#ഓർമ്മ
#films
നെടുമുടി വേണു.
നെടുമുടി വേണുവിൻ്റെ (1949-2021) ചരമവാർഷികദിനമാണ്
ഒക്ടോബർ 11.
മലയാള സിനിമയിലെ സ്വഭാവനടന്മാരിൽ ഒന്നാം നിരക്കാരനായിരുന്നു വേണു.
അരവിന്ദൻ സംവിധാനം ചെയ്ത കാവാലത്തിൻ്റെ അവനവൻ കടമ്പ എന്ന നാടകം 1970കളിൽ കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൻ്റെ മൈതാനത്ത് അരങ്ങേറിയപ്പോഴാണ് ആദ്യമായി കാണുന്നത്. ചെണ്ട കൊട്ടുന്ന വേണുവിൻ്റെ അതുല്യമായ താളബോധം കാണികളെ അൽഭുതപ്പെടുത്തി.
പിന്നീട് തിരുവനന്തപുരത്തു
വെച്ച് കാണുമ്പോൾ കലാകൗമുദിയുടെ റിപ്പോർട്ടറാണ്. അരവിന്ദൻ്റെ വീട്ടിലും സ്വന്തം വീട്ടിലും താളംകൊട്ടി പാടുന്ന വേണുവാണ് ഓർമ്മയിൽ. തമ്പ് എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ചു. പക്ഷേ പദ്മരാജൻ്റെ കഥ, ഭരതൻ സിനിമയാക്കിയ, തകരയിലെ ചെല്ലപ്പൻ ആചാരി അനശ്വര കഥാപാത്രമായി മാറിയതോടെ വേണു തിരക്കുള്ള സിനിമാനടനായി മാറി.
എത്രയെത്ര കഥാപാത്രങ്ങൾ . ഹിസ് ഹൈനസ് അബ്ദുള്ളയിലെ തമ്പുരാനെയും ഒരു മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടത്തിലെ വൃദ്ധ അധ്യാപകനെയും ആർക്കാണ് മറക്കാൻ കഴിയുക?
അരവിന്ദൻ, ഭരതൻ, കാവാലം, ഗോപി, നെടുമുടി വേണു സംഘം ഒരു കാലഘട്ടത്തിൻ്റെ ഓർമ്മയായി മലയാളികളുടെ മനസിൽ കുടികൊള്ളുന്നു.
– ജോയ് കള്ളിവയലിൽ.
