കേണൽ ഗോദവർമ്മ രാജ

#ഓർമ്മ

കേണൽ ഗോദവർമ്മരാജ.

കേരളത്തിലെ കായിക രംഗത്തിൻ്റെ വളർത്തുപിതാവ് കേണൽ ഗോദവർമ്മ രാജായുടെ
(1908- 1971) ജന്മവാർഷികദിനമാണ്
ഒക്ടോബർ 13.

പൂഞ്ഞാർ കാഞ്ഞിരമറ്റം കോവിലകത്തെ അമ്പാലിക തമ്പുരാട്ടിയുടെ മകൻ ഡോക്ട്ടറാകാനാണ് പഠിച്ചത്.
തിരുവിതാംകൂർ മഹാരാജാവിൻ്റെ സഹോദരി കാർത്തിക തിരുനാളുമായുള്ള വിവാഹം നിശ്ചയിച്ചതോടെ പഠനമുപേക്ഷിച്ച് തിരുവനന്തപുരത്ത് താമസമാക്കേണ്ടി വന്നു.
നായർ റെജിമെൻ്റിൻ്റെ ലെഫ്റ്റൻ്റ് കേണൽ എന്നതായിരുന്നു ഔദ്യോഗിക പദവി. പക്ഷേ സ്പോർട്സായിരുന്നു കേണൽ തിരുമേനി എന്ന് എല്ലാവരും ആദരപൂർവ്വം വിളിച്ചിരുന്ന യുവാവിൻ്റെ ഹരം.
മരുമക്കത്തായം പിന്തുടരുന്ന രാജകുടുമ്പത്തിൽ ശ്രീചിത്തിര തിരുനാൾ മഹാരാജാവിൻ്റെ സഹോദരിമാരിൽ മൂത്തവളായ കാർത്തിക തിരുനാളിൻ്റെ മകൻ അടുത്ത രാജാവാകേണ്ടയാളാണ്.
പക്ഷേ മകൻ അവിട്ടം തിരുനാൾ 6 വയസ്സിൽ മരിച്ചു. പിന്നീട് ജനിച്ച രാമവർമ്മക്ക് അവസരം വരുന്നതിനു മുൻപേ 1947ൽ രാജഭരണം അവസാനിക്കുകയും ചെയ്തു.
ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനത്ത് സ്പോർട്സ് കൗൺസിൽ ഉണ്ടാക്കിയത് ഗോദവർമ്മയാണ്. 1934മുതൽ 1971വരെ അദ്ദേഹംതന്നെയായിരുന്നു കേരളാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ്.
1938ൽ ട്രിവാൻഡ്രം ടെന്നീസ് ക്ലബ് നിർമ്മിച്ച ജി വി രാജ മരണം വരെ പ്രസിഡൻ്റായി തുടർന്നു . കേരള ക്രിക്കറ്റ് അസോസിയേഷൻ ( 1956- 71), കേരള അക്വാട്ടിക്ക് അസോസിയേഷൻ (1956-71), ഫ്ലയിങ് ക്ലബ് ( 1959-71), തുടങ്ങിയവയുടെ സ്ഥാപക പ്രസിഡൻ്റും ജി വി രാജയാണ്. അഖിലേന്ത്യാതലത്തിലും കായിക രഗത്ത് പല ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളും അദ്ദേഹം വഹിച്ചു. ദിവാൻ
സർ സി പി യുമായി കടുത്ത അഭിപ്രായവ്യത്യാസം ഉണ്ടായിരുന്ന ഗോദവർമ്മരാജ ഭരണത്തിൽ നിന്ന് മാറ്റിനിർത്തപ്പെട്ടത് കായികരംഗത്തിൻ്റെ ഭാഗ്യമായി മാറി.
നിർഭാഗ്യവശാൽ 1971ൽ കുളു താഴ്‌വരയിൽ നടന്ന ഒരു വിമാനാപകടത്തിൽ ഈ കായികസ്നേഹി അന്ത്യശ്വാസം വലിച്ചു.
വിവിധ കായികസ്ഥാപനങ്ങൾക്ക് പുറമെ തിരുവനന്തപുരത്തെ ജി വി രാജ സ്റ്റേഡിയം ഈ മഹാൻ്റെ സ്മരണ നിലനിർത്തുന്നു.
– ജോയ് കള്ളിവയലിൽ.

അടിക്കുറിപ്പ്:
എൻ്റെ കള്ളിവയലിൽ കുടുംബവുമായി പൂഞ്ഞാറിൽ ജനിച്ചു വളർന്ന കേണൽ തിരുമേനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയ ബന്ധു നെബു പൊട്ടംകുളത്തിന് നന്ദി.
കായിക രംഗത്തെ അദ്ദേഹത്തിൻ്റെ പ്രസ്ഥാനങ്ങൾക്ക് പിന്തുണ നൽകിയതിന് നന്ദി പറയാൻ മുണ്ടക്കയം സന്ദർശിച്ച അവസരത്തിൽ
മുണ്ടക്കയം ക്ലബിൽ നൽകിയ സ്വീകരണത്തിൻ്റെ ഫോട്ടോയിൽ ജോസ് കള്ളിവയലിൽ, ചാക്കോ എ കള്ളിവയലിൽ, മൈക്കിൾ എ കള്ളിവയലിൽ, കെ വി തോമസ് പൊട്ടംകുളം
തുടങ്ങിയവരെ കാണാം.
– ജെ എ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *