പനമ്പിള്ളി ഗോവിന്ദ മേനോൻ

#ഓർമ്മ

പനമ്പിള്ളി ഗോവിന്ദമേനോൻ.

പനമ്പിള്ളിയുടെ (1906-1970) ജന്മവാർഷികദിനമാണ്
ഒക്ടോബർ 1.

കേരളത്തിൻ്റെ രാഷ്ട്രീയചരിത്രത്തിലെ അവിസ്മരണീയമായ പേരാണ് പനമ്പിള്ളി. കഴിവും ബുദ്ധിശക്തിയും ഒത്തിണങ്ങിയ, അനുയായികൾക്കൊപ്പം ശത്രുക്കളെയും ഒരുപോലെ സൃഷ്ടിക്കാൻ കഴിഞ്ഞ വ്യക്തിത്വം.
മദ്രാസ് ലോ കോളേജിൽ നിന്ന് പാസായി ഇരിഞ്ഞാലക്കുടയിലാണ് പ്രാക്ടീസ് ആരംഭിച്ചത്.
തൻ്റേടം അന്നേ പ്രകടമായിരുന്നു. ത്രിശൂരിൽ പഠിക്കുമ്പോൾ അയൽവാസിയായിരുന്ന പെൺകുട്ടിയുടെ പിതാവിന് ഒരു കത്ത് എഴുതി. ‘ആദ്യ മാസം തന്നെ എനിക്ക് 40 രൂപ പ്രതിഫലം കിട്ടി. മകളെ എനിക്ക് വിവാഹം ചെയ്തു തരണം’. കല്യാണം നടന്നു.
1935ൽ കൊച്ചിരാജ്യ പ്രജാമണ്ഡലത്തിൻ്റെ പ്രതിനിധിയായി നിയമസഭയിലെത്തി. 46ൽ മന്ത്രി. 47ൽ കൊച്ചിയിലെ ആദ്യത്തെ പ്രധാനമന്ത്രി. ഭരണഘടനാ നിർമ്മാണസഭയിൽ അംഗമായിരുന്നു.
1949ലും, 52ലും തിരു:ക്കൊച്ചി മന്ത്രിസഭയിൽ മന്ത്രി. 54ൽ പ്രതിപക്ഷ നേതാവ്. 1955ൽ മുഖ്യമന്ത്രി. മന്ത്രിസഭകൾ തട്ടിക്കൂട്ടാനും പൊളിക്കാനുമുള്ള ഈ കൊച്ചിക്കാരൻ്റെ കഴിവിനു മുന്നിൽ തിരുവിതാംകൂറിലെ ഇരുത്തം വന്ന നേതാക്കൾ വരെ തോറ്റുപോയി.
1957ൽ ആദ്യമായി അപ്രതീക്ഷിതമായി തോറ്റപ്പോൾ പ്രതികരണം, ഒരു പഴത്തൊലിയിൽ ചവിട്ടി തെന്നിവീണു എന്നായിരുന്നു.
1962 മുതൽ തുടർച്ചയായി ലോക്സഭയിൽ അംഗം. 1966 മുതൽ മരണം വരെ കേന്ദ്രമന്ത്രി. ബാങ്ക് ദേശസാൽക്കരണ ബിൽ കൊണ്ടുവന്നത് ഈ നിയമമന്ത്രിയാണ്.
പ്രശസ്തനായ അഭിഭാഷകൻ മാത്രമല്ല പരന്ന വായനയിലൂടെ അറിവിൻ്റെ ഭണ്ടാഗാരം കൂടിയായിരുന്നു പനമ്പിള്ളി . കേരളം കണ്ട ഏറ്റവും മികച്ച ഒരു വാഗ്മിയും. ഒരു വിഷയത്തെപ്പറ്റി നൂറുതവണ പ്രസംഗിച്ചാലും അവ വ്യത്യസ്തമായിരിക്കും . അഴീക്കോട് മാഷ് പോലും ഗുരുവായിക്കണ്ട പ്രാസംഗികൻ.
രാഷ്ട്രീയശത്രുക്കളെ കീറിമുറിക്കുമെങ്കിലും വ്യക്തിപരമായി സുഹൃദ്ബന്ധം പുലർത്തിയ മഹാൻ.
ശിഷ്യരിൽ പ്രമുഖനാണ് കെ കരുണാകരൻ.
രാജ്യത്തിന് മഹത്തായ സംഭാവനകൾ ചെയ്യാൻ പ്രാപ്തമായ ഈ മഹനീയവ്യക്തിത്വം ദില്ലിയിൽ വെച്ച് ഹൃദ്രോഗംമൂലം അന്തരിക്കുകയായിരുന്നു.
പനമ്പിള്ളിക്ക് തുല്യൻ പനമ്പിള്ളി മാത്രം.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *