ആറ്റൂർ കൃഷ്ണ പിഷാരടി

#ഓർമ്മ
#literature

ആറ്റൂർ കൃഷ്ണ പിഷാരടി.

ആറ്റൂർ കൃഷ്ണ പിഷാരടിയുടെ (1876-1964) ജന്മവാർഷികദിനമാണ് ഒക്ടോബർ 4.

ഗവേഷകൻ, പ്രസാധകൻ, മലയാള / സംസ്കൃത പണ്ഡിതൻ, കവി, വിവർത്തകൻ, സംഗീതജ്ഞൻ എന്നിങ്ങനെ വിവിധ മേഖലകളിൽ പ്രഗത്ഭനായിരുന്നു ആറ്റൂർ കൃഷ്ണപ്പിഷാരടി.

തൃശ്ശൂർ വടക്കാഞ്ചേരി ആറ്റൂർ പിഷാരത്താണ് ജനനം. പാരമ്പര്യ വിദ്യാഭ്യാസത്തിനു ശേഷം കൊടുങ്ങല്ലൂർ കോവിലകത്ത് ഉപരിപഠനം. തുടർന്ന്‌ പലയിടങ്ങളിലായി അദ്ധ്യാപകനായി. ആലത്തൂർ ഹൈസ്കൂളിൽ ഭാഷാദ്ധ്യാപകനായി ജോലി ചെയ്യുമ്പോഴാണ് തൃശ്ശൂർ ഭാരതവിലാസം പ്രസ്സുടമ മാളിയമ്മാവു കുഞ്ഞുവറീത് ആറ്റൂരിനെ തൃശ്ശൂർക്ക് ക്ഷണിക്കുന്നത്. തൃശ്ശൂരിലെ ഭാരതവിലാസം പ്രസ്സിലെ പ്രസാധകസ്ഥാനത്തിനു പുറമേ സർക്കാർ ഹൈസ്ക്കൂളിൽ ഭാഷാദ്ധ്യാപകനായും ജോലി നോക്കി.
ശ്രീ രാമവർമ്മ അപ്പൻ തമ്പുരാനെ സംസ്കൃതം പഠിപ്പിക്കുന്നതോടൊപ്പം മംഗളോദയം മാസികയുടെ നടത്തിപ്പിൽ കുറൂർ വാസുദേവൻ നമ്പൂതിരിപ്പാടിനെ സഹായിക്കുകയും, മുണ്ടശേരി പത്രാധിപരായ മാസികയിൽ നിരൂപണങ്ങളും മറ്റും എഴുതുകയും ചെയ്തിരുന്നു. ഏ.ആർ. രാജരാജവർമ്മ (കേരളപാണിനി) രചിച്ച “മണിദീപിക” എന്ന സംസ്കൃതവ്യാകരണ ഗ്രന്ഥത്തിന് മംഗളോദയം മാസികയിൽ ആറ്റൂർ എഴുതിയ നിരൂപണം വഴിത്തിരിവായി. അന്ന് തിരുവനന്തപുരം മഹാരാജാസ് കോളേജിൽ ഭാഷാവിഭാഗം പ്രൊഫസറായിരുന്ന എ ആർ തമ്പുരാൻ ഈ നിരൂപണം വായിച്ച് നിരൂപകന്റെ പാണ്ഡിത്യത്തിൽ ആകൃഷ്ടനാവുകയും അദ്ദേഹത്തെ തിരുവനന്തപുരത്തേക്ക് ക്ഷണിക്കുകയും ചെയ്തു. അങ്ങനെ ആറ്റൂരിന്റെ താമസം തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പറിച്ചുനടപ്പെട്ടു. കേരളപാണിനിയുടെ സഹാദ്ധ്യാപകനായിട്ടും പീന്നീട് അദ്ദേഹത്തിന്റെ നിര്യാണശേഷം ഭാഷാ വിഭാഗത്തിന്റെ ചുമതലക്കാരനായും ഏതാണ്ട് 18 കൊല്ലത്തോളം മഹാരാജാസ് കോളേജിൽ ആറ്റൂർ സേവനമനുഷ്ഠിച്ചു. അഞ്ചുകൊല്ലത്തോളം ശ്രീ ചിത്തിരതിരുനാൾ മഹാരാജാവിന്റെ ട്യൂട്ടറായും ജോലിചെയ്തു. പ്രധാന രചനകൾ ഉത്തരരാമചരിതം ഒന്നാം ഭാഗം, ബാലരത്നം, ലഘുരാമായണം, ‘അംബരീഷചരിതം’ കഥകളിയുടെ വ്യാഖ്യാനം, ലീലാതിലകം തർജ്ജുമ, സംസ്കൃത പാഠക്രമം (പാഠപുസ്തകം), ഉണ്ണുനീലിസന്ദേശം വ്യാഖ്യാനം, എന്നിവയാണ്. കൂടാതെ ആറ്റൂർ സ്വന്തമായി നടത്തിയിരുന്ന ‘രസികരത്നം’ എന്ന മാസികയിലൂടെയും പല കൃതികളും പുറത്തു വന്നു.
1934ൽ ഉദ്യോഗത്തിൽനിന്നു വിരമിച്ചശേഷം തിരുവനന്തപുരം വിട്ട് തൃശ്ശൂരിൽ താമസമാക്കി. കേരളചരിത്രം, കേരളചരിതം ഒന്നാം ഭാഗം, ഭാഷാസാഹിത്യചരിതം എന്നീ ചരിത്രപുസ്തകങ്ങൾ, വിദ്യാവിവേകം എന്ന ഉപന്യാസസമാഹാരം, ഭാഷാദർപ്പണം എന്ന അലങ്കാരഗ്രന്ഥം, കേരളശാകുന്തളം എന്ന ശാകുന്തളവിവർത്തനം, ധീരവ്രതം എന്ന നാടകം, കേരളകഥ എന്ന പേരിലുളള കഥാസമാഹാരം, സംഗീതചന്ദ്രിക എന്ന സംഗീതശാസ്ത്ര ഗ്രന്ഥം എന്നിവയാണ് പ്രധാന കൃതികൾ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *