#ഓർമ്മ
എൻ വി കൃഷ്ണവാര്യർ.
ഒക്ടോബർ 12 എൻ വി കൃഷ്ണവാര്യരുടെ (1916-1989) ചരമവാർഷികദിനമാണ്.
ആധുനികയുഗത്തിലെ, മലയാളത്തിലെ ഏറ്റവും മഹാനായ ബഹുമുഖപ്രതിഭ എന്ന് എൻ വിയെ നിസ്സംശയം വിശേഷിപ്പിക്കാം.
സ്വാതന്ത്ര്യസമരസേനാനി, അധ്യാപകൻ, പത്രപ്രവർത്തകൻ, കവി, നിരൂപകൻ, പത്രാധിപർ, ഭാഷാപരിഷ്‌കർത്താവ്, വിജ്ഞാനകോശം എഡിറ്റർ, ബഹുഭാഷാ പണ്ഡിതൻ, എന്നിങ്ങനെ പറഞ്ഞാൽ തീരാത്ത രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച വേറൊരാളില്ല.
അധ്യാപകജോലി ഉപേക്ഷിച്ച് സ്വാതന്ത്ര്യസമരത്തിന് ഇറങ്ങിയ എൻ വി പിന്നീട് കോളേജ് അധ്യാപകനായി.
18 ഭാഷകളിൽ അവഗാഹമുണ്ടായിരുന്ന എൻ വി, മലയാളം, ഇംഗ്ലീഷ്, സംസ്‌കൃതം എന്നീ ഭാഷകളിൽ നിരന്തരം എഴുതി.
50 കൊല്ലംമുൻപ് എഴുതിയ ഗാന്ധിയും ഗോഡ്സെയും എന്ന കവിത ഇന്ന് ഏതാണ്ട് യാഥാർഥ്യമാവുമ്പോൾ കവി എത്ര ക്രാന്തദർശിയായിരുന്നു എന്ന് ചിന്തിച്ച്പോകും.
മാതൃഭൂമി, കുങ്കുമം വാരികകളുടെ പത്രാധിപർ എന്ന നിലയിൽ അദ്ദേഹം കൈപിടിച്ചുയർത്തിയവരാണ് മലയാളത്തിലെ മിക്ക പ്രമുഖ സാഹിത്യകാരന്മാരും.
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എന്ന നിലയിൽ ലിപിപരിഷ്ക്കരണം നടത്തിയ എൻ വിയാണ് മലയാളഭാഷയെ കമ്പ്യൂട്ടർ യുഗത്തിലേക്ക് ആനയിച്ചത്.
കേരള പത്രപ്രവർത്തക യൂണിയന്റെ പ്രഥമ പ്രസിഡന്റ് എൻ വി ആയിരുന്നു.
ആധുനിക കവിതയിലെ ശക്തമായ സാന്നിധ്യമായിരുന്നു എൻ വി.
എൻ വി എന്ന ഏകാംഗ സർവവിജ്ഞാനകോശം
പരത്തിയ പ്രകാശരശ്മികൾ ഇന്നും മലയാളഭാഷയെയും സാഹിത്യത്തെയും പ്രഭാപൂരിതമായി നിലനിർത്തുന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized