച്ച
സ്മാരകം പി ഭാസ്കരൻ എഴുതിയ കവിതയാണ്.
– ജോയ് കള്ളിവയലിൽ.



