മലങ്കര സഭ

#കേരളചരിത്രം
#religion

മലങ്കര സഭ – മർദീൻ യാത്രയുടെ 100 വർഷങ്ങൾ.

കേരളത്തിൽ ഇന്ന് രണ്ടായി പിരിഞ്ഞ ഓർത്തോഡോക്സ് യാക്കോബായ സഭകൾ, മലങ്കരസഭ എന്ന പേരിൽ ചരിത്ര പ്രസിദ്ധമായ ഉദയംപേരൂർ സൂനഹദോസ് കഴിഞ്ഞുള്ള പിളർപ്പിന് ശേഷം നൂറ്റാണ്ടുകൾ
ഒന്നായി കഴിഞ്ഞ വിശ്വാസ സമൂഹമാണ്.
1877ൽ തിരുവിതാംകൂർ സർക്കാര് പുലിക്കോട്ടിൽ ജോസഫ് മാർ ദിവാന്നാസിയോസിനെ മലങ്കര സഭയുടെ മെത്രാനായി അംഗീകരിച്ചത് മുതലാണ് മലങ്കര മെത്രാപ്പോലീത്താ എന്ന പദവി നിലവിൽ വന്നത് എന്നു് പറയാം.
അതുമുതൽ അന്ത്യോക്യ പത്രിയർക്കീസും ( ബാവ)മലങ്കര മെത്രാനും ( മെത്രാൻ) തമ്മിൽ അധികാരത്തർക്കങ്ങളും തുടങ്ങി.
1875 ൽ അന്ത്യോക്യ പാത്രിയർക്കീസ് പത്രോസ് തൃതീയൻ ബാവ കേരളത്തിൽ വന്ന് മുളന്തുരുത്തിയിൽ വിളിച്ചുകൂട്ടിയ സൂനഹദോസ്, സഭയെ 7 ഭദ്രാസനങ്ങളായി വിഭജിച്ച് അവയ്ക്ക് 7 മെത്രാൻമാരെയും നിയമിച്ചു. ഈ തീരുമാനം മലങ്കര മെത്രാപ്പോലീത്തായുടെ അധികാരം കുറയ്ക്കുന്നതിനാണ് എന്ന് എതിർഭാഗം കരുതി.

വട്ടിപ്പണ കേസ് .

മലങ്കര സഭ 1868ൽ ബ്രിട്ടീഷ് റസിഡൻ്റ് കേണൽ മക്കാളെ വഴി 3000 പൂവരാഹൻ തിരുവിതാംകൂർ ട്രഷറിയിൽ നിക്ഷേപം നടത്തിയിരുന്നു. പലിശ എല്ലാവർഷവും മലങ്കര മെത്രാപ്പോലീത്താക്ക് നൽകണം എന്നായിരുന്നു വ്യവസ്ഥ. 1877 വരെ കുഴപ്പമില്ലാതെ അപ്രകാരം നടന്നുവന്നു. വട്ടിപ്പണത്തിൻ്റെ
പലിശ ലഭിക്കുന്നയാളാണ് യഥാർഥ
മലങ്കര മെത്രാപ്പോലീത്താ എന്ന സ്ഥിതി വന്നു.
അത് ആരാണ് എന്ന് തർക്കം വന്നപ്പോൾ ആരാണ് പലിശ ( വട്ടിപ്പണം ) മേടിക്കാൻ അർഹൻ എന്നു തീരുമാനിക്കുന്നതിനു നൽകിയ കേസാണ് വട്ടിപ്പണ കേസ്.

കേസിൽ 1889ൽ തിരുവിതാംകൂർ റോയൽ കോടതി വിധിപറഞ്ഞത് പാത്രിയർക്കീസ് കക്ഷിക്ക് അനുകൂലമായിട്ടായിരുന്നു. പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് മലങ്കര മെത്രാപ്പോലീത്തയായി അംഗീകരിക്കപ്പെട്ടു. തുടർന്ന്
ഭിന്നത രൂക്ഷമാക്കുന്ന പല നടപടികളും ഇരുവശത്തു നിന്നുമുണ്ടായി. അവസാനം 1911 മെയ് 31ന് പാത്രിയർക്കീസ്, വട്ടശ്ശേരിൽ മാർ ദിവന്നാസിയോസ് മെത്രാനെ സഭയിൽനിന്ന് പുറത്താക്കി. അത് അംഗീകരിക്കാതെ ഓർത്തോഡോക്സ് പക്ഷം മുന്നോട്ട് പോയി. വട്ടിപ്പണ കേസിലെ വിധി മെത്രാൻകക്ഷിക്ക് എതിരായതോടെ സമാധാനചർച്ചകൾ നടത്തി ഐക്യം പുനഃസ്ഥാപിക്കണം എന്ന ചിന്ത ഏല്ലാഭാഗത്തും വർധിച്ചുവന്നു.
അങ്ങനെയാണ് വട്ടശ്ശേരിൽ തിരുമേനി ( 1858 – 1934) പാത്രിയർക്കീസ് ബാവയുമായി ചർച്ചകൾ നടത്താനായി ഇറാക്കിലെ മർദീനിലേക്ക് യാത്ര തിരിക്കുന്നത്.
1923 ജൂൺ 23ന് കുണ്ടറയിൽ നിന്ന് ആരംഭിച്ച യാത്ര, 5 മാസങ്ങൾ കഴിഞ്ഞ് നവംബർ 30ന് ഷൊർണൂരിൽ എത്തി. അവിടെ നിന്ന് ട്രെയിനിൽ മദ്രാസ് വഴി ബോംബെയിൽ എത്തി കപ്പലിൽ ബസ്ര വരെ യാത്ര. അവിടെ നിന്നു് ട്രെയിനിൽ ബാഗ്ദാദ് വരെ. പിന്നീട് കാറിൽ മോസോൾ വരെയുള്ള ദുർഘടം പിടിച്ച യാത്ര വാർദ്ധക്യം വകവെക്കാതെ അദ്ദേഹം പൂർത്തീകരിച്ചു.
പാത്രിയർക്കീസുമായി നടത്തിയ
42 ദിവസത്തെ ചർച്ചകൾ അവസാനം ഫലം കണ്ടു . മുടക്ക് പിൻവലിക്കപ്പെട്ടു.
തിരിച്ചെത്തിയശേഷവും പക്ഷേ, പ്രശ്നങ്ങൾ തുടർന്നു. 1911ൽ പാത്രിയർക്കീസ് തന്നെ വാഴിച്ച ഒന്നാം കാതോലിക്കയുടെ മരണശേഷം 12 വർഷമായി ഒഴിഞ്ഞുകിടന്ന കാതോലിക്കേറ്റ് പദവിയിലേക്ക് പാത്രിയർക്കീസിൻ്റെ അനുമതിയില്ലാതെ ഗീവർഗീസ് മാർ പീലെക്സിന്നോസ് വാഴിക്കപ്പെട്ടു.
വട്ടിപ്പണ കേസ് അപ്പീലിൽ തിരുവിതാംകൂർ ഹൈക്കോടതി മെത്രാൻ കക്ഷിക്ക് അനുകൂലമായി വിധിച്ചതോടെ ഓർത്തോഡോക്സ് യാക്കോബായ പിളർപ്പ് പൂർത്തിയായി.
പിന്നീട് ഉണ്ടായ യോജിപ്പിന് ശേഷം 1934 ൽ ഒരു പുതിയ ഭരണഘടന നിലവിൽ വന്നു. പക്ഷെ 1960 കളിൽ കാതോലിക്കാ പക്ഷം മാർ തൊമായുടെ പിൻഗാമികൾ എന്ന നിലയിൽ സ്വതന്ത്ര സഭ എന്ന അവകാശം ഉന്നയിച്ചതോടെ വീണ്ടും പിളർപ്പും കേസുകളും ഉണ്ടായി.
1990 കളിലെ സുപ്രീം കോടതി വിധിയോടെ 1934 ലെ ഭരണഘടന പ്രക്രാമാണ് സഭാഭരണം നടത്തേണ്ടത് എന്ന സ്ഥിതി വന്നു. ഫലത്തിൽ യാക്കോബായ വിഭാഗത്തിന് പ്രത്യേകം സഭ എന്ന അസ്തിത്വം തന്നെ നഷ്ടമാവുന്ന സ്ഥിതി വന്നു.
പക്ഷെ ലക്ഷക്കണക്കിന് വിശ്വാസികൾ ഉള്ള പാത്രിയർക്കീസ് പക്ഷം മലങ്കര യാക്കോബായ സഭ എന്ന പേരിൽ തുടരുന്നു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *