റോക്കോസ് ശീശ്മ

#കേരളചരിത്രം
#religion

റോക്കോസ് ശീശ്മ.

കേരളത്തിലെ മാർതോമാ ക്രിസ്ത്യാനി സമൂഹത്തെ നെടുകെ പിളർത്തിയ സംഭവമാണ് ചരിത്രപ്രസിദ്ധമായ ഉദയംപേരൂർ സൂനഹദോസ്.
ഉദയംപേരൂർ സൂനഹദോസിന് ശേഷമുണ്ടായ കൂനൻകുരിശ് സത്യത്തിനു ശേഷം ഒരു പ്രബലവിഭാഗം റോമാ മാർപ്പാപ്പയുമായി ബന്ധം അവസാനിപ്പിച്ചു .
വിദേശി മെത്രാന്മാരുടെ കീഴിൽ കഴിഞ്ഞിരുന്ന പക്ഷത്തിൻ്റെ ഏറ്റവും വലിയ ആവശ്യമായിരുന്നു തദ്ദേശീയരായ മെത്രാന്മാർ തങ്ങളെ ഭരിക്കുക എന്നത്. അതിനായി റോമായാത്ര നടത്തിയ കരിയാറ്റി മല്പ്പാൻ, പാറേമ്മക്കൽ കത്തനാർ, എന്നിവരുടെ ശ്രമം കരിയാറ്റി മെത്രാൻ്റെ അപ്രതീക്ഷമരണത്തോടെ പരാജയപ്പെട്ടു.
കൂനിൻമേൽ കുരു എന്നപോലെ 1838 ഏപ്രിൽ 24ന് സുറിയാനി കത്തോലിക്കരുടെ നിയന്ത്രണമുണ്ടായിരുന്ന കൊടുങ്ങല്ലൂർ രൂപതയെ ലത്തീൻകാരുടെ വരാപ്പുഴ രൂപതയിൽ ലയിപ്പിക്കുകയും ചെയ്തു. വിദേശിയായ മെത്രാൻ ബച്ചിനെല്ലി, സുറിയാനിക്രിസ്ത്യാനി വൈദികരെ മൽപ്പാൻമാർ പരിശീലിപ്പിച്ചുവന്ന 20 പഠനകേന്ദ്രങ്ങൾ അടച്ചുപൂട്ടി . അവിടെ പഠിച്ച വൈദികവിദ്യാർഥികളെ പുരോഹിതരായി അഭിഷേകം ചെയ്യാൻ വിസമ്മതിച്ചു .
വ്രണിതഹൃദയനായ കുടക്കച്ചിറ അന്തോണി മൽപ്പാൻ, തൊണ്ടനാട്ട് അന്തോണി കത്തനാരെയും വൈദിക വിദ്യാർഥികളെയും കൂട്ടി ബാഗ്ദാദിൽ ബാബിലോൺ കത്തോലിക്കാ പത്രീയർക്കീസിനെ കാണാനായി പുറപ്പെട്ടു. അവിടെവെച്ച് കുടക്കച്ചിറ മൽപ്പാനും കുറെ വൈദികവിദ്യാർഥികളും രോഗംമൂലം മരണമടഞ്ഞു.
അവശേഷിച്ചവരുടെ നിർബന്ധത്തിനു വഴങ്ങി പാത്രിയർക്കീസ് യോസേഫ് അവ്ദേദ് ആറാമൻ, തോമസ് റോക്കോസ് എന്ന ഒരു വൈദികനെ മെത്രാനായി അഭിഷേകംചെയ്തു കേരളക്കരയിലേക്ക് അയച്ചു. റോക്കോസും സംഘവും 1861 മേയ് 6ന് കൊച്ചി തുറമുഖത്ത് എത്തി.
മാർപാപ്പയുടെ അംഗീകാരം ഉണ്ടെന്ന് തെറ്റിധരിപ്പിച്ച് സുറിയാനി കത്തോലിക്കാസഭയിൽ അന്നുണ്ടായിരുന്ന 184 പള്ളികളിൽ 116 എണ്ണവും റോക്കോസ് തൻ്റെ കീഴിൽ കൊണ്ടുവന്നു.
അപകടം തിരിച്ചറിഞ്ഞ ബച്ചിലെന്നി മെത്രാൻ മാർപാപ്പയിൽനിന്ന് റോക്കോസിന് തൻ്റെ അംഗീകാരം ഇല്ല എന്ന കത്തു സമ്പാദിച്ചു.
വിട്ടുമാറിയ പള്ളികളെ തിരിയെയെത്തിക്കാനുള്ള ചുമതല ഏൽപ്പിച്ചത് ഉജ്വലപ്രാസംഗികനായ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെയാണ്. സുറിയാനിക്കാരുടെ വികാരി ജനറലായി ചാവറ നിയമിതനായി.
പീയൂസ് ഒൻപതാമൻ മാർപാപ്പയുടെ കത്തുമായി നാടുനീളെ സഞ്ചരിച്ചു പ്രസംഗിച്ച ചാവറയുടെ ശ്രമം വിജയിച്ചു. ഒട്ടുമിക്ക പള്ളികളും തിരിയെയെത്തി. ബാഗ്ദാദിലേക്ക് തിരിയെപോകാനുള്ള ഉത്തരവ് അനുസരിക്കാൻ റോക്കോസ് തയാറായില്ല. റോക്കോസിനെ സഭയിൽനിന്ന് പുറത്താക്കി. രോഗബാധിതനായ റോക്കോസ് അവസാനം ക്ഷമാപണം നടത്തി കത്തോലിക്കാസഭയിൽ തിരിച്ചെത്തി.
1863 ഏപ്രിൽ 21ന് ബാബിലോണിലേക്ക് മടങ്ങുകയും ചെയ്തു.
റോക്കോസ് ശീശ്മ കൊണ്ടുണ്ടായ ഒരു ഗുണം ചാവറയച്ചൻ സ്ഥാപിച്ച മാന്നാനം ആശ്രമത്തിൻ്റെ മാതൃകയിൽ എൽത്തുരുത്തിൽ,
അതുവരെ അനുമതി നിഷേധിച്ചിരുന്ന വരാപ്പുഴ മെത്രാൻ, കൊവേന്ത സ്ഥാപിക്കാൻ അനുവാദം നൽകി എന്നതാണ്.
എൽത്തുരുത്ത് ആശ്രമസ്ഥാപനത്തിൻ്റെ രജതജൂബിലി (1908) സ്മരണികയിൽ റോക്കോസ് സൃഷ്ടിച്ച പ്രതിസന്ധിയുടെ വിവരണം ഉണ്ട്.
– ജോയ് കള്ളിവയലിൽ.

( ഡിജിറ്റൽ ഫോട്ടോ: gpura.org)

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *