അക്കമ്മ ചെറിയാൻ

#ഓർമ്മ
#കേരളചരിത്രം

അക്കമ്മ ചെറിയാൻ.

തിരുവിതാംകൂറിൻ്റെ ഝാൻസി റാണി എന്നറിയപ്പെട്ടിരുന്ന ധീരയായ സ്വതന്ത്ര്യസമര സേനാനിയാണ് അക്കമ്മ ചെറിയാൻ (1909-1982) .

തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് സമരത്തിലെ വീരനായികയാണ് 12ആമത്തെ ഈ പ്രസിഡൻ്റ്. കാഞ്ഞിരപ്പള്ളി സെൻറ് മേരീസ് സ്കൂളിൻ്റെ പ്രധാന അധ്യാപിക സ്ഥാനം ഇട്ടെറിഞ്ഞിട്ടാണ് അക്കാമ്മ സ്റ്റേറ്റ് കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക് എടുത്തു ചാടിയത്.

കാഞ്ഞിരപ്പള്ളിയിലെ പ്രശസ്തമായ കരിപ്പാപ്പറമ്പിൽ കുടുംബം അക്കമ്മ, സഹോദരി റോസമ്മ, കെ ജെ തോമസ് തുടങ്ങി നിരവധി സ്വാതന്ത്ര്യസമര സേനാനികളെ നാടിന് സംഭാവന ചെയ്തവരാണ് . മൂന്നുപേരും പിന്നീട് എം എൽ എമാരായി.

1938 ഒക്ടോബർ 23ന് ( 1114 തുലാം 7) മഹാരാജാവിൻ്റെ ജന്മദിവസം കൊട്ടാരത്തിലേക്ക് നടത്തിയ ബഹുജനമാർച്ച് നയിച്ച അക്കമ്മ , പട്ടാളം വെടിവെക്കും എന്ന് ഭീഷണിപ്പെടുത്തിയപ്പോൾ മുന്നിൽ നിന്ന് വിരിമാറു കാട്ടിയാണ് ഇതിഹാസനായികയായി മാറിയത്.
1933ൽ കാഞ്ഞിരപ്പള്ളി സെൻ്റ് മേരീസ് ഹൈ്സ്കൂളിൻ്റെ ഹെഡ്മിസ്ട്രസായ അക്കമ്മ എന്ന സാരിയും ചെരിപ്പും ധരിച്ച ബി എ ക്കാരി യുവതി അക്കാലത്ത് യാഥാസ്ഥികരുടെ എതിർപ്പു വിളിച്ചുവരുത്തിയത് സ്വാഭാവികം.

സ്വാതന്ത്ര്യസമരാനന്തര ചരിത്രത്തിലെ ഒരു ദുഃഖകഥാപാത്രമാണ് അക്കാമ്മ. പ്രക്ഷോഭത്തിൽ മുഴുകിയ അക്കാമ്മ വിവാഹം ചെയ്തതുപോലും 1952ൽ മാത്രമാണ് – സഹപ്രവർത്തകൻ വി വി വർക്കിയെ. കോൺഗ്രസ് അധികാരത്തിൽ എത്തിയതോടെ അക്കമ്മയെ തഴഞ്ഞു.
പി ടി ചാക്കോ എം പി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുപോയ ഒഴിവിൽ അക്കമ്മക്ക് പകരം പാലാ സെൻട്രൽ ബാങ്കിൻ്റെ ഉടമകളിൽ ഒരാളായ ജോർജ് തോമസ് കൊട്ടുകാപ്പള്ളിയാണ് സ്ഥാനാർഥിയായത്.
സ്വതന്ത്രയായി മത്സരിക്കാൻ നിർബന്ധിതയായ അക്കമ്മ തോൽക്കുകയും ചെയ്തു.
1964ൽ കോൺഗ്രസ് പിളർത്തി കേരളാ കോൺഗ്രസ് ഉണ്ടാക്കിയപ്പോൾ കോട്ടയം ജില്ലയിലെ ഭൂരിഭാഗം പ്രവർത്തകരും പുതിയ പാർട്ടിയുടെ അനുഭാവികളായി മാറി. 1965ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഭയപ്പെട്ട നേതാക്കൾ വീണ്ടും അക്കമ്മയെ സ്ഥാനാർഥിയാക്കി. തോറ്റ അക്കമ്മക്ക് കുറെ കടം മാത്രമായിരുന്നു ബാക്കി.
തിരുവനന്തപുരത്ത് തലയുയർത്തി നിൽക്കുന്ന പ്രതിമ ഈ ധീരവനിതയുടെ ഓർമ്മ നിലനിർത്തുന്നു. 2021ൽ കമ്പി തപാൽ വകുപ്പ് ഒരു പ്രത്യേക സമാരക കവർ പുറത്തിറക്കി അക്കമ്മയെ ആദരിക്കുകയുണ്ടായി.

കരിപ്പാപറമ്പിൽ കുടുംബവുമായുള്ള കെട്ടുപിണഞ്ഞ ബന്ധങ്ങൾക്ക് പുറമെ അവരുടെ ഏക മകൻ പ്രമുഖ ശാസ്ത്രഞനായ ജോർജ് വർക്കി, കാഞ്ഞിരപ്പള്ളി സ്കൂളിൽ എൻ്റെ സഹോദരൻ ഡോക്റ്റർ റോയിയുടെ സഹപാഠിയും എൻ്റെ സുഹൃത്തുമാണ് എന്നത് വ്യക്തിപരമായി അഹ്ലാദം നൽകുന്ന കാര്യമാണ്.
– ജോയ് കള്ളിവയലിൽ.

അടിക്കുറിപ്പ്:
1938ൽ ജെയിലിൽ നിന്ന് മോചിതയായ അക്കമ്മക്ക് കാഞ്ഞിരപ്പള്ളി കുരിശിങ്കൽ കവലയിൽ നൽകിയ സ്വീകരണത്തിൻ്റെ ഫോട്ടോ, പഴയ കാഞ്ഞിരപ്പള്ളിയുടെ ഒരു ചിത്രം പുതിയ തലമുറക്ക് നൽകുന്നു.
– ജെ എ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *