#ഓർമ്മ
#books
ഗാന്ധിയും ഗോഡ്സെയും.
ഗോഡ്സെയുടെ അനുയായികൾ ഇന്ത്യയിൽ അധികാരം പിടിക്കാനുള്ള സാധ്യത മുന്നിൽ കണ്ട ക്രാന്തദർശിയായ എഴുത്തുകാരനാണ് എം ഗോവിന്ദൻ. അവർ ഗാന്ധിജിയുടെ സ്മരണ നശിപ്പിക്കാൻ ശ്രമിക്കും എന്ന് ഗോവിന്ദൻ അന്നേ ഭയന്നിരുന്നു.
നാലു പതിറ്റാണ്ട് മുൻപ് 1986ൽ ഗോവിന്ദൻ എഴുതിയ ഒരു ലേഖനത്തിൽ നിന്ന്:
………. ….”കുറച്ച് കൊല്ലങ്ങൾക്ക് ശേഷം ഗോഡ്സെയുടെ കക്ഷിക്കാർ അധികാരം പിടിച്ചെടുത്തെന്നു വെക്കുക.
ഗോഡ്സെ ഗാന്ധിയെ ഭൗതികമായേ നശിപ്പിച്ചിട്ടുള്ളു.
ഗാന്ധി ചരിത്രത്തിൽ ജീവിക്കുന്നു, അദ്ദേഹത്തിന്റെ ആത്മകഥയിലും ഇതരഗ്രന്ഥങ്ങളിലും മായാതെ, മറയാതെ, മങ്ങാതെ കിടക്കുന്നു. ഈ മഹാത്മാവിനെ എങ്ങിനെയാണ് ഗോഡ്സെ കൊല്ലുക? വർത്തമാനകാലത്തെ നിയന്ത്രിക്കലിലൂടെ ഭൂതകാലത്തെയും നിയന്ത്രിച്ചുകൊണ്ട്.
ഗാന്ധിജിയുടെ പുസ്തകങ്ങളുടെ എല്ലാ പ്രതിയും നശിപ്പിക്കാം, അദ്ദേഹത്തിന്റെ പ്രസ്താവനകളും അദ്ദേഹത്തെക്കുറിച്ചുള്ള മുഖപ്രസംഗങ്ങളും ചിത്രങ്ങളും പ്രസിദ്ധപ്പെടുത്തിയ പത്രങ്ങളെല്ലാം നശിപ്പിക്കാം.
ഇത്രയും കഴിഞ്ഞാൽ പുതിയ രാഷ്ട്രീയത്തിന്റെ പുരോഗമനചരിത്രം എഴുതാൻ വിഷമമില്ല. ഗാന്ധിയില്ലാത്ത ഇന്ത്യാചരിത്രം. ഗാന്ധിയെന്ന മനുഷ്യൻ ഇന്ത്യയിലുണ്ടായിട്ടില്ല എന്നിട്ടുവേണ്ടേ ഗോഡ്സെ ഗാന്ധിയെ കൊന്നു എന്ന് പറയുവാൻ?
ഇന്ത്യൻ ദേശീയസമരം സംഘടിപ്പിച്ചതും നയിച്ചതും മഹാത്മാ ഗോഡ്സെയാണ്….
ഈ ചരിത്രപുസ്തകം മോടിയിൽ അച്ചടിച്ച് എല്ലായിടത്തും സൗജന്യവിലയിൽ വിതരണം ചെയ്യുന്നു. എല്ലായിടത്തും സ്കൂളിലും റെയിൽവേയിലും റേഷൻ കടയിലും.”. …
Posted inUncategorized